മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 31 പവന്‍ കവര്‍ന്നു

Posted on: April 7, 2015 10:18 am | Last updated: April 7, 2015 at 10:18 am

വളാഞ്ചേരി: അടച്ചിട്ട വീട് കുത്തിത്തുറന്ന് 31 പവനും 75000 രൂപയും കവര്‍ന്നു. എടയൂര്‍ പീടികപ്പടിയിലെ വേണു നിവാസിലെ സേതുമാധവന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിക്കും രാത്രി ഒമ്പതിനുമിടയിലാണ് മോഷണം നടന്നത്. സേതുമാധവനും ഭാര്യയും ഞായറാഴ്ച നാല് മണിക്ക് അങ്ങാടിപ്പുറം ക്ഷേത്രോത്സവത്തിന് പോയിരുന്നു. രാത്രി ഒമ്പതിന് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
കിടപ്പ്മുറിയിലെ അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്ന് പിന്‍വാതിലിലൂടെയാണ് പുറത്ത് കടന്നിട്ടുള്ളത്. അടുത്ത മാസം മൂന്നിന് മകളുടെ വിവാഹം നടക്കാനിരിക്കെ ഇതിനായി കരുതിവെച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. വളാഞ്ചേരി സി ഐ. കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മലപ്പുറത്ത് നിന്നും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

മോഷണ ശ്രമത്തിനിടെ രണ്ട് ബംഗാളികള്‍
പിടിയില്‍
കൊണ്ടോട്ടി: മോഷണ ശ്രമത്തിനിടെ രണ്ട് ബംഗാളികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ശരീഫ് മല്ലിക്ക് (22), ശൈഖ് നജ്മുല്‍ ഇസ്‌ലാം (29) എന്നിവരാണ് പിടിയിലായത്. മണ്ണാരില്‍ മാളിയക്കല്‍ അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണത്തിനായി ഇവരെത്തിയത്. വീട്ടിലെ സ്ത്രീ മോഷ്ടാക്കളെ കണ്ട് ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ഇവരെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. ഇവര്‍ വിവിധ മോഷണക്കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.