സബ് രജിസ്ട്രാര്‍ ഓഫീസ് മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ കൂട്ടായ്മ

Posted on: April 7, 2015 10:16 am | Last updated: April 7, 2015 at 10:16 am

എടപ്പാള്‍: തട്ടാന്‍പടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എടപ്പാള്‍ സബ് രജിസ്ട്രാര്‍ ഓഫീസ് അംശകച്ചേരിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനെതിരെ ഇന്ന് രാവിലെ പത്ത് മണിക്ക് തട്ടാന്‍പടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. പരിപാടിയില്‍ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സബ് രജിസ്ട്രാര്‍ ഓഫീസ് ഇവിടെ നിന്നും മാറ്റാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഫീസ് മാറ്റുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാല്‍ നാട്ടുകാരുടെയും രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് പിന്‍വലിച്ചിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസ് തട്ടാന്‍പടിയില്‍ നിന്നും മാറില്ലെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് ഓഫീസ് മാറ്റാനുള്ള ഉത്തരവ് വീണ്ടുമിറങ്ങിയത്. ഇതാണ് നാട്ടുകാരെ ചൊടുപ്പിച്ചിരിക്കുന്നത്. 1922ലാണ് തട്ടാന്‍പടിയില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് 1980ലാണ്. നന്നംമുക്ക്, എടപ്പാള്‍, ആലംങ്കോട്, വട്ടംകുളം പഞ്ചായത്തുകള്‍ പൂര്‍ണമായും തവനൂര്‍, കാലടി പഞ്ചായത്തുകളിലെ ചില മേഖലകളും ഈ സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പരിധിയിലാണ്. സ്ഥല പരിമിതി മൂലവും ശ്യോചാവസ്ഥ മൂലവും വീര്‍പ്പ് മുട്ടിയിരുന്ന ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. ഇതിനെ തുടര്‍ന്ന് ഓഫീസ് തട്ടാന്‍പടിയിലെ തന്നെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് ഓഫീസ് തട്ടാന്‍പടിയില്‍ നിന്ന് തന്നെ മാറ്റാന്‍ ശ്രമമുണ്ടായത്.