Connect with us

Gulf

മാളില്‍ അധ്യാപികയുടെ കൊല: അറബ് വനിത കുറ്റം നിഷേധിച്ചു

Published

|

Last Updated

അബുദാബി: അമേരിക്കക്കാരിയായ അധ്യാപികയെ ഷോപ്പിംഗ് മാളില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അറബ് വനിത കുറ്റം നിഷേധിച്ചു. വിചാരണക്കിടയിലാണ് കുറ്റം നിഷേധിച്ചിരിക്കുന്നത്. റീം ഐലന്റിലെ മാളിലായിരുന്നു പട്ടാപകല്‍ അമേരിക്കന്‍ അധ്യാപികയായ ഇബോളിയ റയാന്‍ കുത്തേറ്റു മരിച്ചത്.

ഡിസംബര്‍ ഒന്നിനായിരുന്നു രാജ്യത്തെ നടുക്കിയ കൊല അരങ്ങേറിയത്. താന്‍ കടുത്ത മാനസിക രോഗിയാണെന്നും ജിന്നാണ് ഇത്തരത്തില്‍ ഒരു കര്‍മം തന്നെക്കൊണ്ട് ചെയ്യിച്ചതെന്നും ഇവര്‍ കോടതിയില്‍ വിചാരണക്കിടെ വ്യക്തമാക്കി. അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി(30)യെന്ന പ്രതിയാണ് സ്റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ടില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രണ്ടാമത്തെ തവണയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുന്നത്.
തന്നോട് മോശമായി പെരുമാറിയെന്നും കൊലപാതകം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചൂവെന്നും അലാ ബദര്‍ ആരോപിച്ചു. മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോള്‍ തന്നെ താന്‍ മാനസിക രോഗിയാണ്. തനിക്ക് മാനസികരോഗത്തിനുള്ള ചിക്തസ നല്‍കാന്‍ കോടതി തയ്യാറാവണമെന്നും പ്രതി ആവശ്യപ്പെട്ടു. അബായയും നിഖാബും ധരിച്ചെത്തിയായിരുന്നു പ്രതി കൊല നടത്തി മടങ്ങിയത്. ഭീകര സംഘടനയെ സാമ്പത്തികമായി സഹായിക്കുന്ന സ്ത്രീയാണ് കൊല നടത്തിയതെന്നും സംഘടനക്കായാണ് ഇതെന്നും ഫെഡറല്‍ അറ്റോര്‍ണി ജനറല്‍ സലീം സഈദ് ഖുബൈഷ് വെളിപ്പെടുത്തിയിരുന്നു. കൊല നടത്തിയത് അറബ് വനിതയാണെന്നും ഇവര്‍ പതിവായി ഒസാമ ബിന്‍ ലാദന്റെയും അബു മുസാബ് അല്‍ സര്‍ഖാവിയുടെയും ഓഡിയോ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ഈ ഗ്രൂപ്പുകള്‍ നടത്തിയ കൊലപാതകങ്ങളുടെ വീഡിയോ കാണുകയും ചെയ്തിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. അധ്യാപികയുടെ ദേഹം മുഴുവന്‍ ഇവര്‍ കത്തിയുപയോഗിച്ച് കുത്തിയെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മാളിലെ വൈറ്റ് റോസ് സൂപ്പര്‍മാര്‍ക്കറ്റിലെ ശൗചാലയത്തിനു സമീപത്ത് വെച്ചാണ് അധ്യാപികക്ക് കുത്തേറ്റത്. കുത്തേല്‍ക്കുന്നതിന് മുമ്പ് വാഗ്വാദം നടന്നിരുന്നതായും വാര്‍ത്ത വന്നിരുന്നു. കുത്തേറ്റു വീണ അധ്യാപികയെ ശൈഖ് ഖലീഫാ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഇത്തരത്തില്‍ രാജ്യത്ത് നടക്കുന്ന ആദ്യ കൊലപാതകമെന്ന പ്രത്യേകതയും കേസിനുണ്ട്. അതിനാല്‍ തന്നെ അതീവ ജാഗ്രതയോടെയായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. രാജ്യത്തിന്റെ സുസ്ഥിരതക്കും സുരക്ഷക്കും ഭീഷണിയുയര്‍ത്തുന്ന കൃത്യമാണ് പ്രതി ചെയ്തിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. 14ന് കേസ് വീണ്ടും പരിഗണിക്കും.

Latest