യുദ്ധം തുടരുന്നു: യമനില്‍ 53 പേര്‍ കൊല്ലപ്പെട്ടു

Posted on: April 7, 2015 4:20 am | Last updated: April 7, 2015 at 12:16 am

yemen

കൈറോ: യമനിലെ ആദനില്‍ നടന്ന യുദ്ധത്തില്‍ ചുരുങ്ങിയത് 53 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൂത്തികളും ഹാദി അനുകൂല സൈന്യവും ശക്തമായ പോരാട്ടമാണ് ഇവിടെ നടത്തുന്നത്. 36 ഹൂത്തി വിമതര്‍ കൊല്ലപ്പെട്ടതായി ഹാദി സൈന്യം വ്യക്തമാക്കി. 11 ഹാദി സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. തുടക്കത്തില്‍ ആദന്‍ തുറമുഖം പിടിച്ചടക്കാന്‍ വന്‍ മുന്നേറ്റം ഹൂതികള്‍ നടത്തിയിരുന്നെങ്കിലും സൈന്യം ശക്തമായി പ്രതിരോധിച്ചു.
അതിനിടെ, ശക്തമായ വ്യോമാക്രമണം തുടരുന്നതിനിടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് യമനിലെ ഹൂത്തി വിമതര്‍ രംഗത്തെത്തി. സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണം അവസാനിപ്പിക്കുകയാണെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുതിര്‍ന്ന ഹൂത്തി അംഗം സ്വാലിഹ് അല്‍ശമ്മാസ് അറിയിച്ചു. 11 ദിവസമായി ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസൈന്യം ശക്തമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഹൂത്തികളെ പിന്തിരിപ്പിച്ച് പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ തിരിച്ചെത്തിക്കാനാണ് സഊദിയുടെ ശ്രമം. ഹാദികളും ഹൂത്തികളും യു എന്നിന്റെ മധ്യസ്ഥതയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. അതിനിടെ ഹാദിയുടെ തിരിച്ചുവരവിനെ യമന്‍ ജനത അംഗീകരിക്കില്ലെന്നാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹത്തിന്റെ മുന്‍ ഉപദേശകന്‍ കൂടിയായ സ്വാലിഹ് അല്‍സമദ് പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് ഇപ്പോഴും തങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ സംഭവിച്ചതെല്ലാം മറന്ന് ചര്‍ച്ചയുടെ വഴിയില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണം അവസാനിപ്പിക്കണം എന്ന ഉപാധി തങ്ങള്‍ക്കുണ്ട്. യമനികളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ താത്പര്യപ്പെടാത്ത ആരെങ്കിലും സമാധാന ചര്‍ച്ചകളില്‍ മധ്യസ്ഥരാകുകയും വേണം. മധ്യസ്ഥ ചര്‍ച്ചകളുടെ തത്സമയ വിവരങ്ങള്‍ അപ്പപ്പോള്‍ യമന്‍ ജനതക്ക് മുമ്പില്‍ സംപ്രേഷണം ചെയ്യണം. ഇതുവഴി ആരാണ് സമാധാന ചര്‍ച്ചകള്‍ക്ക് വിഘാതമെന്ന് അവര്‍ക്കും മനസ്സിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും രംഗത്തെത്തി.