കോട്ടയത്ത് ഈസ്റ്റര്‍ ദിനത്തില്‍ ഘര്‍വാപസി; 51 പേരെ മതം മാറ്റി

Posted on: April 5, 2015 11:32 pm | Last updated: April 5, 2015 at 11:32 pm

VHPകുറിച്ചി (കോട്ടയം): കുറിച്ചിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ ഘര്‍വാപസി സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ക്രിസ്തുമതത്തില്‍ നിന്നുള്ളവരെ മതപരിവര്‍ത്തനം നടത്തിയത്. കുറിച്ചി തൃക്കബാലേശ്വരം മഹാദേവ ക്ഷേത്രത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 21 കുടുംബങ്ങളില്‍ നിന്ന് 51 പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയതായി വി എച്ച് പി നേതാക്കള്‍ അവകാശപ്പെട്ടു.
ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരെയാണ് മതം മാറ്റത്തിന് വിധേയരാക്കിയത്. വിശ്വഹിന്ദു പരിഷത്ത് നേതാവ് എസ് എന്‍ ബി വിജയന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.
ഘര്‍വാപസിക്കെതിരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവ്വത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടയിലാണ് ഈസ്റ്റര്‍ ദിനത്തിലും ജില്ലയില്‍ സംഘപരിവാര സംഘടനകള്‍ ഘര്‍വാപസി നടത്തിയത്. ഘര്‍വാപസിയുടെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇതുവരെ നൂറ്റമ്പതോളം പേരെ മതം മാറ്റിയതായാണ് സംഘപരിവാര്‍ സംഘടനകളുടെ അവകാശവാദം.