അല്‍ ഐനില്‍ അറബ് പ്രവേശന പരീക്ഷാ തലവന്മാരുടെ സമ്മേളനം

Posted on: April 2, 2015 8:01 pm | Last updated: April 2, 2015 at 8:01 pm

emarat-now76അല്‍ ഐന്‍: യു എ ഇ സര്‍വകലാശാല അറബ് രാഷ്ട്രങ്ങളിലെ പ്രവേശന പരീക്ഷ വിഭാഗം തലവന്മാരുടെ സമ്മേളനം സംഘടിപ്പിച്ചു. യു എ ഇ ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര-ഗവേഷണ മന്ത്രിയും സര്‍വകലാശാല മുഖ്യ രക്ഷാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ മേല്‍ നോട്ടത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. മാര്‍ച്ച് 31 മുതല്‍ തുടങ്ങിയ സമ്മേളനം ഇന്ന് അവസാനിക്കും. അല്‍ ഐന്‍ നഗരത്തിലുള്ള സര്‍വകലാശാല ക്രസന്റ് കെട്ടിട ഹാളിലാണ് സമ്മേളനം. പ്രവേശന പരീക്ഷ നടത്തിപ്പ് മേഘലയിലെ പ്രമുഖരായ 300ല്‍ അധികം പ്രതിനിധികളാണ് സംബന്ധിക്കുന്നത്. സംയുക്ത അറബ് സംഘടനയിലെ അംഗങ്ങളായ വിവിധ രാഷ്ട്രങ്ങളിലെ 108 സര്‍വകലാശാലകളെ പ്രതിനിധീകരിച്ചാണ് ഇത്രയും പേര്‍ സമ്മേളനത്തിനെത്തിയിരിക്കുന്നത്. ഇമാറാത്ത്, സഊദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് സംഘടനയില്‍ അംഗത്വമുള്ളവര്‍ ഉള്ളത്. 35 പ്രബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അമേരിക്കയില്‍ നിന്നുള്ള നാല് മുഖ്യ പ്രഭാഷകരുടെ സാന്നിധ്യമുണ്ട്. മേഖലയിലെ പുത്തന്‍ വെല്ലുവിളികള്‍, പരിഹാരം കണ്ടെത്തുക, പ്രവേശന നടപടി കള്‍ പരിഷ്‌കരിക്കുന്നതിന് പുത്തന്‍ സാങ്കേതിക വിദ്യയുടെ സമന്വയം തുടങ്ങിയവയും സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചകളുടെ ഭാഗമാണ്.

പ്രവേശന മേഖലയിലെ പുത്തന്‍ പ്രവണതകള്‍, അക്കാദമിക്ക് നിലവാരം ഉയര്‍ത്താന്‍ ഉതകുന്ന മാനദണ്ഡങ്ങള്‍, ആഗോളതലത്തിലും പ്രാദേശിക തലത്തിലും ഈ രംഗത്തെ പുത്തന്‍ കാല്‍വെപ്പുകള്‍ തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളാകും. രണ്ട് ദിവസങ്ങളിലായി തുടരുന്ന ചര്‍ച്ച സമ്മേളനം ഇന്ന് സമാപിക്കും.