ഹജ്ജ് ക്യാമ്പ് എയര്‍പോര്‍ട്ട് പരിസരത്താകാന്‍ സാധ്യത

Posted on: April 7, 2015 3:50 am | Last updated: April 6, 2015 at 11:51 pm

hajjകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്ത് തന്നെ നടത്താന്‍ കൂടുതല്‍ സാധ്യതയുള്ളതായറിയുന്നു. ക്യാമ്പ് നടത്തുന്നതിന് നേരത്തെ സിയാല്‍ ( കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ) തങ്ങളുടെ അധീനതയിലുള്ള സ്ഥലം വിട്ടു കൊടുക്കുന്നതിന് തയ്യാറാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിരുന്നു.
വിമാനത്താവളത്തോട് ചേര്‍ന്നുള്ള വിശാലമായ ഭൂമിയില്‍ നാല് ഏക്കറിലധികം സ്ഥലം ക്യാമ്പ് നടത്തുന്നതിനു ഉപയോഗപ്പെടുത്താമെന്നാണ് സിയാല്‍ ഹജ്ജ് കമ്മിറ്റിയെ അറിയിച്ചത്. വിശാലമായ ആര്‍ച്ച് പന്തല്‍ കെട്ടിയായിരിക്കും ക്യാമ്പ് ഒരുക്കുക. ക്യാമ്പും വിമാനത്താവളവും തമ്മില്‍ 200 മീറ്റര്‍ അകലം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ക്യാമ്പ് നടത്തുന്നതിന് ആദ്യ പരിഗണന സിയാല്‍ മൈതാനത്തിന് തന്നെയായിരിക്കും.
അവിചാരിതമായ കാരണങ്ങളാല്‍ ഇവിടെ ക്യാമ്പ് നടത്താന്‍ അസൗകര്യമാവുകയാണെങ്കില്‍ അങ്കമാലിക്ക് സമീപം കരിയാം പറമ്പ് കുറവൂറ്റിയില്‍ പ്രീമിയര്‍ ടയര്‍ കമ്പനിയുടെ വിശാലമായ ഹാള്‍ പരിഗണിച്ചേക്കും.
7000 പേരെ ഉള്‍ക്കൊള്ളാവുന്ന ഈ ഹാള്‍ നേരത്തെ ടയര്‍ കമ്പനിക്കാരുടെ ഗോഡൗണ്‍ ആയിരുന്നു. ക്യാമ്പ് ഇവിടെ നടത്തുകയാണെങ്കില്‍ വിമാനത്താവളവുമായി 13 കി .മി ല്‍ അധികം ദൂരത്തായിരിക്കും.
കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഈ രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ച് അന്തിമ തീരുമാനമെടുക്കും.
വിമാനത്താവളത്തിനടുത്തും അങ്കാലിയിലുമായി ചില കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ക്യാമ്പ് നടത്താന്‍ തയ്യാറായിട്ടുണ്ടെങ്കിലും ഇവിടങ്ങളിലെല്ലാം വേണ്ടത്ര സൗകര്യമില്ല.