സാനിയ-ഹിംഗിസ് ജേതാക്കള്‍

Posted on: April 7, 2015 12:43 am | Last updated: April 7, 2015 at 2:48 pm

sania-mirza-martina-hingis-miami-facebookമിയാമി: മിയാമി ഓപണ്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്‍സ (ഇന്ത്യ)- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ ഇന്തോ-സ്വിസ് സഖ്യം രണ്ടാം സീഡായ റഷ്യയുടെ ഏകതെറീന മകരോവ-എലേന വെസ്‌നിന സഖ്യത്തെ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (7-5,6-1). കഴിഞ്ഞ മാസം ഇന്ത്യന്‍ വെല്‍സ് കിരീടവും സാനിയ-ഹിംഗിസ് സഖ്യത്തിനായിരുന്നു.
ഫൈനലില്‍ ഇതേ ജോടിയെ തന്നെയാണ് തോല്‍പ്പിച്ചത്. സാനിയയും ഹിംഗിസും സഖ്യമായതിന് ശേഷം ആദ്യ രണ്ട് ടൂര്‍ണമെന്റുകളും ജയിച്ച് സ്വപ്‌നതുടക്കമാണിട്ടിരിക്കുന്നത്. പരസ്പരം സഹകരിച്ചു കളിക്കുവാന്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. ആഴ്ചകള്‍ക്കുള്ളില്‍ ഇത്രമാത്രം ഒത്തൊരുമയില്‍ കളിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കരുതുന്നുവെന്ന് സാനിയ മിര്‍സ പറഞ്ഞു.
ഹിംഗിസ് ഈ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സക്കാണ്. മത്സരത്തിനിടെ ഇമ്രാന്‍ മിര്‍സ നല്‍കിയ നിര്‍ദേശങ്ങളാണ് കിരീടം നേടാന്‍ തുണച്ചതെന്ന് ഹിംഗിസ് മത്സരശേഷം പറഞ്ഞു. തോല്‍ക്കാന്‍ മനസ്സിലാതെ കളിക്കുക എന്നതാണ് പ്രധാനം. ഈ ഗുണം രണ്ട് പേര്‍ക്കുമുണ്ട്. ആദ്യ സെറ്റ് 2-5ന് പിറകിലായ ശേഷമാണ് 7-5ന് പൊരുതിയെടുത്തത്. അവസരത്തിന് വേണ്ടി കാത്തു നില്‍ക്കുകയായിരുന്നു ഞങ്ങള്‍. പിഴവുകള്‍ വരുത്താതെ സൂക്ഷിച്ചു -43 ഡബിള്‍സ് കിരീടങ്ങള്‍ ജയിച്ച ഹിംഗിസ് പറഞ്ഞു.
രണ്ട് കിരീട ജയങ്ങളോടെ സാനിയ-ഹിംഗിസ് സഖ്യം റാങ്കിംഗില്‍ ഒമ്പതില്‍ നിന്ന് മൂന്നാംസ്ഥാനത്തേക്ക് കുതിച്ചു.

ഒന്നാം റാങ്കിനരികെ
മിയാമി ഓപണില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സ് ജേതാവായതോടെ സാനിയ മിര്‍സയുടെ റാങ്കിംഗ് പോയിന്റുകളും കുതിച്ചു. ഒന്നാം റാങ്കിലെത്താന്‍ 145 പോയിന്റുകളുടെ ദൂരം മാത്രം. ലോക ഒന്നാം നമ്പര്‍ സ്ഥാനം 7640 പോയിന്റുകളുള്ള ഇറ്റലിയുടെ സാറ എറാനി-റോബര്‍ട്ട വിന്‍സി സഖ്യത്തിനാണ്. 7495 പോയിന്റാണ് സാനിയ-ഹിംഗിസ് സഖ്യത്തിന്.
ഈ ആഴ്ചയില്‍ ആരംഭിക്കുന്ന ഫാമിലി സര്‍ക്കിള്‍ കപ്പ് സ്വന്തമാക്കിയാല്‍ ഇവര്‍ക്ക് ഒന്നാം നമ്പറാകാം. ടൂര്‍ണമെന്റില്‍ ടോപ് സീഡുകളാണ് സാനിയ-ഹിംഗിസ്.
2011 ല്‍ എലെന വെസ്‌നിനക്കൊപ്പം സാനിയ ഫാമിലി സര്‍ക്കിള്‍ കപ്പ് സ്വന്തമാക്കിയിരുന്നു.