മുക്കം പാലം പ്രവൃത്തി വൈകിപ്പിക്കാന്‍ നീക്കമെന്ന് ആരോപണം

Posted on: April 7, 2015 10:05 am | Last updated: April 7, 2015 at 10:05 am

മുക്കം: 18 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച മുക്കം കടവ് പാലത്തിന്റെ മുക്കം ഭാഗത്തെ അപ്രോച്ച് റോഡ് പ്രവൃത്തി വൈകിപ്പിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി യു ഡി എഫ് കാരശ്ശേരി, മുക്കം പഞ്ചായത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തത് യു ഡി എഫ് സര്‍ക്കാറിന്റെയും എം എല്‍ എയുടെയും അനാസ്ഥ മൂലമാണെന്ന് എല്‍ ഡി എഫ് പ്രചാരണം തെറ്റാണെന്നും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. യു ഡി എഫ് ഭരിക്കുന്ന കാരശ്ശേരി പഞ്ചായത്തിലെ രണ്ടു കരകളിലെയും അപ്രോച്ച് റോഡ് പ്രവൃത്തി ഗ്രാമപഞ്ചായത്തിന്റെ ശ്രമങ്ങളിലൂടെ പൂര്‍ത്തിയായിട്ടുണ്ട്. അതിനു വേണ്ട സ്ഥലം വിട്ടുനല്‍കുന്നതിന് പഞ്ചായത്തും യു ഡി എഫും കഠിന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മുക്കം ഭാഗത്തെ റോഡിന് വേണ്ടി എല്‍ ഡി എഫ് ഭരിക്കുന്ന മുക്കം പഞ്ചായത്ത് നേതൃപരമായ ഒരു പങ്കും വഹിച്ചിട്ടില്ല. പണിയെടുക്കാതെ പാലത്തിനായി മുറവിളി കൂട്ടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

2013 ല്‍ തന്നെ റോഡിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്ഥലം എംപവേര്‍ഡ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള നടപടികള്‍ക്ക് ലാന്‍ഡ് അക്വിസിഷന്‍ വിഭാഗം തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടക്ക് മുക്കം ഭാഗത്തെ അപ്രോച്ച് റോഡിനായുള്ള സ്ഥലം പുറംപോക്കാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ്. ഇത് നടപടി വൈകിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണോ എന്ന് യു ഡി എഫ് സംശയിക്കുന്നതായും യു ഡി എഫ് നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധമായി വ്യാഴാഴ്ച വൈകീട്ട് നാല് മണിക്ക് മുക്കം പാര്‍ക്കില്‍ വിശദീകരണയോഗം നടത്തുമെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ യൂനുസ് പുത്തലത്ത്, എം ടി അഷ്‌റഫ്, കൊറ്റങ്ങള്‍ സുരേഷ്ബാബു, അബു കല്ലുരുട്ടി പങ്കെടുത്തു.