Connect with us

National

ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സമ്മേളനം ദു:ഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സംഘടിപ്പിച്ച നടപടിക്കെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രിക്ക് കത്തയച്ചു. പരിപാടിയുടെ ഭാഗമായി ഇന്നലെ ജഡ്ജിമാര്‍ക്ക് മോദി നല്‍കുന്ന വിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു. ജഡ്ജിമാരുടെ മൂന്ന് ദിവസത്തെ സമ്മേളനം ദു:ഖവെള്ളി. ഈസ്റ്റര്‍ ദിനത്തിലാക്കിയതിലുള്ള എതിര്‍പ്പ് അദ്ദേഹം നേരത്തെ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെ അറിയിച്ചിരുന്നെങ്കിലും സമ്മേളവുമായി അദ്ദേഹം മുന്നോട്ട് പോകുകയായിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണത്തില്‍ നന്ദി അറിയിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തങ്ങളുടെ മതത്തിന്റെ പ്രധാന ദിനങ്ങളാണ് ദു:ഖവെള്ളിയും ഈസ്റ്ററും. ഈ ദിനത്തില്‍ മാതാപിതാക്കളുടെയും മറ്റ് കുടുംബാംഗളുടെയും കൂടെ കേരളത്തിലായതിനാല്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.
ദീപാവലി, ഹോളി, ദസറ, ഈദ്, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങി മതപരമായി സുപ്രധാനമായ ദിനങ്ങളായ ദിനങ്ങളില്‍ ഇത്തരത്തിലുള്ള പൊതുപരിപാടികള്‍ നടത്തരുതെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ മതേതരത്വത്തിന്റെ രക്ഷകന്‍ എന്ന നിലക്ക് എല്ലാ മതങ്ങളിലെയും വിശുദ്ധ ദിനങ്ങള്‍ക്ക് തുല്യപരിഗണന നല്‍കണം. ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അക്കാര്യങ്ങള്‍ താങ്കളുടെ മനസ്സിലുണ്ടാകണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ ഓര്‍മിപ്പിക്കുന്നു. എല്ലാ മതങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന തത്വമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം, മതങ്ങളോടുള്ള സഹിഷ്ണുത മാത്രമല്ല മതേതരത്വം എന്നുപറയുന്നത്. മറിച്ച് എല്ലാ മതങ്ങളെയും തുല്യമായി കാണുക കൂടിയാണെന്നും കുര്യന്‍ ജോസഫ് കത്തില്‍ പറയുന്നു. ഈ ആശങ്ക താന്‍ ചീഫ് ജസ്റ്റിസുമായും പങ്ക് വെച്ചതായി അദ്ദേഹം അറിയിച്ചു. എന്നാല്‍ വ്യക്തി താത്പര്യത്തിനനുസരിച്ച് സമ്മേളനം മാറ്റാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജസ്റ്റിസ് കുര്യന്‍ ജോസഫിനു പുറമെ ജസ്റ്റിസ് വിക്രംജിത് സെന്നും ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഒഴിവു ദിനത്തിലാക്കിയത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് സ്ഥിരം കോടതി നടപടികളില്ലാത്ത ദിവസങ്ങളിലായതിനാലാണെന്ന് ചീഫ് ജസ്റ്റിസ് ദത്തു അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.