ബാര്‍ കോഴ: ബാബുവിനെതിരെയും കേസെടുക്കണം: പിള്ള

Posted on: April 2, 2015 7:42 pm | Last updated: April 2, 2015 at 7:43 pm

balakrishna-pillai3തിരുവനന്തപുരം: മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ മാണിയുടെ അഴിമതി കുറിച്ച് പറഞ്ഞിരുന്നതായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍.ബാലകൃഷ്ണപിള്ളയുടെ മൊഴി. അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതായും ബാര്‍ക്കോഴ അന്വേഷിക്കുന്ന വിജിലന്‍സ് എസ്പിക്ക് ബാലകൃഷ്ണപിള്ള മൊഴി നല്‍കി. മാണിക്കെതിരെ കേസെടുത്തെങ്കില്‍ കെ.ബാബുവിനെതിരെ കേസെടുക്കണമെന്നും പിള്ള പറഞ്ഞു.
സ്വകാര്യസംഭാഷണത്തിലാണ് കെ.എം.മാണിയുടെ അഴിമതികളെ കുറിച്ച് രണ്ട് മന്ത്രിമാര്‍ പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ്. അതിനാല്‍ പേര് വെളിപ്പെടുത്തില്ലെന്നും പിള്ള പറഞ്ഞു. കൊട്ടാരക്കരയിലുള്ള ബാറുമകളില്‍ നിന്നും അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നു. മൂന്ന് പ്രാവശ്യം മുഖ്യമന്ത്രിയെ നേരിട്ടും കത്തിലൂടെയും അഴിമതിയെ കുറിച്ച് അറിയിച്ചിരുന്നു. പക്ഷെ നടപടിയുണ്ടായില്ല. ബിജുരമേശ് തന്നെ വിളിച്ചപ്പോഴാണ് അഴിമതിയെ കുറിച്ചുള്ള അറിവ് പറഞ്ഞതെന്നും എസ്പി സുകേശന് ബാലകൃഷ്ണപിള്ള മൊഴി നല്‍കി. തമ്പാന്നൂരിലെ ഓഫീസില്‍ വച്ചാണ് ഒന്നേകാല്‍ മണിക്കൂര്‍ മൊഴിയെടുത്തത്. അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കൊടുത്ത കത്തുകള്‍ പുറത്തുവിടുമെന്ന് മൊഴി നല്‍കിയ ശേഷം ബാലകൃഷ്ണപിള്ള പറഞ്ഞു.