Connect with us

Kozhikode

കാട്ടുപന്നിയുടെ ശല്യത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍

Published

|

Last Updated

താമരശ്ശേരി: കോരങ്ങാട് നിരവധി കുടുംബങ്ങള്‍ കാട്ടുപന്നി ഭീതിയില്‍. ആനപ്പാറ പൊയില്‍, പൂളക്കാപൊയില്‍, വാപ്പനാംപൊയില്‍ എന്നിവിടങ്ങളിലെ നൂറോളം കുടുംബങ്ങളാണ് കാട്ടുപന്നിയുടെ ശല്യം കാരണം പൊറുതിമുട്ടുന്നത്. വനാതിര്‍ത്തിയില്‍ നിന്ന് ഏറെ അകലെയുള്ള ഈ പ്രദേശങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തുന്നത് നാട്ടുകാരെ ഭീതിയിലാക്കുകയാണ്. ചേന, ചേമ്പ്, കപ്പ, പച്ചക്കറികള്‍ എന്നിവ നശിപ്പിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നത്. പകല്‍ സമയത്തുപോലും കൃഷിയിടങ്ങളില്‍ ചുറ്റത്തിരിയുന്ന കാട്ടുപന്നിയുടെ അക്രമത്തില്‍ നിന്ന് പലരും രക്ഷപ്പെടുന്നത് തലനാരിഴക്കാണ്. രാവിലെ മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികളെ തനിച്ച് വിടാന്‍ വീട്ടുകാര്‍ ഭയക്കുകയാണ്. വിറകു ശേഖരിക്കാന്‍ പോയ സ്ത്രീയും ചക്കപറിക്കാന്‍ പോയവരും അടുത്തിടെ കാട്ടുപന്നികളുടെ മുന്നില്‍ അകപ്പെട്ടിരുന്നു.
രണ്ട് വര്‍ഷം മുമ്പ് നായാട്ടുസംഘത്തിന്റെ കെണിയില്‍ കുടുങ്ങി കാട്ടുപന്നി ചത്തത് ഭൂ ഉടമക്ക് പൊല്ലാപ്പായിരുന്നു. ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടുപന്നികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലുള്ള നിയമക്കുരുക്കും ഇവരെ അലട്ടുന്നുണ്ട്. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Latest