സ്വന്തമായി കൂര എന്ന സ്വപ്‌നം

Posted on: April 6, 2015 6:00 pm | Last updated: April 6, 2015 at 6:15 pm

home_plans_1ഗള്‍ഫില്‍ ജീവിതോപാധി കണ്ടെത്തിയ ഭൂരിപക്ഷം പേരുടെയും വലിയ സ്വപ്‌നമാണ് നാട്ടില്‍ സ്വന്തമായി ഒരു വീട്. ഇത് യാഥാര്‍ഥ്യമാക്കുക പക്ഷേ എളുപ്പമല്ല. നാട്ടില്‍ ഭൂമിക്കും കെട്ടിട സാമഗ്രികള്‍ക്കും വില കൂടിക്കൂടി വരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൂലിപ്പണിക്കാര്‍ ധാരാളം എത്തുന്നുണ്ടെങ്കിലും അവര്‍ വിശ്വസ്തരല്ല; കെട്ടിട നിര്‍മാണത്തില്‍ മിടുക്കരുമല്ല.
കേരളത്തില്‍ പട്ടണങ്ങള്‍ക്കു സമീപം ഒരു തുണ്ട് ഭൂമി പോലും കിട്ടാനില്ല. ചിലര്‍ നാട്ടിലേക്ക് അവധിക്കുപോകുമ്പോള്‍ കൈയില്‍ പണം കരുതും. എന്നാല്‍, അന്വേഷണങ്ങള്‍ വിഫലമാകാറാണ് പതിവ്. വെള്ളവും വൈദ്യുതിയും എളുപ്പം ലഭ്യമാകുന്നതും റോഡുള്ളതുമായ ഭൂമിയാണ് ഏവരും അന്വേഷിക്കുന്നത്. ഇടനിലക്കാര്‍ കുറേ സ്ഥലങ്ങള്‍ കാണിക്കുമെങ്കിലും വന്‍വിലയാണ് ആവശ്യപ്പെടുന്നത്. അത് കൊണ്ട്, അത്തവണ മോഹം ഉപേക്ഷിക്കും.
ഇന്ന്, ഗ്രാമ പ്രദേശങ്ങളില്‍ പോലും ഫഌറ്റ് സമുച്ചയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ടെങ്കിലും ‘ഇത്തിരി മണ്ണ്’ സ്വന്തമാക്കുകയും അതിലൊരു വീട് പണിയുകയും വേണം എന്ന ആഗ്രഹമാണ് മിക്കവരിലും ഉള്ളത്. ഫഌറ്റിനായാലും ലക്ഷങ്ങള്‍ ചെലവു ചെയ്യണം. നാട്ടിലെ നിര്‍ധനര്‍ക്ക് ഭരണകൂടത്തിന്റെ സൗജന്യങ്ങളുണ്ട്. ഏവര്‍ക്കും വീട് എന്ന വാഗ്ദാനം നാട്ടിലെ ദരിദ്രരെ സംബന്ധിച്ചുള്ളതാണ്. ഗള്‍ഫിലെ തൊഴിലാളികള്‍ ഭരണകൂടത്തിന്റെ കണ്ണില്‍ സമ്പന്നരാണ്. അത് കൊണ്ടുതന്നെ സൗജന്യങ്ങള്‍ അര്‍ഹിക്കുന്നവരുടെ പട്ടികയില്‍ ഗള്‍ഫിലെ ഇന്ത്യന്‍ ദരിദ്രര്‍പെടില്ല. നാട്ടില്‍ പുറങ്ങളില്‍പോലും സെന്റിന് ഒരു ലക്ഷം രൂപയിലധികം വേണ്ടിവരും. പത്തു സെന്റില്ലാതെ മലയാളിക്ക് വീടും പുരയിടവും ആവില്ല. അങ്ങിനെ വരുമ്പോള്‍ പത്തുലക്ഷത്തിലധികം രൂപ ഭൂമിക്കു വേണ്ടിവരും.
15 ലക്ഷം രൂപയില്‍ കുറഞ്ഞ വീട് നിര്‍മാണം ഏറെക്കുറെ അസാധ്യം. ചെലവു കുറഞ്ഞ വീടിനെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം ഫീച്ചറുകള്‍ വരുന്നുണ്ടെങ്കിലും യാഥാര്‍ഥ്യത്തോടടുക്കുമ്പോള്‍ തകിടം മറിയും. വീടുനിര്‍മാണത്തിന് കരാര്‍ നല്‍കിയ നിരവധിപേര്‍ വട്ടംചുറ്റിക്കൊണ്ടിരിക്കുകയാണ്. സമയ ബന്ധിതമായി വീടുനിര്‍മിച്ചു തരില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. നാട്ടില്‍ ദീര്‍ഘകാലം ചെലവു ചെയ്ത്, സ്വന്തമായി മേല്‍നോട്ടം വഹിച്ച് വീടുനിര്‍മിക്കാന്‍ പലര്‍ക്കും കഴിയില്ല.
വീട് നിര്‍മിക്കാന്‍ ഗള്‍ഫില്‍ അധ്വാനിച്ച് നാട്ടിലെത്തി അല്‍പം വിശ്രമിക്കാം എന്ന് കരുതുന്നവര്‍ മൂഡസ്വര്‍ഗത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്വന്തമായി ഭൂമിയുള്ളവര്‍പോലും വീടിന്റെ പണിപൂര്‍ത്തിയാക്കാന്‍ ഏറെ വിയര്‍ക്കുന്നു. വര്‍ഷങ്ങള്‍ തള്ളിനീക്കേണ്ടിവരുന്നു. ഓരോരോ കടമ്പകളാണ് അവരെ കാത്തിരിക്കുന്നത്. വീടുപണി പകുതി വഴി പിന്നിടുമ്പോള്‍ കാലയവനികക്കുള്ളില്‍ മറയുന്നവര്‍ നിരവധി. വീടിന് ആവശ്യമായ മതിലും വാതിലും മറ്റും ഫാക്ടറിയില്‍ നിര്‍മിച്ച്, വീടിന്റെ തറക്കുമുകളില്‍ സംയോജിപ്പിച്ച് സമയം ലാഭിക്കുന്ന സാങ്കേതിക വിദ്യ പാശ്ചാത്യ നാടുകളിലുണ്ട്. പക്ഷേ, കേരളത്തില്‍ വ്യാപകമല്ല. കോഴിക്കോട് ആസ്ഥാനമായി ഒരു ഫാക്ടറി ഉയര്‍ന്നുവരുന്നത് ആശ്വാസം. എന്നാലും നിര്‍മാണച്ചെലവില്‍ കുറവു വരുമെന്ന പ്രതീക്ഷവേണ്ട.
ഗള്‍ഫ് മലയാളികള്‍ക്ക്, വിശ്വസ്തതയോടെ വീട് നിര്‍മാണം ഏല്‍പിക്കാന്‍ കഴിയുന്ന കണ്‍സള്‍ട്ടന്‍സികളുടെ അഭാവമാണ് പ്രധാന പ്രശ്‌നം. ഇതിനൊരു പരിഹാരം ഗള്‍ഫ് മലയാളീ സംരംഭകര്‍ തന്നെ കാണുന്നതാകും ഉചിതം.