പി പി ഉസ്താദിനെ ഓര്‍ക്കുമ്പോള്‍

Posted on: April 3, 2015 5:59 am | Last updated: April 2, 2015 at 11:53 pm

pp-usthad-newപണ്ഡിതനും സംഘാടകനും സുന്നീ നേതാവും പ്രഭാഷകനും എഴുത്തുകാരനുമെല്ലാമായിരുന്നു പാറന്നൂര്‍ പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ജീവിതം മുഴുവന്‍ സുന്നീ പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച വ്യക്തി.
നൂറുല്‍ ഉലമ എം എ ഉസ്താദ് പ്രസിഡന്റും സുല്‍ത്താനുല്‍ ഉലമ കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായുള്ള എസ് വൈ എസിന്റെ സുവര്‍ണകാലം. സംസ്ഥാനത്തൊട്ടാകെ യൂനിറ്റുകള്‍ രൂപം കൊണ്ടതും മര്‍കസ് അടക്കമുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചതും പൊതു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതുമൊക്കെ ഈ കാലഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ അണിയറയില്‍ ശക്തമായ പ്രവര്‍ത്തനത്തിനുണ്ടായിരുന്നവരില്‍ ഒരാള്‍ പി പി ഉസ്താദായിരുന്നു. ഗതാഗത സൗകര്യങ്ങളും വാര്‍ത്താവിനിമയ സംവിധാനവുമൊന്നും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ഘട്ടത്തില്‍, കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടി നടന്നുള്ള സംഘടനാ പ്രവര്‍ത്തനം ശ്രമകരമായിരുന്നു.
1989 കാലങ്ങളില്‍ സുന്നീ സംഘടനാ രംഗത്ത് പ്രശന്ങ്ങള്‍ ശക്തമായിവന്നു. സമസ്തയെ അതിന്റെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ രാഷ്ട്രീയക്കാരുടെ ശ്രമമുണ്ടായി. എസ് വൈ എസ് എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ ചിലര്‍ നോക്കി. മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനം പരസ്യമായി തന്നെ സുന്നികള്‍ക്കെതിരെ വന്നു. പല പ്രവര്‍ത്തകരും ശത്രുക്കളുടെ അക്രമത്തില്‍ മരിച്ചു. ഈ നിര്‍ണായക ഘട്ടത്തില്‍ ശത്രുക്കളെ ആശയപരമായി സധീരം നേരിട്ടത് അണ്ടോണ ഉസ്താദും പി പി ഉസ്താദും മറ്റുമായിരുന്നു.
സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ പല പ്രദേശങ്ങളിലും പുതിയ മദ്‌റസകള്‍ ഉണ്ടായി. എന്നാല്‍, അവ പലതും ഷെഡുകളിലാണ് പ്രവര്‍ത്തിച്ചത്. കെട്ടിട നിര്‍മാണത്തിനും മറ്റുമായി ഭാരവാഹികള്‍ വിദ്യാഭ്യാസ ബോര്‍ഡിനെ സമീപിക്കാന്‍ തുടങ്ങി. ഈ ഘട്ടത്തില്‍ വിപുലമായ ലക്ഷ്യങ്ങളോടെ മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ രൂപവത്കരണത്തിന് മുന്നിട്ടിറങ്ങിയതും മഹല്ലുകളെയും മറ്റു സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി സുന്നീ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്ന പേരില്‍ വിപുലീകരിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴിലുള്ള മുഅല്ലിം ക്ഷേമനിധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവണ് അദ്ദേഹം. മുഅല്ലിംകളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച അദ്ദേഹമാണ് എസ് എം എയുടെ യോഗത്തില്‍ അവര്‍ക്ക് പെന്‍ഷന്‍ പദ്ധതി എന്ന ആശയം മുന്നോട്ട് വെക്കുന്നത്.
സ്ഥാപനങ്ങളുടെ കാര്യത്തിലും പി പി ഉസ്താദിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. നരിക്കുനി ബൈത്തുല്‍ ഇസ്സ ഇതിന് തെളിവാണ്. മറ്റു സ്ഥാപനങ്ങള്‍ ആലോചിക്കുന്നതിനു മുമ്പ് തന്നെ ഏറ്റവും പുതിയ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി ആര്‍ട്‌സ് കോളജ് ആരംഭിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. വലിയ സേവനങ്ങളാണ് ആ സ്ഥാപനം ഇന്ന് നിര്‍വഹിക്കുന്നത്.
ജീവിതത്തിലെ വലിയൊരു സമയവും സുന്നീ സംഘടനയെക്കുറിച്ച് ആലോചിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത നേതാവണ് അദ്ദേഹം. നര്‍മരസത്തോടെയും ധീരമായും പ്രസംഗിക്കും. രസകരമായും നിരന്തരമായും എഴുതും. ദര്‍സ് നടത്തും. അങ്ങനെ എല്ലാ രംഗങ്ങളിലും അദ്ദേഹം തിളങ്ങിനിന്നു. കേരള യാത്രയുടെ സ്വീകരണ യോഗത്തിലേക്ക് ഹോസ്പിറ്റലില്‍ നിന്നെത്തി അവസാനത്തെ പൊതുപരിപാടിയിലും പങ്കെടുത്താണ് ഉസ്താദ് നമ്മോട് വിട പറഞ്ഞത്. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷത്തിലാക്കട്ടെ.
ആമീന്‍