കള്ളപ്പണം: എസ് ഐ ടി പുതിയ നിജസ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Posted on: April 6, 2015 5:30 am | Last updated: April 5, 2015 at 11:15 pm

swissbank111111ന്യൂഡല്‍ഹി: കള്ളപ്പണത്തെ കുറിച്ചന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(എസ് ഐ ടി) ഇതുസംബന്ധിച്ച പുതിയ നിജസ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. വിദേശരാജ്യങ്ങളില്‍ അനധികൃതമായി പണം നിക്ഷേപിച്ച ഇന്ത്യക്കാരെ കുറിച്ചും ഇവര്‍ നടത്തിയ നികുതിവെട്ടിപ്പിനെ കുറിച്ചും വ്യത്യസ്ത ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇവര്‍ക്കെതിരെ സ്വീകരിച്ച നടപടികളെയും അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ റിപ്പോര്‍ട്ട്. എച്ച് എസ് ബി സി ബേങ്കു ഇടപാടുമായി ബന്ധപ്പെട്ട 628 കേസുകളില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ നിരവധി നടപടികള്‍ സ്വീകരിച്ചിരുന്നു.
ഈ മാസത്തിലെ ആദ്യ മൂന്നാഴ്ചക്കകം തന്നെ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രീം കോടതിക്ക് പുറമെ റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി കേന്ദ്ര സര്‍ക്കാറിനും നല്‍കാനും പദ്ധതിയുണ്ട്. 2014-2015 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. വിരമിച്ച മുന്‍ സുപ്രീം കോടതി ജഡ്ജി എം ബാ ഷായാണ് പാനലിന്റെ തലവന്‍. എസ് ഐ ടിക്ക് കീഴിലുള്ള മുഴുവന്‍ ഏജന്‍സികളെയും വിളിച്ചൂകൂട്ടി അടുത്തിടെ രണ്ട് മീറ്റിംഗുകള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചതായിരിക്കും പുതിയ റിപ്പോര്‍ട്ടെന്ന് ഉറപ്പാണ്.
നേരത്തെ ഈ പാനല്‍ രണ്ട് സമഗ്രറിപ്പോര്‍ട്ടുകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു.
കള്ളപ്പണവുമായി ബന്ധപ്പെട്ട എല്ലാ കൃത്രിമങ്ങളും പുറത്തെത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. എസ് ഐ ടിയുടെ സഹായത്തിനായി വിവിധ ഏജന്‍സികളുടെ സഹായവും സഹകരണവും സുപ്രീം കോടതി ഉറപ്പാക്കിയിരുന്നു.