Connect with us

Articles

ഒരു ഫുള്‍സ്റ്റോപ്പ് തേടി യു ഡി എഫ്

Published

|

Last Updated

കത്ത്, മൊഴി, വെളിപ്പെടുത്തല്‍, ശബ്ദരേഖ രാഷ്ട്രീയ വിപണിയില്‍ ഇവക്കെല്ലാം പൊള്ളുന്ന വിലയാണ്. യു ഡി എഫ് രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും. ബാര്‍ കോഴ മുതല്‍ പി സി ജോര്‍ജ് വരെയുള്ള ഉപഗ്രഹങ്ങള്‍ക്ക് ചുറ്റും കറങ്ങുകയാണ് യു ഡി എഫ്. എവിടെ തുടങ്ങും, എവിടെ അവസാനിപ്പിക്കും എന്നറിയാത്ത സാഹചര്യം. എവിടെയെങ്കിലും ഫുള്‍സ്റ്റോപ്പിടാന്‍ ശ്രമിക്കുമ്പോള്‍ അതിന് കഴിയാത്ത വിധം തുടര്‍ച്ചകളുണ്ടാകുന്നു. മാണിക്കെതിരായ കേസ് ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നു. പി സി ജോര്‍ജിന്റെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ സരിതയുടെ കത്ത് പുറത്തു വരുന്നു. എന്ത് തീരുമാനമെടുത്താലും കുഴങ്ങുന്ന അവസ്ഥ. പീഡാനുഭവ വാരം തുടങ്ങും മുമ്പെ ജോര്‍ജിന് കെ എം മാണി കുരിശ് വിധിച്ചെങ്കിലും വിധി എങ്ങനെ നടപ്പാക്കുമെന്നറിയാതെ മുഖ്യമന്ത്രി കുഴങ്ങുന്നു.
ആദ്യം വിദേശയാത്രയുടെ പേരില്‍ മുഖ്യമന്ത്രി തീരുമാനം നീട്ടി. അതു കഴിഞ്ഞപ്പോള്‍ കെ എം മാണി ധ്യാനം കൂടാന്‍ പോയതായി പ്രശ്‌നം. ധ്യാനവും ഈസ്റ്ററും കഴിഞ്ഞ് എല്ലാവരും തലസ്ഥാനത്ത് കൂടുകൂട്ടിയ ഇന്നലെ ചര്‍ച്ച തുടങ്ങിയെങ്കിലും ഒരിഞ്ച് മുന്നോട്ടുപോയിട്ടില്ല. കേരള ലോട്ടറിയുടെ നറുക്കെടുപ്പ് പരസ്യം പോലെ “നാളെ നാളെ” എന്ന് മാത്രമാണ് പുറത്ത് പറയുന്നത്. കെ പി സി സി നിര്‍വാഹക സമിതി യോഗം ചേര്‍ന്നപ്പോള്‍ അവിടെയും മാണി തന്നെ പ്രശ്‌നം. എന്തിന് ഇങ്ങനെ മാണിയെ സംരക്ഷിക്കണമെന്ന് വി ഡി സതീശന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ചോദിക്കുമ്പോള്‍ സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഇതെല്ലാം വേണ്ടി വരുമെന്നാണ് മറുപക്ഷത്തിന്റെ വാദം. ഐ ഗ്രൂപ്പ് മാണിയെ തള്ളുമ്പോള്‍ എ ഗ്രൂപ്പുകാര്‍ കേരളാ കോണ്‍ഗ്രസുകാരെ തന്നെ കവച്ചുവെക്കുന്ന നിലപാടിലാണ്. മാണി മാത്രമല്ല, കോണ്‍ഗ്രസ് മന്ത്രിമാരും അഴിമതി നടത്തുന്നുണ്ടെന്ന പരോക്ഷ വിമര്‍ശം പോലും എ ഗ്രൂപ്പില്‍ നിന്ന് പ്രതിരോധമായി വരുന്നു.
ജോര്‍ജിന്റെ കാര്യത്തില്‍ ഇന്നലെ ഒരു തീര്‍പ്പ് ഉറപ്പിച്ചതാണ് മാണി. ചീഫ് വിപ്പ് പദവിയില്‍ നിന്നും യു ഡി എഫ് അംഗത്വത്തില്‍ നിന്നും ജോര്‍ജിനെ നീക്കണമെന്നും യു ഡി എഫ് അംഗത്വം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. തിരുനക്കര മൈതാനിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ശുഭ മുഹൂര്‍ത്തത്തില്‍ മിന്നുകെട്ടി കെ എം മാണിയും പി സി ജോര്‍ജും തുടങ്ങിയ രാഷ്ട്രീയ ദാമ്പത്യം സ്വരച്ചേര്‍ച്ചയില്ലായ്മയിലാണ് അവസാനിക്കുന്നത്. ഇടത്ത് നിന്ന് ഇറക്കി വിട്ടപ്പോള്‍ വലത്തോട്ട് കയറിക്കൂടാനുള്ള ജോര്‍ജിന്റെ എളുപ്പവഴിയായിരുന്നു ഐക്യകേരളാ കോണ്‍ഗ്രസ്. അതാണ് ലയനത്തില്‍ കലാശിച്ചതും. അനുസരണയുള്ള മകന്‍ ജോസ് കെ മാണിയുടെ നിരന്തര പരാജയത്തിനൊരു അറുതിയുണ്ടാക്കാമെന്ന ലക്ഷ്യമായിരുന്നു ലയനത്തിന് തല കുലുക്കിയപ്പോള്‍ മാണിയുടെ മനസ്സിലിരിപ്പ്. ആ ലക്ഷ്യം സാക്ഷാത്കരിച്ചെങ്കിലും ജോര്‍ജ് പിന്നീട് തലവേദനയാകുകയായിരുന്നു. ഇതോടെയാണ് നിലക്ക് നിര്‍ത്തി കൂറുമാറ്റ നിരോധനത്തില്‍ ജോര്‍ജിനെ തളച്ചിടാന്‍ മാണി തീരുമാനിക്കുന്നത്. കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ജോര്‍ജും ഉറച്ചുനില്‍ക്കുന്നു. ഇന്നലെ പുറത്ത് വന്ന സരിതയുടെ കത്തിന്റെ പിന്നില്‍ ആരാണെന്നതില്‍ ആര്‍ക്കും സംശയത്തിന് ഇടയില്ല. ജോസ് കെ മാണി തന്നെ ചൂഷണം ചെയതെന്ന സരിതയുടെ കത്ത് പുറത്തുവിട്ടത് മാണിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ്.
എട്ട് എം എല്‍ എമാരെ വെച്ച് മാണി നടത്തിയ വിലപേശല്‍ വിജയിക്കുമെന്ന് തന്നെ വേണം കരുതാന്‍. മാണിയില്ലെങ്കില്‍ ഭരിക്കാവുന്ന സാഹചര്യമില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചറിവാണ് നടപടിക്ക് നിര്‍ബന്ധിതനാക്കുന്നത്. അനുനയത്തിന്റെ ഭാഷയില്‍ ഉമ്മന്‍ ചാണ്ടി പലവട്ടം സംസാരിച്ച് നോക്കിയതാണ്. പാര്‍ട്ടിയാണ് പദവി നല്‍കുന്നതെന്നും അതിന്റെ ചെയര്‍മാന്‍ കത്ത് നല്‍കിയാല്‍ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നുമുള്ള നിലപാടും മുന്നണി മര്യാദയുടെ ഭാഗമാണ്. എന്നാല്‍, കെ ബി ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ ഇങ്ങനെയൊരു മര്യാദ മുഖ്യമന്ത്രിയും യു ഡി എഫ് നേതൃത്വവും സ്വീകരിച്ചിട്ടില്ല. ഗണേഷിനെ പിന്‍വലിക്കാന്‍ കേരളാ കോണ്‍ഗ്രസ് ബി തീരുമാനിച്ചിട്ടും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള കത്ത് നല്‍കിയിട്ടും ഒരു വര്‍ഷം തീരുമാനമെടുക്കാതെ നീട്ടിയത് ആരും മറന്നിട്ടില്ല. അന്ന് ഗണേഷിനെ പുറത്താക്കിയ പിള്ളക്ക് പാര്‍ട്ടിക്ക് മന്ത്രിയില്ലെന്ന് പരസ്യമായി പറയേണ്ടിവന്നു. ഗാര്‍ഹിക പീഡന കുരുക്കില്‍പ്പെട്ടാണ് ഒടുവില്‍ ഗണേഷ് കുമാറിന് രാജിവെക്കേണ്ടി വന്നത്.
പി സി ജോര്‍ജും കെ എം മാണിയും അനൗപചാരികമായെങ്കിലും വഴി പിരിയുമ്പോഴും ഒരു ഫോര്‍മുല ഇനിയും രൂപപ്പെട്ടിട്ടില്ല. എം എല്‍ എയെന്ന പ്രൗഢി ഒരു വര്‍ഷവും ചില്ലറ ദിവസവും കൂടെ നിര്‍ത്താന്‍ ഇനിയുള്ള നാളുകളില്‍ കേരളാ കോണ്‍ഗ്രസുകാരനായി തുടരുകയേ ജോര്‍ജിന് നിര്‍വാഹമുള്ളൂ. എന്നാല്‍, അഴിമതിവിരുദ്ധ പോര്‍ക്കളത്തിലേക്കുള്ള എടുത്ത്ചാട്ടം നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈ തുടര്‍ച്ചയുടെ ആയുസ് അത്രയും കാലം ഉണ്ടാകുമോയെന്നൊന്നും ചോദിക്കരുത്. ബാര്‍ കോഴയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. വെളിപ്പെടുത്തലുകളും ശ്രാവ്യവിവരണങ്ങളടങ്ങിയ സി ഡികളും നിരന്തരം പുറത്തുവരികയാണ്. പി സി ജോര്‍ജിലെ അഴിമതിവിരുദ്ധനെ ഏത് നിമിഷവും ചൂടുപിടിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഇവയെല്ലാം. മാണിക്കെതിരായ അന്വേഷണം അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സമയം കൂടിയാണിതെന്ന് ഓര്‍ക്കണം. സലീന പ്രക്കാനം നയിക്കുന്ന ഡി എച്ച് ആര്‍ എം മുതല്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ വി എസ് ഡി പി വരെ പോക്കറ്റിലുള്ളതിനാല്‍ വയറ് പോലെ ജോര്‍ജിന്റെ സമ്മര്‍ദത്തിനും വലിപ്പമുണ്ട്.
ജോര്‍ജിനെതിരായ നിലപാട് കടുപ്പിച്ച് മാണി മൂര്‍ച്ചയുള്ള വാക്കുകള്‍ തന്നെ ഉപയോഗിക്കുമ്പോള്‍ ഇത്രയും ഈ കാലം എന്ത് കൊണ്ട് മിണ്ടാതിരുന്നുവെന്ന് സംശയം തോന്നാം. മകന്റെ പിടലിയില്‍ പിടിക്കുമ്പോഴാണ് ഏതൊരു അച്ഛനും നോവുകയെന്ന സത്യം തിരിച്ചറിഞ്ഞേ പറ്റൂ. സ്വന്തം കഴുത്തിന് നേരെ വാളുയരുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും.
യു ഡി എഫ് സര്‍ക്കാറിന്റെ മധുവിധു തീരും മുമ്പ് കേള്‍ക്കാന്‍ തുടങ്ങിയതാണ് ജോര്‍ജിനെ നിലക്ക് നിര്‍ത്തണമെന്ന ആവശ്യം. കോണ്‍ഗ്രസ് തന്നെയായിരുന്നു ഈ ആവശ്യം ശക്തമായി ഉയര്‍ത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് ടി എന്‍ പ്രതാപനും വി ഡി സതീശനും പലവട്ടം ഈ ആവശ്യം ഉന്നയിച്ചു. സര്‍ക്കാറിന് തലവേദനയാണെന്ന് ഇരുവരും പറഞ്ഞപ്പോള്‍ ഗുളിക കഴിക്കാനായിരുന്നു ജോര്‍ജിന്റെ മറുപടി. ടി എന്‍ പ്രതാപനെ ജാതി വിളിച്ച് ആക്ഷേപിച്ചെന്ന് വരെ വിമര്‍ശം ഉയര്‍ന്നു. ഇതെല്ലാം കേട്ട് കെ എം മാണി കൈയും കെട്ടി നോക്കിനിന്നു. അന്ന് കെ പി സി സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. സര്‍ക്കാറിന്റെ ചീഫ് വിപ്പ് എന്ന പദവിയാണ് നെറ്റിയില്‍ ചാര്‍ത്തിയിരുന്നതെങ്കിലും ജോര്‍ജ് നിയമസഭയില്‍ നല്‍കുന്ന വിപ്പ് അംഗീകരിക്കില്ലെന്ന് അവര്‍ പരസ്യനിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് മാത്രമായി പാര്‍ട്ടി പ്രത്യേകം വിപ്പ് നല്‍കി. യു ഡി എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങള്‍ ജോര്‍ജുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാര വേദിയാക്കി മാറ്റേണ്ടി വന്നു. മന്ത്രിമാര്‍ പലരും ജോര്‍ജിനെതിരെ പരാതിപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ ഗണേഷ്‌കുമാര്‍ വരെ ജോര്‍ജിനെ നിലക്ക് നിര്‍ത്തണമെന്ന ആവശ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഗണേഷ്‌കുമാര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായത് പോലും പി സി ജോര്‍ജ് മുറുക്കിയ കുരുക്കില്‍ കുടുങ്ങിയാണ്. ഗണേഷിനെ ശ്വാസം മുട്ടിച്ച ഘട്ടത്തിലും ജോര്‍ജിനെ സംരക്ഷിക്കുകയായിരുന്നു മാണി.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും ജോര്‍ജിനെ നിയന്ത്രിക്കാന്‍ ആവശ്യം ഉയര്‍ന്നു. ജോസഫ് ഗ്രൂപ്പ് രേഖാമൂലം തന്നെ ഈ ആവശ്യം ഉന്നയിച്ചു. ഒരു യുവതിയുടെ എസ് എം എസ് വിവാദവുമായി ബന്ധപ്പെട്ട് ജോസഫിനെ കുരുക്കാന്‍ ജോര്‍ജ് നടത്തിയ നീക്കങ്ങള്‍ മുതല്‍ ഫ്രാന്‍സിസ് ജോര്‍ജിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റൊന്നും വേണ്ടെന്ന ജോര്‍ജിന്റെ നിലപാട് വരെ ഇവരെ ചൊടിപ്പിച്ച കാരണങ്ങള്‍ നിരവധി. അന്നെല്ലാം “ജോര്‍ജിന്റെ ശൈലി”യില്‍ മാണി ആനന്ദം കണ്ടെത്തി. ജോര്‍ജ് അങ്ങനെയാ, അതൊന്നും കാര്യമാക്കേണ്ട. പി സി ജോര്‍ജിനെക്കുറിച്ചൊന്നും ചോദിക്കരുതെന്ന് വരെ അന്ന് മാണി കട്ടായം പറഞ്ഞു. കൊത്തി മുറത്തില്‍ കൊത്തിയപ്പോഴായിരുന്നു മാണിയുടെ തിരിച്ചറിവ്.
ബാര്‍ കോഴ ആരോപണം വന്ന ഘട്ടത്തില്‍ തന്നെ മാണി രാജി വെക്കേണ്ടതായിരുന്നുവെന്ന ജോര്‍ജിന്റെ നിലപാടാണ് പ്രകോപനം. രാഷ്ട്രീയരംഗത്ത് വിശുദ്ധപദവി സ്വന്തമാക്കാന്‍ വെമ്പല്‍ക്കൊണ്ടിരിക്കെയാണ് ഇടിത്തീ പോലെ “ബാര്‍ കോഴ” മാണിയുടെ തലയില്‍ പതിച്ചത്. പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യം പോക്കറ്റിലിട്ട് നടക്കുമ്പോള്‍ എന്ത് കൊണ്ട് മുഖ്യമന്ത്രിയായിക്കൂടെന്ന ഉള്‍വിളിയാണ് ഈ പരുവത്തിലാക്കിയതെന്ന തിരിച്ചറിവ് മാണിക്കുണ്ട്. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സ് പ്രാഥമികമായി സ്ഥിരീകരിക്കുമ്പോഴും ഇങ്ങനെയൊന്ന് പുറം ലോകമറിഞ്ഞതില്‍ മാണി രാഷ്ട്രീയ ഗുഢാലോചന മണക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെ. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടിക്കുള്ളിലെ സി ഐ ഡികളെ ഏല്‍പ്പിച്ചതാണെങ്കിലും അവരുടെ കണ്ടെത്തല്‍ തല്‍ക്കാലം പുറത്ത് വിടുന്നില്ലെന്നാണ് മാണി പറയുന്നത്. ഇടത്തോട് ചാഞ്ഞിരുന്ന് ചുരുങ്ങിയ കാലമെങ്കിലും മുഖ്യമന്ത്രിയാകാന്‍ മാണി നടത്തിയ നീക്കങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നടത്തിയ തന്ത്രപരമായ നീക്കമാണ് ഈ ആരോപണത്തിന്റെ ഉത്ഭവ കേന്ദ്രമെന്ന് കേരളാ കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നു.
“മാണി സാര്‍ മുഖ്യമന്ത്രിയാകാന്‍ സര്‍വതായോഗ്യനാണെന്ന് കൂടെ നില്‍ക്കുന്നവരെ കൊണ്ട് പറയിപ്പിച്ച് സുഖം കണ്ടെത്തിയ ഘട്ടത്തിലാണ് ഇങ്ങനെയൊരു നീക്കമുണ്ടായതെന്നും പ്രസക്തം. മാണി ഇന്ന് പടിയടച്ച് പിണ്ഡം വെച്ച പി സി ജോര്‍ജ് തന്നെയായിരുന്നു മുഖ്യമന്ത്രി യോഗ്യതാ പ്രചാരണത്തില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയത്. പി സി ജോര്‍ജിന്റെ വിരുദ്ധ ചേരിയില്‍ ജോസഫ് ഗ്രൂപ്പിനൊപ്പമാണെങ്കിലും ആന്റണി രാജുവിനായിരിക്കും ഇക്കാര്യത്തില്‍ രണ്ടാം റാങ്ക്. തോമസ് ഉണ്ണിയാടന്‍ മുതല്‍ ജോസഫ് എം പുതുശ്ശേരി വരെയുള്ള കുഞ്ഞാടുകളും മാണിയുടെ ദൃശ്യമാധ്യമങ്ങളിലെ പ്രതിച്ഛായ നിര്‍മാണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ളവര്‍ മുഖ്യമന്ത്രി പദത്തിന്റെ യോഗ്യതയെക്കുറിച്ച് വാചാലരായപ്പോള്‍ ചിരിച്ച് കൊണ്ട് സംതൃപ്തിയടയുകയായിരുന്നു മാണി. എന്നാല്‍ ബാര്‍ കോഴ വിവാദം കൊടിമ്പിരിക്കൊണ്ട ഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസ് എം നേതൃയോഗം ചേര്‍ന്നെടുത്ത ആദ്യതീരുമാനം ഇനി ആരും മാണി സാര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്ന് പറയരുതെന്നായിരുന്നു. കെ എം മാണിക്ക് തന്നെ തനിക്കൊപ്പമുള്ളവര്‍ക്ക് മുന്നില്‍ ഇങ്ങനെയൊരു ആവശ്യം നിരത്തേണ്ടി വന്നപ്പോള്‍ കെട്ടിപ്പൊക്കിയ ഒരു വിഗ്രഹം ഉടഞ്ഞ് വീണ് തുടങ്ങിയിരുന്നു. ഇതിന്റെ ആഘാതം എത്രത്തോളമായിരിക്കും? ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്റെ ഇനിയുള്ള നിലപാടുകളെയും പി സി ജോര്‍ജിന്റെ തുടര്‍ നീക്കങ്ങളെയും ആശ്രയിച്ചിരിക്കും അത്.

---- facebook comment plugin here -----

Latest