നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് അറുതിയാകുന്നു

Posted on: April 7, 2015 10:35 am | Last updated: April 7, 2015 at 10:35 am

കല്‍പ്പറ്റ: കാരാപ്പുഴ ശുദ്ധജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം മെയ് മൂന്നിന് വൈകിട്ട് നാല് മണിക്ക് കല്‍പ്പറ്റ എച്ച് ഐ എം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി പി ആലി പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുന്‍സിപ്പാലിറ്റിയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് വിഭാവനം ചെയ്ത ഈ പദ്ധതിയുടെ പ്രവര്‍ത്തി ഉദ്ഘാടനം 2012 ഫെബ്രുവരി മൂന്നിനാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. ഈ പദ്ധതി വരുന്ന 30 വര്‍ഷത്തേക്കുള്ള ജനസംഖ്യ മുന്നില്‍ കണ്ടാണ് നടപ്പിലാക്കിയിട്ടുള്ളത്. മൊത്തം 79000 ആളുകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ സ്രോതസ് കാരാപ്പുഴ ജലസംഭരണിയാണ്. ഇവിടെ നിര്‍മ്മിച്ച എട്ട് മീറ്റര്‍ വ്യാസവും 21 മീറ്റര്‍ താഴ്ചയുമുള്ള കിണറില്‍ നിന്നും 270 കുതിരശക്തിയുള്ള വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ പമ്പ് സെറ്റ് ഉപയോഗിച്ച് 450 മി. മീറ്റര്‍ വ്യാസമുള്ള പമ്പിംഗ് മെയിനിലൂടെ 2630 മീറ്റര്‍ അകലെ സ്വര്‍ഗംകുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന 10 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണശാലയിലെത്തിച്ച് അവിടെ നിന്നും ശുദ്ധീകരിച്ച വെള്ളം 4.2 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഭൂതല സംഭരണിയില്‍ എത്തിക്കുന്നു. ഇവിടെ നിന്നും ഗ്രാവിറ്റിയില്‍ വെള്ളം ഒഴുകി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ നിലവിലുള്ള എമിലി ടാങ്കിലും. പുതിയതായി നിര്‍മ്മിച്ച ഗൂഡലായി സ്റ്റംമ്പിലും, റസ്റ്റ് ഹൗസിനടുത്തുള്ള ടാങ്കിലും എത്തിച്ച് ശുദ്ധജലവിതരണം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ റസ്റ്റ്ഹൗസിനടുത്തുള്ള ടാങ്കിന്റെ പണി ഏതാണ്ട് പൂര്‍ത്തീകരണഘട്ടത്തിലാണ്. ഇവിടെ നിന്നും നിലവിലുള്ള വിതരണ ശൃംഖലകളിലൂടെ ജലവിതരണം ഇപ്പോള്‍ തന്നെ നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. പദ്ധതിപ്രകാരം, ഗൂഡലായി കുന്നിലെ ടാങ്കില്‍ നിന്നും പൈപ്പുകള്‍ വഴി ഗൂഡലായി, കല്‍പ്പറ്റ ടൗണിന്റെ കിഴക്കുവശം, വെള്ളാരംകുന്ന് എന്നീ സ്ഥലങ്ങളിലെത്തിച്ചാണ് ശുദ്ധജലവിതരണം നടത്തുന്നത്. റസ്റ്റ്ഹൗസിനടുത്ത് നിര്‍മ്മിക്കുന്ന 9.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്നും കൈനാട്ടി, ഐ ടി ഐ പരിസരം, വടോത്ത്, മണിയങ്കോട്, പുളിയാര്‍മല എന്നീ സ്ഥലങ്ങളില്‍ ശുദ്ധജലവിതരണം നടത്തും. എമിലിയില്‍ നിലവിലുള്ള ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ നിന്നും മുണ്ടേരി, അമ്പിലേരി, എമിലി, തുര്‍ക്കിബസാര്‍, ഇടഗുനി എന്നീ സ്ഥലങ്ങളില്‍ ശുദ്ധജലവിതരണം നടത്താനാണ് പദ്ധതിയിടുന്നത്. അതേസമയം, കാരാപ്പുഴയില്‍ നിന്നും ഇതിനകം തന്നെ കല്‍പ്പറ്റയിലേക്ക് വെള്ളമെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ മുന്‍സിപ്പല്‍ പ്രദേശത്ത് വെള്ളമെത്തിച്ച് പൈപ്പ്‌ലൈന്‍ ക്ലീന്‍ ചെയ്യുന്ന പ്രവൃത്തികളാണ് നടക്കുന്നത്. പൈപ്പ് ലൈനിലുള്ള ചെളിയും മറ്റും നീക്കം ചെയ്ത് കമ്മീഷനിംഗിന് മുമ്പ് തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായ ഭാഗങ്ങളില്‍ ജലവിതരണം നടത്താനും പദ്ധതിയുണ്ട്. 3217 ലക്ഷം രൂപക്ക് അനുമതി ലഭിച്ചിട്ടുള്ള ഈ പദ്ധതിക്ക് ഇതുവരെ 4091 ലക്ഷം രൂപ ചിലവ് വന്നിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായി സ്വര്‍ഗ്ഗംകുന്നില്‍ പ്ലാന്റിന് അപ്രോച്ച്‌റോഡ്, ചുറ്റുമതില്‍ കെട്ടല്‍, പി വി സി പൈപ്പ് സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ജി ഐ പൈപ്പുകള്‍ സ്ഥാപിക്കല്‍, കാരാപ്പുഴ ട്രാന്‍സ്‌ഫോര്‍മര്‍ റൂമിലേക്കുള്ള റോഡ്, സ്‌കവര്‍ അറേഞ്ച്‌മെന്റ്, മുന്‍സിപ്പാലിറ്റി റോഡുകളുടെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തീകരിക്കുന്നതിനും ഫൈനല്‍ബില്ലുകള്‍ക്കും കൂടി 1165 ലക്ഷം രൂപ കൂടി വരുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കാന്‍ സാധിക്കുന്നതോടൊപ്പം കാലങ്ങളായി നഗരസഭയെ അലട്ടുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരവുമാകുകയാണ്.
ഉദ്ഘാടനച്ചടങ്ങില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷനായിരിക്കും. ജലസേചന വകുപ്പ് മന്ത്രി പി ജെ ജോസഫ്, നഗരകാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി, എം പി എം ഐ ഷാനവാസ്, ജില്ലയിലെ ജനപ്രതിനിധികള്‍, കെ എസ് യു ഡി പി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ എ പി ഹമീദ്, കെ കെ വത്സല, അഡ്വ. ടി ജെ ഐസക്, വി പി ശോശാമ്മ, ഉമൈബ മൊയ്തീന്‍കുട്ടി, കേയംതൊടി മുജീബ്, കെ പ്രകാശന്‍, കെ മനോഹരന്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ പി സി ബിജു, ടി അബ്ദുള്‍ ഹമീദ്, പി പാപ്പച്ചന്‍ തുടങ്ങിയവരും പങ്കെടുത്തു.