കല്‍പ്പറ്റ-മേപ്പാടി റോഡ് പൂര്‍ണമായി തകര്‍ന്നു; അപകട സാധ്യത വര്‍ധിച്ചു

Posted on: April 9, 2015 10:11 am | Last updated: April 9, 2015 at 10:12 am

കല്‍പ്പറ്റ: പ്രതിഷേധങ്ങളും പരാതികളും അധികൃതര്‍ പൂര്‍ണമായി അവഗണിച്ചതോടെ കല്‍പ്പറ്റ-മേപ്പാടി റോഡിലൂടെയുള്ള യാത്ര തീരാദുരിതമായി. ആയിരക്കണക്കിനു യാത്രക്കാര്‍ നിത്യേന സഞ്ചരിക്കുന്ന റോഡ് തകര്‍ന്നതോടെ മേപ്പാടി-കല്‍പ്പറ്റ യാത്രക്കാര്‍ ചുണ്ടേല്‍ റോഡിനെ ആശ്രയിക്കുകയാണ്. ഏഴു കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ഒരു വര്‍ഷത്തിലേറെയായി ഈ റോഡ് തകര്‍ന്നിട്ട്. ആംബുലന്‍സുകളും ടൂറിസ്റ്റ് ടാക്‌സികളുമുള്‍പ്പെടെ നിരന്തരം വാഹനങ്ങള്‍ കടന്നുപോവുന്ന റോഡാണിത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്, കല്‍പ്പറ്റയിലെ നിരവധി ആശുപത്രികള്‍ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളെല്ലാം ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. മേപ്പാടി കാപ്പംകൊല്ലി മുതല്‍ കോട്ടവയല്‍ വരെയുള്ള ഭാഗമാണ് ഏറെ തകര്‍ന്നുകിടക്കുന്നത്. പാലവയല്‍, ചുങ്കത്തറവയല്‍ എന്നിവിടങ്ങളില്‍ ടാര്‍ ചെയ്ത റോഡ് നാമമാത്രമാണ്. പൂര്‍ണമായും കുഴികളാണ് ഇവിടെയുള്ളത്. കുഴികള്‍ ഒഴിവാക്കാനുള്ള വാഹനങ്ങളുടെ ശ്രമം മിക്കപ്പോഴും അപകടങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് മറിയുന്നതും പതിവാണ്. മഴ പെയ്തതോടെ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്.