മിനി വേള്‍ഡ് പാര്‍ക്ക് നിര്‍മിക്കാന്‍ ദുബൈ ആലോചിക്കുന്നു

Posted on: April 7, 2015 4:13 pm | Last updated: April 7, 2015 at 4:13 pm

mini world parkദുബൈ: ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ന്റെ ഭാഗമായി മിനി വേള്‍ഡ് പാര്‍ക്ക് നിര്‍മിക്കാന്‍ ദുബൈ നഗരസഭ ആലോചിക്കുന്നു. ലോക പ്രശസ്തമായ മുഴുവന്‍ സ്മാരകങ്ങളുടെയും ലഘുമാതൃക ഉള്‍പെടുത്തിയാവും ഇത്തരം ഒരു ഉദ്യാനത്തിന് രൂപം നല്‍കുക. എവിടെയാണ് നിര്‍മിക്കേണ്ടത് എന്നത് സമ്പന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉദ്യാന പദ്ധതി ഒരു ഘട്ടത്തില്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയായിരുന്നുവെന്നും നിര്‍മിക്കുന്നത് സംബന്ധിച്ച് ആലോചന ഇപ്പോള്‍ സജീവമായിട്ടുണ്ടെന്നും ദുബൈ നഗരസഭയുടെ എഞ്ചിനീയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല മുഹമ്മദ് റാഫിയ വെളിപ്പെടുത്തി. എവിടെയാണ് നിര്‍മിക്കേണ്ടത് എന്നത് സംബന്ധിച്ചാണ് തീരുമാനത്തില്‍ എത്താനുള്ളത്. സ്ഥലത്തെക്കുറിച്ച് അന്തിമ ധാരണ ഉണ്ടായാല്‍ അധികം വൈകാതെ എഞ്ചിനീയറിംഗ് ആന്‍ഡ് പ്ലാനിംഗ് വിഭാഗം ജോലി ആരംഭിക്കും.

അറബ് മേഖലയില്‍ ആദ്യമായിരിക്കും ഇത്തരത്തില്‍ ഒരു ഉദ്യാനം നിര്‍മിക്കുന്നത്. ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, ന്യയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ചൈനയിലെ കാന്റണ്‍ ടവര്‍, ടൊറന്റോയിലെ സി എന്‍ ടവര്‍, മലേഷ്യയിലെ പെട്രോണാസ് ടവര്‍, ലണ്ടന്‍ നഗരത്തിലെ സ്വിസ് റി ടവര്‍ തുടങ്ങിയവയുടെ മാതൃകകള്‍ ഇതില്‍ ഉള്‍പെടുത്തും.
ഈജിപ്തിലെ പിരമിഡുകള്‍, അബു സിംബല്‍ ടെമ്പിള്‍, അള്‍ജീരിയയിലെ ടിംഗാഡിലുള്ള പുരാതന റോമന്‍ സംസ്‌കൃതിയുടെ അവശിഷ്ടങ്ങള്‍, ചൈനയിലെ വന്‍മതില്‍, ലിബിയയിലെ ലെപ്റ്റിസ് മങ്ക, സുഡാനിലെ കിംഗ്ഡം ഓഫ് കെര്‍മ, മെക്‌സിക്കോയിലെ ആസ്റ്റെക് ടെമ്പിള്‍, റോമിലെ കൊളോസിയം, ഏതന്‍സിലെ അക്രോപോളിസ്, സൗത്ത് ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെന്‍ഞ്ച്, ജോര്‍ദാനിലെ പെട്ര തുടങ്ങിയ ലോക പ്രശസ്തമായ സ്മാരകങ്ങളും മിനിവേള്‍ഡ് പാര്‍ക്കില്‍ ഇടം പിടിക്കും.
ഇതോടൊപ്പം പ്രകൃതിദത്തമായ സ്മാരകങ്ങളും പാര്‍ക്കില്‍ കാഴ്ചക്കാര്‍ക്കായി ഒരുക്കും. ഇറാഖില്‍ സ്ഥിതിചെയ്യുന്ന ബാബിലോണിലെ തൂങ്ങുന്ന പൂന്തോട്ടം, ഓസ്‌ട്രേലിയയിലെ ഉലുരു എന്ന അയേഴ്‌സ് റോക്ക്, ലബനോണിലെ റോഷെ റോക്ക്, യു എസിലെ മൗണ്ട് റഷ്‌മോര്‍, ഫിലിപ്പൈന്‍സിലെ റൈസ് ടെറസുകള്‍, സൗത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന റിസറക്ഷന്‍ ഐലന്റ്, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയവയും ഉള്‍പെടുത്തും.
അറബി കഥയിലെ അലാവുദ്ദീന്‍ നഗരത്തെ പുനര്‍സൃഷ്ടിക്കുന്നതുള്‍പെടെ ദുബൈ നഗരസഭ ഏറ്റെടുത്ത ജോലികളെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാകുമെന്നും അബ്ദുല്ല മുഹമ്മദ് പറഞ്ഞു.