യമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണമെന്ന് മുഖ്യമന്ത്രി

Posted on: April 9, 2015 1:12 pm | Last updated: April 10, 2015 at 12:04 am

yemen-airportതിരുവനന്തപുരം: യമനില്‍ നിന്ന് ഇന്ത്യക്കാരെ വിമാനമാര്‍ഗം ഒഴിപ്പിക്കുന്ന കാലാവധി നീട്ടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയച്ചു. ശനിയാഴ്ച വരെയെങ്കിലും നീട്ടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോഴും സന്‍ആ വിമാനത്താവളത്തിന് സമീപപ്രദേശങ്ങളില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നേരത്തെ അയച്ച വിമാനങ്ങളുടെ സീറ്റിന്റെ ലഭ്യതക്കുറവുകാരണം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നും അവര്‍ക്കുകൂടി വരാനുള്ള സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ രേഖകളുള്ളവരെ പാര്‍സ്‌പോര്‍ട്ടില്ലെങ്കിലും മടക്കി കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കുന്ന വി കെ സിങ്ങിനോട് അഭ്യര്‍ത്ഥിച്ചു. പാകിസ്ഥാന്‍ വഴി വന്ന അഞ്ച് ഇന്ത്യക്കാര്‍ ഇന്ന് കേരളത്തിലെത്തുമെന്നും പാകിസ്ഥാന് നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു.