അശോക് ഖേംകയെ വീണ്ടും സ്ഥലം മാറ്റി

Posted on: April 2, 2015 1:25 pm | Last updated: April 2, 2015 at 11:20 pm

AshokKhemkhaചണ്ഡീഗഢ്: സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാധ്രയുടെ വിവാദ ഭൂമിയിപാടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ട്  ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയ്ക്ക് വീണ്ടും സ്ഥലം മാറ്റം. ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള 23 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിലെ 45ാമത്തെ സ്ഥലം മാറ്റമാണിത്. ഹരിയാന കേഡറിലുള്ള അദ്ദേഹത്തെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതുവരെ വേട്ടയാടിയതെങ്കില്‍ ഇത്തവണ ബിജെപി സര്‍ക്കാരാണ് സ്ഥലം മാറ്റിയത്.
സ്ഥലം മാറ്റം ഏറെ വേദനാജനകാണെന്ന് ഖേംക ട്വിറ്ററില്‍ കുറിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സ്ഥാനത്ത് നിന്ന് പുരാവസ്തു മ്യൂസിയം വകുപ്പിലേക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. അമിതഭാരം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഖേംക ബിജെപിയുടെ കണ്ണിലെ കരടായത്. ഇതേത്തുടര്‍ന്ന് ഗാതഗതമന്ത്രിയായ രാംബിലാസ് ശര്‍മ്മയുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.