വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Posted on: April 8, 2015 6:13 pm | Last updated: April 9, 2015 at 12:10 am

oommenchandiതിരുവനന്തപുരം: വിവാദങ്ങള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണു യെമനില്‍ നിന്നും 1903 മലയാളികളെ തിരികെയെത്തിക്കാന്‍ സാധിച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും ഇക്കാര്യത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാനം മികച്ച പ്രവര്‍ത്തനം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യെമനിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നില്ക്കുമെന്ന കാരണത്താല്‍ മലയാളി നേഴ്‌സുമാരെ മടക്കി അയക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും വിദൂര ഗ്രാമങ്ങളിലുള്ളവര്‍ക്കു സനയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കിയതു കീഴടങ്ങലല്ലെന്നും മുന്നണിയിലെ പൊതുതത്വം പാലിക്കുക മാത്രമാണു ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണിക്കെതിരെ ജോര്‍ജ് നല്‍കിയ കത്തു കണ്ട് ഞെട്ടിപ്പോയെന്നും ഇക്കാര്യങ്ങളൊന്നും ജോര്‍ജ് മുമ്പ് തന്നോടു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിനെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ താന്‍ ബാധ്യസ്ഥനാണെന്നും അദേഹം പറഞ്ഞു.