Connect with us

Malappuram

കുടിവെള്ള പദ്ധതി തുടങ്ങിയിട്ട് 17 വര്‍ഷം; നാട്ടുകാര്‍ക്ക് ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ല

Published

|

Last Updated

കല്‍പകഞ്ചേരി: പൊമുണ്ടം പഞ്ചായത്തിലെ പ്രവര്‍ത്തന രഹിതമായ ചിലവില്‍ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഇനിയും നടപടിയായില്ല. വേനല്‍ കാഠിന്യം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും പദ്ധതിയോട് അധികൃതരുടെ അവഗണന തുടരുകയാണ്.
പഞ്ചായത്ത് പരിധിയിലെ വിവിധ ഭാഗങ്ങളിലുള്ള കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി 17 വര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ് ലക്ഷ്യം കാണാതെ കിടക്കുന്നത്. എം എല്‍ എ, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവയാണ് പദ്ധതിക്ക് വേണ്ടി ഉപയോഗിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതിയുടെ ഉദ്ഘാടനം നടത്തിയെന്നല്ലാതെ ഇതിന്റെ ഒരു പ്രയോജനവും ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ട്രയല്‍ റണ്ണിംഗില്‍ തന്നെ പൈപ്പുകളും മോട്ടോറും സ്ഥാപിച്ചതിലെ അപാകത കാരണം പദ്ധതി തുടക്കത്തില്‍ തന്നെ പാളി.
മേഖലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ചേരിപ്പോരും പദ്ധതി പരാജയപ്പെടാന്‍ ഇടയാക്കിയതായി ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു. പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളായ നഴ്‌സറിപ്പടി, ചെറുപറമ്പ്, വട്ടപ്പറമ്പ്, കൂരിക്കുന്ന് തുടങ്ങിയ ഭാഗങ്ങളിലുള്‍പ്പെടെയുള്ള 400 ലധികം കുടുംബങ്ങളുടെ ആശ്രയമാണ് പദ്ധതി. ആരംഭത്തില്‍ അമ്മംകുളങ്ങര ശുദ്ധജല പദ്ധതിയായി അറിയപ്പെട്ടിരുന്ന ഇത് പിന്നീട് പദ്ധതിയുടെ പേര് മാറ്റി ചിലവില്‍ കുടിവെള്ള പദ്ധതിയെന്നായി. പെരിഞ്ചേരി പാടത്ത് കുഴിച്ച കിണറില്‍ നിന്ന് വെള്ളം പമ്പ്‌ചെയ്ത് നഴ്‌സറിപ്പടിയില്‍ നിര്‍മിച്ച കോണ്‍ഗ്രീറ്റ് ടാങ്കിലേക്ക് വെള്ളമെത്തിച്ച് പൈപ്പ് ലൈന്‍ വഴി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. എന്നാല്‍ വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച പൈപ്പുകളും അനുബന്ധ സാമഗ്രികളും ഇപ്പോള്‍ അപ്രത്യക്ഷമായ നിലയിലാണ്.

Latest