Connect with us

Articles

ലുസേനിലെ കാരറ്റും വടിയും

Published

|

Last Updated

സ്വിസ്സ് നഗരമായ ലുസേനില്‍ പച്ച വെളിച്ചം തന്നെ തെളിഞ്ഞു. എല്ലാം ശുഭം. എല്ലാവര്‍ക്കും സന്തോഷം, ആശ്വാസം. ഒരു വിന്‍ വിന്‍ ഏര്‍പ്പാട്. ഇറാന്റെ ആണവ അടുക്കളയില്‍ ബോംബ് പോലെ എന്തോ വേവുന്നുണ്ടെന്ന് ചില രഹസ്യാന്വേഷണ സിംഹങ്ങള്‍ 2002ല്‍ കണ്ടെത്തിയ ശേഷം ഇടതടവില്ലാതെ തുടര്‍ന്ന ഭീഷണിക്കും ഉപരോധത്തിനും പോര്‍വിളിക്കുമാണ് ഇടവേളയായിരിക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പു വെച്ച ഇറാന്റെ ഇസ്ഫാഹാന്‍ അടക്കമുള്ള ആണവ നിലയങ്ങളില്‍ അണു ബോംബ് ഉണ്ടാക്കാന്‍ പര്യാപ്തമായ രീതിയില്‍ ആണവ സമ്പുഷ്ടീകരണം നടക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇസ്‌റാഈലിന്റെ ആശങ്ക. അറബ് രാജ്യങ്ങളുടെ അന്താളിപ്പ്. അമേരിക്കയുടെ സുരക്ഷാ ഭീതി. എല്ലാം കൂടിയായപ്പോള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് (ഐ എ ഇ എ) പിടിപ്പതു പണിയായി. അവര്‍ അരിച്ചു പെറുക്കി. ഒന്നും കണ്ടെത്തിയില്ല. എന്നിട്ടും ഇറാനെതിരെ യു എന്നും യു എസും ഇയുവുമെല്ലാം ഉപരോധം ഏര്‍പ്പെടുത്തി. ശിയാ രാഷ്ട്രത്തെ അക്ഷരാര്‍ഥത്തില്‍ ഞെരിച്ചു കളഞ്ഞു. 1979ലെ, ഇസ്‌ലാമിക വിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റത്തിന്റെ പിറകേ അമേരിക്കന്‍ ചേരിക്ക് ഇറാനോടുണ്ടായിരുന്ന ശത്രുത പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെയും ജനജീവിതത്തെയും എങ്ങനെയാണ് അശാന്തമാക്കിയതെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇന്ന് ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ ഇസില്‍ പ്രതിസന്ധി പോലും ഈ ശത്രുതാ കാലത്തിന്റെ തുടര്‍ച്ചയാണ്. ഷാ പഹ്‌ലവി ഭരണകൂടം നിലം പൊത്തിയ ശേഷം അമേരിക്കയോട് ഇറാന്‍ കൈകൊണ്ട സമീപനവും അങ്ങേയറ്റം ശത്രുതാപരമായിരുന്നു. യു എസ് എംബസി ആക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായി അമേരിക്ക വിച്ഛേദിച്ചപ്പോള്‍ ഇത്തരം നയതന്ത്ര അഭിനയങ്ങള്‍ തുടരാതിരിക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ചവരാണ് ഇറാന്‍ ഭരണാധികാരികള്‍. അവര്‍ ഇസ്‌റാഈലിനെ കടന്നാക്രമിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും യു എസിനോട് ഇടഞ്ഞു നില്‍ക്കുന്ന സര്‍വരോടും അവര്‍ സഖ്യത്തിലായി. അഹ്മദി നജാദിന്റെ കാലത്ത് ഈ ശത്രുതാ പ്രകടനങ്ങള്‍ ഉച്ചസ്ഥായിലായി. എന്നാല്‍ ഉപരോധം ഇറാന്‍ സമ്പദ്‌വ്യവസ്ഥയെ വല്ലാതെ ബാധിച്ചു കഴിഞ്ഞിരുന്നു. പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര ഒറ്റപ്പെടല്‍ ഇറാനെ വല്ലാതെ വേദനിപ്പിച്ചു. ക്യൂബ പോലും മാറിച്ചിന്തിക്കുന്നത് അവര്‍ കണ്ടു. ഹസന്‍ റൂഹാനി പ്രസിഡന്റായി വന്നതോടെ ചര്‍ച്ചകള്‍ പൊടി പൊടിച്ചു. ആണവ വിഷയത്തില്‍ പണ്ടേ തുടങ്ങിയ ആറ് രാഷ്ട്ര ചര്‍ച്ച (യു എന്‍ രക്ഷാ സമിതി സ്ഥിരാംഗങ്ങളും ജര്‍മനിയും)യില്‍ നിന്ന് എന്തെങ്കിലും ഒന്ന് ഉരുത്തിരിഞ്ഞ് വരുമെന്ന പ്രതീക്ഷയുണര്‍ന്നത് അങ്ങനെയാണ്.
ആ പ്രതീക്ഷയാണ് ലുസേനിലെ ബ്യൂ റിവേജ് പാലസ് ഹോട്ടലില്‍ പുലര്‍ന്നിരിക്കുന്നത്. ഇറാന്‍ അതിന്റെ ആണവ പരിപാടി പരിമിതപ്പെടുത്തും. പകരം ആ രാജ്യത്തിനെതിരെ പല തലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം ഘട്ടം ഘട്ടമായി പിന്‍വലിക്കും. കരാറായെന്ന് പറയാനാകില്ല. അന്തിമ കരാറിലേക്ക് എത്താന്‍ മൂന്ന് മാസമെങ്കിലും എടുക്കും. എന്നാല്‍ നിര്‍ണായക ധാരണ സാധ്യമായിരിക്കുന്നു. പലവട്ടം ഗോള്‍ പോസ്റ്റ് മാറ്റി മാറ്റി സ്ഥാപിച്ചാണ് ഇവിടെ എത്തിയത്. മാര്‍ച്ച് 31 ആയിരുന്നു നിശ്ചയിച്ചിരുന്ന അന്ത്യശാസന തീയതി. അത് പിന്നെ ഏപ്രില്‍ രണ്ട് വരെയെത്തി. എന്ത്‌കൊണ്ടാണ് ഈ ചര്‍ച്ച ഇത്ര ദീര്‍ഘവും ശ്രമകരവുമാകുന്നത്? ഉത്തരം വളരെ ലളിതമാണ്. എല്ലാവര്‍ക്കും വിജയം അവകാശപ്പെടാവുന്ന ഒരിടത്ത് ചര്‍ച്ച കൊണ്ടെത്തിക്കണം. ഇതായിരുന്നു വെല്ലുവിളി. ഇത്തവണ തെറ്റിപ്പിരിഞ്ഞാല്‍ പിന്നെ പ്രവചനാതീതമായ തലങ്ങളിലേക്ക് കാര്യങ്ങള്‍ വഴുതുമായിരുന്നു. ഇസ്‌റാഈല്‍ അടക്കമുള്ള യുദ്ധക്കൊതിയന്‍മാര്‍ വട്ടമിട്ടു പറക്കുകയാണ്. അതിസങ്കീര്‍ണമായ ദശാസന്ധിയിലൂടെ കടന്ന് പോകുന്ന മേഖലക്ക് ഒരു യുദ്ധം താങ്ങാനാകില്ല. അക്രമോത്സുക അമേരിക്കക്ക് ഇപ്പോഴുള്ള സൈനിക ദൗത്യങ്ങള്‍ തന്നെ വലിയ ബാധ്യതയാണ് വരുത്തിവെക്കുന്നത്. ലോക പോലീസായിപ്പോയില്ലേ. ചര്‍ച്ച പൊളിഞ്ഞാല്‍ ഇറാനെ ശിക്ഷിക്കാതിരിക്കൊനൊക്കുമോ? അത്‌കൊണ്ട് ധാരണ എല്ലാവരുടെയും ആവശ്യമായിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമക്കായിരുന്നു ഈ ധാരണ അവശ്യം ആവശ്യമായിരുന്നത്. അങ്ങേയറ്റം ദുര്‍ബലനായ അമേരിക്കന്‍ പ്രസിഡന്റാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ ഇരു സഭകളിലും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ല. ഏറ്റെടുത്ത സൈനിക ദൗത്യങ്ങളെല്ലാം പരാജയമാണ്. മാറ്റത്തിനായി വന്ന കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റിന് രണ്ടാമൂഴം പൂര്‍ത്തിയാക്കാന്‍ പോകുമ്പോഴും തന്റെതു മാത്രമായ മുദ്ര പതിപ്പിക്കാനായില്ലല്ലോ എന്ന വേദനയുണ്ട്. ലോകത്തിന് മുന്നില്‍ അമേരിക്കയുടെ പ്രതിച്ഛായ മാറ്റുമെന്ന് പ്രഖ്യാപിച്ച് അധികാരമേറ്റെടുത്തയാളാണ്. ചട്ടമ്പി ഇമേജില്‍ നിന്ന് ഈ രാഷ്ട്രത്തെ ഒരടി മുന്നോട്ട് നയിക്കാനായില്ല. ഇറാഖ് കൂടുതല്‍ അശാന്തമാണ്. ഗ്വാണ്ടനാമോയില്‍ ഇന്നും പീഡനം തുടരുന്നു. അഫ്ഗാനില്‍ സ്ഥിതി സങ്കീര്‍ണമാണ്. ഉസാമയെ കൊന്ന് കടലില്‍ തള്ളിയിട്ടും അമേരിക്ക പേടിച്ച് വിറക്കുകയാണ്. ഇസില്‍ ബ്രഹ്മാസ്ത്രം നാശം വിതച്ച് കുതിക്കുക തന്നെയാണ്. ഈ കുഴപ്പങ്ങള്‍ക്കിടയില്‍ ആശ്വസിക്കാന്‍ ഒരു ക്യൂബ അല്ലെങ്കില്‍ ഒരു ഇറാന്‍ വേണം ഒബാമക്ക്. ബെഞ്ചമിന്‍ നെതന്യാഹുവും റിപ്പബ്ലിക്കന്‍ അംഗങ്ങളും പച്ചക്ക് അധിക്ഷേപിച്ചിട്ടും തന്റെ ഇറാന്‍ പദ്ധതിയില്‍ ഒബാമ ഉറച്ച് നിന്നത് അത് കൊണ്ടാണ്. അകത്തും പുറത്തും പറഞ്ഞ് നില്‍ക്കാവുന്ന ഒരു വിജയം അദ്ദേഹത്തിന് അനിവാര്യമായിരുന്നു.
കാരറ്റ് ആന്‍ഡ് സ്റ്റിക്ക് നയം വിജയം കാണുമ്പോള്‍ അമേരിക്കന്‍ ചേരി നേടുന്നത് എന്തൊക്കെയാണ്? ഈ ധാരണ ഇറാന്റെ അഗ്നിച്ചിറക് അരിയുന്നുവെന്ന് പറയാതെ വയ്യ. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള സെന്‍ട്രിഫ്യൂഗുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കാന്‍ ഇറാന്‍ സന്നദ്ധമായിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 19,000ത്തില്‍ നിന്ന് വെറും 6,104 ആയി വെട്ടിച്ചുരുക്കും. ഇതില്‍ തന്നെ 5000 സെന്‍ട്രിഫ്യൂഗുകള്‍ മാത്രമേ യഥാര്‍ഥത്തില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. വരുന്ന പതിനഞ്ച് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഒരു പ്ലാന്റ് പോലും നിര്‍മിക്കില്ല. ഫോര്‍ദോ ആണവ നിലയം അടച്ചു പൂട്ടി അത് ന്യൂക്ലിയര്‍ ഫിസിക്‌സ് പഠന കേന്ദ്രമാക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ആണവ കേന്ദ്രങ്ങളില്‍ തോന്നുമ്പോഴൊക്കെ പരിശോധന നടത്താം. പ്ലൂട്ടോണിയം വഴി ബോംബുണ്ടാക്കിക്കളയുമെന്ന ഭീതിയും വേണ്ട. ഇതിനായുള്ള ഹെവി വാട്ടര്‍ റിയാക്ടര്‍ ആയ അരാക് നിലയത്തിന്റെ പ്രവര്‍ത്തനവും ഘട്ടം ഘട്ടമായി അവസാനിപ്പിക്കും. ചുരുക്കത്തില്‍ ആണവ ശക്തിയാകാനുള്ള ഇറാന്റെ അഭിവാഞ്ജ എന്നെന്നേക്കുമായി അസ്തമിക്കുകയാണ്.
അവര്‍ക്ക് പകരം ലഭിക്കുന്നതോ? യു എസും ഇയുവും യു എന്നും അടിച്ചേല്‍പ്പിച്ച ഉപരോധങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കും. ഇറാനിലേക്ക് ആയുധ കയറ്റുമതിക്കുള്ള നിയന്ത്രണം നീങ്ങും. ഇറാനിയന്‍ പ്രമുഖരുടെ സ്വത്ത് മരവിപ്പിച്ചത് നീക്കും. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇ യുവും അമേരിക്കയും ജപ്പാനും ദക്ഷിണ കൊറിയയും ഏര്‍പ്പെടുത്തിയ നിരോധം നീങ്ങും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ഇക്കാര്യത്തില്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള തീട്ടൂരങ്ങളും പിന്‍വലിക്കും. ഇത് ചില്ലറ കാര്യമല്ല. 2013ല്‍ ഇറാന്റെ പ്രതിദിന എണ്ണ കയറ്റുമതി ഏഴ് ലക്ഷം ബാരലുകള്‍ മാത്രമായിരുന്നു. 2011ല്‍ പ്രതിദിന ശരാശരി 22 ലക്ഷം ബാരലുകളാണെന്നോര്‍ക്കണം. ഉപരോധം നീങ്ങുന്നതോടെ പൊതു വ്യാപാര മേഖലയിലുണ്ടാകുന്ന ഉണര്‍വും വളരെ വലുതായിരിക്കും. അന്താരാഷ്ട്ര വേദികളില്‍ ഇറാന്റെ സ്ഥാനം തന്നെ മാറും. സമ്മോഹനമായ ഇരിപ്പിടങ്ങള്‍ കൈവരും. “തിന്‍മയുടെ അച്ചുതണ്ടാ”യ ഇറാന്‍ പഴങ്കഥയാകും.
ആണവ ചര്‍ച്ചയില്‍ രണ്ട് പക്ഷത്തേയും നേതാക്കള്‍ പരസ്പരം നോക്കിയാണ് സംസാരിച്ചതെങ്കിലും യഥാര്‍ഥത്തില്‍ അവരുടെ നോട്ടം സ്വന്തം നാട്ടിലെ വിമര്‍ശകരിലേക്കായിരുന്നു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിക്കും വിദേശകാര്യ മന്ത്രി ജവാദ് ള്വരീഫിനും ഇടഞ്ഞ് നില്‍ക്കുന്ന നിരവധി ഘടകങ്ങളുമായി ഇടപെടേണ്ടതുണ്ടായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഈ തൊട്ട് രാജ്യത്തെ യാഥാസ്ഥിതിക പ്രതിപക്ഷം വരെ അവരെ കടിച്ചു കീറാന്‍ കാത്തു നില്‍ക്കുകയായിരുന്നു. നാട്ടില്‍ ചെന്ന് പറയാന്‍ കാര്യമായ ചില ന്യായീകരണങ്ങള്‍ പ്രാഥമിക ധാരണയില്‍ തന്നെ വേണമെന്ന് അവര്‍ ശഠിച്ചു. ഉപരോധം നീങ്ങുന്ന നല്ല കാലത്തെ കുറിച്ച് മധുര സ്വപ്‌നം കാണുന്നവരാണ് ധാരണാ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തിയത്. ഒരര്‍ഥത്തില്‍ അത് സര്‍ക്കാര്‍ അനുകൂലികളുടെ രാഷ്ട്രീയ പ്രകടനം മാത്രമായിരുന്നു. ഈ ധാരണ ദഹിക്കാത്ത നിരവധി ഗ്രൂപ്പുകള്‍ ഇറാനിലുണ്ട്. അത് തിരിച്ചറിയുന്നത് കൊണ്ടാണ് ജവാദ് ള്വരീഫ് പറഞ്ഞത്: “ഇത് എല്ലാവര്‍ക്കും ഗുണമുള്ള കരാറാണ്. പക്ഷേ ഭാവിയില്‍ ഉണ്ടാകുന്ന ഏത് ഇടപെടലും ഈ കരാറിനെ അപ്രസക്തമാക്കും”. അമേരിക്കയില്‍ ഒബാമയും കടുത്ത വിമര്‍ശം നേരിടുന്നു. ഇസ്‌റാഈല്‍ ലോബിയോടും റിപ്പബ്ലിക്കന്‍ എതിരാളികളോടും ഒബാമയും പറയുന്നു: “ഇത് വിന്‍ വിന്‍ കരാറാണ്. അതുവഴി ഇറാന്റെ അണുബോംബ് നാം അസാധ്യമാക്കിയിരിക്കുന്നു. ഇറാന്‍ ഇനി ചതി കാണിച്ചാല്‍ ലോകം അറിയും”.
ശരിയാണ്. ഇരുപക്ഷത്തിനും നേട്ടമുണ്ട്. പക്ഷേ യഥാര്‍ഥ നേട്ടം ആര്‍ക്കാണ്? സംശയിക്കേണ്ട. അമേരിക്കന്‍ ചേരിക്ക് തന്നെ. ഇറാന്റെ ആണവ സ്വപ്‌നങ്ങളെ അവര്‍ തല്ലിത്തതര്‍ത്തു. ആണവ സമ്പുഷ്ടീകരണം വെട്ടിക്കുറക്കുന്നതിനുള്ള സമയക്രമം ഇപ്പോള്‍ തന്നെ നിലവില്‍ വന്നുവെന്നോര്‍ക്കണം. എന്നാല്‍ ഉപരോധം പിന്‍വലിക്കുന്നതിന് ഒരു സമയക്രമവും ഇല്ല. അത് ഇറാന്റെ പ്രവൃത്തി നോക്കി അപ്പപ്പോള്‍ തീരുമാനിക്കും. ഇറാന്‍ സദാ നിരീക്ഷണത്തില്‍ തന്നെയായിരിക്കും. പിന്നെ ഇറാനോടുള്ള തൊട്ടു കൂടായ്മ അവസാനിപ്പിച്ചതാണെങ്കില്‍ അത് ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയുടെ ആവശ്യമാണ്. ഇസിലിനെ നേരിടാന്‍ ഇറാനെ വേണം. യമന്‍ പ്രശ്‌നത്തിലും ഇറാനെക്കൂട്ടിയേ തീരൂ. ഇതാണ് യഥാര്‍ഥ കാരറ്റ് ആന്‍ഡ് സ്റ്റിക്ക് തന്ത്രം. വടിയില്‍ ഒരു കാരറ്റ് കെട്ടുക. മുന്നോട്ട് നീട്ടിപ്പിടിക്കുക. നാവ് നീട്ടി കഴുത അതിന് പിറകേ പോകും. ഹാ എത്ര സുന്ദരം.
ലുസേനില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല ചെയ്യുന്നത്. തുടങ്ങുകയാണ്. അവിശ്വാസത്തിന്റെ ദിനങ്ങള്‍ തന്നെയാകും വരാനിരിക്കുന്നത്. അന്തിമ കരാറിലെത്തുന്നതിനുള്ള മൂന്ന് മാസത്തിനിടക്ക് തന്നെ ഉടക്കുകള്‍ തുടങ്ങും. ഇസ്‌റാഈല്‍ ഈ കുത്തിത്തിരിപ്പില്‍ പ്രധാന പങ്കു വഹിക്കും. അമേരിക്കയില്‍ ഉണ്ടാകുന്ന ഭരണമാറ്റം പോലും കരാറിനെ സ്വാധീനിച്ചേക്കാം. തത്കാലം യുദ്ധഭീതിയൊഴിഞ്ഞുവെന്ന ആശ്വാസത്തിന് മാത്രമാണ് ലൂസേനിലെ പച്ച വെളിച്ചം ഇടം നല്‍കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്