Connect with us

Wayanad

വിദ്യാഭ്യാസ വായ്പക്കാരുടെ ചിത്രങ്ങളും ബേങ്ക് പരസ്യപ്പെടുത്തുന്നു, ജപ്തി നോട്ടീസുകള്‍ വ്യാപകം

Published

|

Last Updated

കല്‍പ്പറ്റ: വയനാട്ടിലെ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങിയവരുടെയും പടങ്ങള്‍ കുറ്റവാളികളുടേത് പോലെ പ്രസിദ്ധപ്പെടുത്തുന്നു. പോക്കറ്റടിക്കാരുടെയും കൊടുംക്രിമിനലുകളുടെയും പടങ്ങള്‍ പോലീസ് പൊതുജന ശ്രദ്ധക്കായി പ്രസിദ്ധീകരിക്കുന്നതിന് ഏറെക്കുറെ തുല്യമായ അവസ്ഥയിലാണ് ബാങ്കുകളുടെയും നടപടി. ബത്തേരിയിലെ ഒരു പൊതുമേഖലാ ബാങ്കില്‍ വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശികയുള്ള 15 യുവതി-യുവാക്കളുടെ പടങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
കാര്‍ഷിക വായ്പ അടക്കമുള്ളവയില്‍ തിരിച്ചടവ് മുടങ്ങിയവരുടെ പടങ്ങളും ഈ ബാങ്കില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കും വിധം പ്രദ്ധീകരിച്ചിട്ടുണ്ട്. പുല്‍പള്ളിയിലെ ഒരു പൊതുമേഖലാ ബാങ്ക് ശാഖയില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് മുടങ്ങിയ ഏഴ് പേരുടെ പടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായ്പയെടുത്ത് നഴ്‌സിംഗ് പോലുള്ള കോഴ്‌സുകള്‍ പഠിച്ച് ജോലിയൊന്നുമില്ലാതെ നില്‍ക്കുന്ന യുവതികളുടെ വിവാഹം പോലും ഇത് മൂലം മുടങ്ങുമെന്ന് ബാങ്ക് അധികൃതര്‍ ചിന്തിക്കുന്നതേയില്ല. ചില ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പാ കുടിശിക ഈടാക്കാന്‍ ജപ്തി നോട്ടീസുകള്‍ തുരുതുരാ അയയ്ക്കുകയാണ്. പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി മേഖലയിലാണ് വിദ്യാഭ്യാസ വായ്പയ്ക്ക് കൂടുതല്‍ ജപ്തി നോട്ടീസുകള്‍ അയച്ചിട്ടുള്ളത്.ഈ മേഖലയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പ കൊടുത്തിട്ടുള്ളത് നഴ്‌സിംഗ് പഠനത്തിനാണ്. വിദേശത്ത് അടക്കം അനന്തമായ തൊഴില്‍ സാധ്യത നിലനില്‍ക്കുന്നുവെന്ന ഏജന്‍സികളുടെ വാക്ക് വിശ്വസിച്ച് വഞ്ചിക്കപ്പെട്ടവരാണ് ഇവരില്‍ ഏറെയും. പെരിക്കല്ലൂരിലെ ഒരു പൊതുമേഖലാ ബാങ്ക് കബനിഗിരിയില്‍ അഞ്ച് സെന്റ് സ്ഥലം മാത്രമുള്ള നിര്‍ധനയായ വീട്ടമ്മയുടെ അടച്ചുറപ്പു പോലുമില്ലാത്ത വീടിന്റെ വാതിലില്‍ ജപ്തി നോട്ടീസ് പതിച്ചു. രണ്ട് പെണ്‍മക്കളോടൊത്ത് കൂലിവേല ചെയ്ത് കുടുംബം പുലര്‍ത്തുന്ന വീട്ടമ്മയ്ക്ക് എട്ട് ലക്ഷത്തിന്റെ ജപ്തി നോട്ടീസാണ് ബാങ്ക് പതിച്ചിട്ടുള്ളത്.
ബി എസ് സി നഴ്‌സിംഗ് പഠനത്തിന് മകള്‍ക്കായി എടുത്ത വായ്പയുടെ പേരിലാണ് നോട്ടീസ്. നഴ്‌സിംഗ് കഴിഞ്ഞ മകള്‍ക്കാവട്ടെ ഇനിയും വരുമാനമുള്ള ജോലി പോലും ലഭിച്ചിട്ടില്ല. കബനിഗിരി പ്രദേശത്ത് മാത്രം ജപ്തി നോട്ടീസുകള്‍ ലഭിച്ചിട്ടുള്ളവരുടെ എണ്ണം പതിനഞ്ചില്‍ ഏറെയാണ്. ബാങ്കുകളും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം വായ്പാ കുടിശിക ഈടാക്കാന്‍ ജപ്തിയും കരസ്ഥപ്പെടുത്തലും ആരംഭിച്ചതോടെ ജില്ലയില്‍ ആയിരക്കണക്കില്‍ നിര്‍ധന കുടുംബങ്ങള്‍ വലിയ ആശങ്കയിലാണ്. താമസിക്കുന്ന വീടിനും കൈവശ ഭൂമിക്കും ഏത് സമയവും പുതിയ അവകാശികള്‍ കടുവരുമെന്ന ഭീതിയാല്‍ ഇത്തരം വീടുകളില്‍ തീ തിന്ന് കഴിയുകയാണ് ആയിരങ്ങള്‍. കൈവശമുള്ള ഭൂമിയില്‍ ഒരുതുണ്ട് വിറ്റെങ്കിലും കടം വീട്ടാമെന്ന് കരുതിയാല്‍ അതും വയനാടിന്റെ മിക്ക ഭാഗത്തും നടക്കുന്നില്ല. നിത്യ ചെലവിനും രോഗ ചികില്‍സയ്ക്കും പോലും വക കാണാതെ പകച്ചുനില്‍ക്കുവര്‍ക്ക് മേലാണ് ബാങ്കുകളുടെയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടേതും അടക്കമുള്ള ജപ്തിനോട്ടീസുകളും കരസ്ഥപ്പെടുത്തല്‍ പരസ്യങ്ങളും വന്നുകൊണ്ടിരിക്കുന്നത്. കാര്‍ഷിക വായ്പ അടക്കമുള്ള കടങ്ങളുടെ പേരില്‍ വിവിധ ബാങ്കുകള്‍ ഇപ്പോള്‍ നടത്തുന്നത് സെക്യൂരിറ്റൈസേഷന്‍ ആക്ട് പ്രകാരമുള്ള കരസ്ഥപ്പെടുത്തല്‍ നോ”ീസ് പ്രചാരം കൂടിയ പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയാണ്. കേരള ഗ്രാമീ ണ്‍ ബാങ്ക്, വിജയ ബാങ്ക്, കനറാബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകള്‍ മാര്‍ച്ച് മാസത്തില്‍ മാത്രം പ്രചാരം കൂടിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ ഇരുനൂറിലേറെ വരും. ഇവയെല്ലാം തന്നെ ഏറ്റവും സാധാരണക്കാരുടേതോ പാവപ്പെട്ടവരുടേതോ ആണ്. എടുത്തിട്ടുള്ള വായ്പയുടെ രണ്ടും മൂന്നം ഇരട്ടി വരെയുള്ള തുകയും പരസ്യ ചാര്‍ജും അടക്കമുള്ള തുകയ്ക്ക് ഈടായി കൊടുത്തിട്ടുള്ള വസ്തുവും അതിലെ എടുപ്പുകളും കരസ്ഥപ്പെടുത്തിയിരിക്കുന്നു എന്ന് പൊതുജനങ്ങളെ അറിയിക്കുതാണ് നോട്ടീസ്. കേരള ഗ്രാമീ ബാങ്കിന് മാത്രം വയനാ”ില്‍ അഞ്ഞൂറിലേറെ കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ ഇനിയും പരസ്യപ്പെടുത്താനുണ്ടത്രെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എസ് ബി ടി, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പുതുതലമുറാ ബാങ്കുകള്‍ എന്നവയ്‌ക്കെല്ലാം ഏതാണ്ട് ഇതിനോടടുപ്പിച്ച കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ പ്രസിദ്ധീകരിക്കാനുണ്ട്. ബാങ്ക് കരസ്ഥപ്പെടുത്തിയതായി നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ ഈ വസ്തുവില്‍ യഥാര്‍ഥ ഉടമയ്ക്ക് അവകാശമില്ലാതാവും. അത് തിരികെ കിട്ടണമെങ്കില്‍ ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള തുകയും ഒപ്പം പരസ്യ ചാര്‍ജും ലീഗല്‍ ഫീസും അടക്കമുള്ളത് തിരിച്ചടച്ച് വീണ്ടും ബാങ്കില്‍ നിന്ന് തിരികെ വസ്തു രജിസ്ട്രര്‍ ചെയ്ത് വാങ്ങണം. നിത്യ ചെലവിന് പോലും നിവൃത്തിയില്ലാത്തവരുടെ പക്കല്‍ നിന്ന് ഇത്തരത്തില്‍ തുക അടച്ച് തിരിച്ചെടുക്കല്‍ നടക്കാനിടയില്ല. ഈ സാഹചര്യത്തില്‍ കരസ്ഥപ്പെടുത്തല്‍ നോട്ടീസ് പ്രസിദ്ധീകരിച്ച വസ്തുക്കള്‍ ബാങ്ക് തന്നെ ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. കുടുംബം കഴിയാന്‍ പോലും നിവൃത്തിയില്ലാതെ പ്രതിസന്ധിയില്‍ അകപ്പെട്ട പാവങ്ങളും കൂലിവേലക്കാരുമാണ് ഇപ്പോള്‍ നടപടി നേരിടുന്നവരില്‍ മഹാഭൂരപിക്ഷവും. ജില്ലയില്‍ വിവിധ ബാങ്കുകളുടെയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെയും നടപടി നേരിടുന്നവര്‍ അയ്യായിരത്തില്‍ ഏറെയുണ്ടെന്നാണ് കണക്ക്.