Connect with us

National

പരിസ്ഥിതി സംരക്ഷണം: പാശ്ചാത്യ പ്രചാരണത്തിന് മോദിയുടെ വിമര്‍ശം

Published

|

Last Updated

ന്യൂഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തില്‍ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത വികസിത രാജ്യങ്ങള്‍ ചോദ്യം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളില്‍ ഇന്ത്യ നിഷേധാത്ക നിലപാടെടുക്കുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളുടെ സവിശേഷ സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ വന്‍ ശക്തികള്‍ തയ്യാറാകണമെന്നേ ഇന്ത്യ പറയുന്നുള്ളൂ. പരിസ്ഥിതി പ്രശ്‌നത്തില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ വരുന്ന പലരും ആണവോര്‍ജമടക്കമുള്ള ബദല്‍ ഊര്‍ജ സ്രോതസ്സുകളുടെ കാര്യത്തില്‍ വിലങ്ങുതടിയാകുകയാണ്. നിയന്ത്രണങ്ങളില്ലാതെ ആണവ ഇന്ധനം ലഭ്യമാക്കാന്‍ സഹായിക്കുകയാണ് വിമര്‍ശകര്‍ ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് പട്ടണങ്ങള്‍ക്കുള്ള നാഷനല്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ചടങ്ങില്‍ അദ്ദേഹം പുറത്തിറക്കി.
പാരമ്പര്യേതര ഊര്‍ജ മേഖലയായ സൂര്യതാപവും കാറ്റും ഉപയോഗിക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ ഇന്ത്യ ആരായുന്നുണ്ട്. പരിസ്ഥിതി സംരക്ഷണവും വികസനവും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇവ ഏറ്റുമുട്ടേണ്ട കാര്യമില്ല. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയെ പഠിപ്പിക്കാന്‍ മുതിരുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ്സെന്ന നിലയില്‍ ആണവോര്‍ജം വിനിയോഗിക്കാനുള്ള പിന്തുണ അവര്‍ തരുന്നില്ല. ഇതാണ് വലിയ വിരോധാഭാസം- മോദി പറഞ്ഞു. ഡല്‍ഹിയടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളെ ലോകത്തെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഈയടുത്ത് ചില അന്താരാഷ്ട്ര പഠനങ്ങള്‍ പുറത്തുവന്നിരുന്നു.
പരിസ്ഥിതിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും ഒരു ആശങ്കയുമില്ലാത്ത രാജ്യം എന്ന നിലയിലാണ് ഇന്ത്യയെ ചിലര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, പരിസ്ഥിതി സംരക്ഷണം സംസ്‌കാരത്തിന്റെ ഭാഗമായ നാടാണ് ഇന്ത്യയെന്ന സത്യം ആരും കാണുന്നില്ലെന്ന് മോദി പറഞ്ഞു.