‘ടെറ്റ്’ തോറ്റ 3000 പ്രൈമറി അധ്യാപകര്‍ക്ക് ബീഹാറില്‍ ജോലി പോയി

Posted on: April 4, 2015 12:05 am | Last updated: April 4, 2015 at 12:05 am

Bihar-teachers-testപറ്റ്‌ന: ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റി(ടെറ്റ്)ല്‍ പരീക്ഷയില്‍ തോറ്റ 3,000 പ്രൈമറി സ്‌കൂള്‍ അധ്യാപകരെ പുറത്താക്കാന്‍ പറ്റ്‌ന ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് തവണ ടെസ്റ്റെഴുതിയിട്ടും വിജയിക്കാത്ത താത്കാലിക അധ്യാപകര്‍ക്കാണ് ജോലി പോയത്. അതേസമയം കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പധികൃതര്‍ അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. രണ്ട് തവണ പരീക്ഷക്കിരുന്നിട്ടും പാസാകാത്ത മുഴുവന്‍ അധ്യാപകരെ കുറിച്ചും വിവരം നല്‍കാന്‍ കോടതി സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് തവണ പരീക്ഷക്കിരുന്നിട്ടും വിജയിക്കാത്ത തന്നെ പുറത്താക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി റിസ്‌വാന ഖാത്തൂന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുമ്പില്‍ മറ്റ് വഴികളൊന്നുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2012ല്‍ രണ്ട് തവണ ‘ടെറ്റ്’ എഴുതിയിട്ടും വിജയിക്കാത്ത 151 അധ്യാപകരെ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളികളില്‍ നിന്ന് പുറത്താക്കിയിരുന്നു.