സുപ്രീം കോടതി ശിക്ഷ ശരിവെച്ചു; സര്‍ക്കാര്‍ ജീവനക്കാരന്റെ മുഖത്തടിച്ച മന്ത്രി രാജിവെച്ചു

Posted on: April 4, 2015 12:03 am | Last updated: April 4, 2015 at 12:03 am

പനാജി: ഒരു സര്‍ക്കാര്‍ ജീവനക്കാരനെ കൈയേറ്റം ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട ഗോവയിലെ~ഗ്രാമ വികസന മന്ത്രി ഫ്രാന്‍സിസ്‌കൊ മിക്കി പഷേകൊ സംസ്ഥാന മന്ത്രിസഭയില്‍ നിന്നും രാജിവെച്ചു. ശിക്ഷാ വിധി സുപ്രീംകോടതി ശരിവെച്ചതോടെയാണ് ഇന്നലെ മന്ത്രി രാജി സമര്‍പ്പിച്ചത്.
ഗോവ വികാസ് പാര്‍ട്ടിക്കാരനായ പച്ചേകൊ തന്റെ രാജിക്കത്ത് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സെകറുടെ ഓഫീസിലേക്ക് അയക്കുകയായിരുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലാണ്. മന്ത്രിയുടെ രാജി് സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് അയച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി നിയമിതനായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറിലാണ് പഷെകൊയെ ഗോവന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഡ്യൂട്ടിയിലായിരുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരനെ 2006 ജൂലൈ മാസത്തില്‍ മുഖത്തടിച്ച കേസില്‍ മന്ത്രി പഷെകൊയെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് ശിക്ഷിച്ചിരുന്നു. ശിക്ഷ നടപ്പാക്കുന്നത് സ്റ്റെ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി പച്ചെകൊ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്.
2014 ജൂലൈ 17ലെ ഹൈക്കോടതി വിധിക്കെതിരെ മന്ത്രി പഷേകൊ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക ലീവ് ഹരജി, ജസ്റ്റിസുമാരായ എഫ് എം ഐ കലീഫുള്ള, ശിവ കീര്‍ത്തി സിംഗ് എന്നിവരുള്‍പ്പെട്ട ബഞ്ച് ഈ വാരാദ്യത്തിലാണ് തള്ളിക്കളഞ്ഞത്. ഇതോടെ പഷേകൊ ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കണം. 1500 രൂപ പിഴയും അടക്കണം.