ലീഗ് കോട്ടകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വിമത കണ്‍വെന്‍ഷന്‍

Posted on: April 3, 2015 10:52 am | Last updated: April 3, 2015 at 10:52 am

തിരൂര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗ് കോട്ട ചുവപ്പിക്കാന്‍ കോണ്‍ഗ്രസ് വിമതരുടെ വിപുലമായ സമ്മേളനം ഇന്ന് വൈലത്തൂരില്‍ ചേരും. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി ഭരണം കയ്യാളുന്ന മുസ്‌ലിം ലീഗില്‍ നിന്നും അധികാരം തിരിച്ച് പിടിക്കുകയാണ് വിമത കൂട്ടായ്മയുടെ ലക്ഷ്യം.
സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും ഇടത് നേതാവുമായ പലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചകള്‍ക്ക് മുമ്പ് വിമത നേതാക്കളുമായി തിരൂരില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നണിയെന്ന വിപുലമായ കൂട്ടായ്മക്ക് രൂപം നല്‍കുകയായിരുന്നു. മുന്‍ കെ പി സി സി അംഗവും പൊന്നാനിയില്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇടത് സ്വതന്ത്രനായി ജനവിധി തേടിയ വി അബ്ദുര്‍റഹിമാന്റെ നേതൃത്വത്തിലാണ് ജനകീയ മുന്നണിയുടെ പ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് വിമതരുള്ള പൊന്മുണ്ടം പഞ്ചായത്തിലാണ് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇന്ന് കണ്‍വെന്‍ഷന്‍ നടക്കുക. പൊന്മുണ്ടം പഞ്ചായത്തിന് പുറമെ ചെറിയമുണ്ടം, ഒഴൂര്‍ പഞ്ചായത്തുകളിലും ജനകീയ മുന്നണിക്ക് വ്യക്തമായ സാന്നിധ്യമുണ്ട്.
വരും ദിവസങ്ങളില്‍ യു ഡി എഫില്‍ നിന്നും അസംതൃപ്തരായ നേതാക്കളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ജനകീയ മുന്നണി വ്യാപിപ്പിക്കാനാണ് തീരുമാനം. വൈകീട്ട് നാലിന് വൈലത്തൂര്‍ കെ പി എം ഓഡിറ്റോറിയത്തിലാണ് കണ്‍വെന്‍ഷന്‍. ജനകീയ മുന്നണി ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റുമായ ആര്‍ കോമുക്കുട്ടി, കണ്‍വീനര്‍ സി പി എം നേതാവ് കെ പി ബീരാന്‍കുട്ടി, ട്രഷറര്‍ പ്രദേശത്തെ ലീഗ് നേതാവായിരുന്ന എ സി മുഹമ്മദ് കുട്ടി എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും. ജനകീയ മുന്നണിയുടെ പ്രഥമ സമ്മേളനം വി അബ്ദുര്‍റഹിമാന്‍ ഉദ്ഘാടനം ചെയ്യും.