വിഷം കലര്‍ന്നവ വാങ്ങാതിരുന്നാല്‍ അന്യ സംസ്ഥാനക്കാര്‍ നല്ല വിളകള്‍ ഉണ്ടാക്കും: കലക്ടര്‍

Posted on: April 8, 2015 12:48 pm | Last updated: April 8, 2015 at 12:48 pm

കോഴിക്കോട്: മലയാളികള്‍ വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിക്കില്ലെന്ന് തീരുമാനിച്ചാല്‍ നല്ല വിളകള്‍ ഉണ്ടാക്കാന്‍ അന്യ സംസ്ഥാനക്കാര്‍ ശ്രമിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും കലക്ടര്‍ എന്‍ പ്രശാന്ത്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജൈവ പച്ചക്കറി വിത്തുകളുടെയും ഗ്രോബാഗിന്റെയും സൗജന്യ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അയക്കുന്നതിനായി മാത്രം പ്രത്യേകം കീടനാശിനികള്‍ ഉപയോഗിച്ചുകൊണ്ട് കൃഷി ചെയ്യുകയാണ്. വിളവെടുപ്പ് കഴിഞ്ഞ ശേഷം പെട്ടന്ന് കേടാകാതിരിക്കാന്‍ പച്ചക്കറികളില്‍ പ്രത്യേകം കീടനാശിനികള്‍ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. പി എ ലളിതക്ക് തൈ നല്‍കിയാണ് ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര ആരോഗ്യദിനത്തിന്റെ ഭാഗമായി വിഷമയമായ മറുനാടന്‍ പച്ചക്കറികളുടെ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
പച്ചക്കറികളില്‍ രാസവളങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കൂടുതല്‍ സാഹചര്യമൊരുക്കുകയാണെന്ന് ഡോ. പി എ ലളിത പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു.