അയ്യായിരത്തോളം കുടുംബങ്ങള്‍ ജപ്തി ഭീഷണിയില്‍

Posted on: April 2, 2015 10:14 am | Last updated: April 2, 2015 at 10:14 am

കല്‍പറ്റ: ബാങ്കുകളും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുമെല്ലാം വായ്പാ കുടിശിക ഈടാക്കാന്‍ ജപ്തിയും കരസ്ഥപ്പെടുത്തലും ആരംഭിച്ചതോടെ ജില്ലയില്‍ ആയിരക്കണക്കില്‍ നിര്‍ധന കുടുംബങ്ങളുടെ ഉറക്കം പോലും നഷ്ടപ്പെട്ടു. താമസിക്കുന്ന വീടിനും കൈവശ ഭൂമിക്കും ഏത് സമയവും പുതിയ അവകാശികള്‍ കടന്നുവരുമെന്ന ഭീതിയാല്‍ ഇത്തരം വീടുകളില്‍ പലതിലും അടുപ്പില്‍ തീ പോലും പുകയുന്നില്ല.
കൈവശമുള്ള ഭൂമിയില്‍ ഒരുതുണ്ട് വിറ്റെങ്കിലും കടം വീട്ടാമെന്ന് കരുതിയാല്‍ അതും വയനാടിന്റെ മിക്ക ഭാഗത്തും നടക്കുന്നില്ല. നിത്യ ചെലവിനും രോഗ ചികില്‍സയ്ക്കും പോലും വക കാണാതെ പകച്ചുനില്‍ക്കുന്ന വര്‍ക്ക് മേലാണ് ബാങ്കുകളുടെയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടേതും അടക്കമുള്ള ജപ്തിനോട്ടീസുകളും കരസ്ഥപ്പെടുത്തല്‍ പരസ്യങ്ങളും കൈ കൊണ്ടിരിക്കുന്നത്. കേരള സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് എഴുനൂറോളം പേര്‍ക്കാണ് ജപ്തി നോട്ടീസുകള്‍ അയച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും ചില ജനപ്രതിനിധികളുടെയും ഇടപെടല്‍ കൊണ്ട് ഭവന നിര്‍മാണ ബോര്‍ഡിന്റെ ജപ്തി നടപടികള്‍ക്ക് ആറ് മാസത്തെ സാവകാശം സര്‍ക്കാര്‍ അനുവദിച്ചത് വലിയ ആശ്വാസമായി.
എല്ലാ കാര്‍ഷിക വായ്പയും വിദ്യാഭ്യാസ വായ്പയും അടക്കമുള്ള കടങ്ങളുടെ പേരില്‍ വിവിധ ബാങ്കുകള്‍ ഇപ്പോള്‍ നടത്തുത് സെക്യൂരിറ്റൈസേഷന്‍ ആക്ട് പ്രകാരമുള്ള കരസ്ഥപ്പെടുത്തല്‍ നോട്ടീസ് പ്രചാരം കൂടിയ പത്രങ്ങളില്‍ പരസ്യപ്പെടുത്തുകയാണ്. കേരള ഗ്രാമീണ ബാങ്ക്, വിജയ ബാങ്ക്, കനറാബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകള്‍ മാര്‍ച്ച് മാസത്തില്‍ മാത്രം പ്രചാരം കൂടിയ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ ഇരുനൂറിലേറെ വരും. ഇവയെല്ലാം തന്നെ ഏറ്റവും സാധാരണക്കാരുടേതോ പാവപ്പെട്ടവരുടേതോ ആണ്.
എടുത്തിട്ടുള്ള വായ്പയുടെ രണ്ടും മൂന്നും വരെയുള്ള തുകയും പരസ്യ ചാര്‍ജും അടക്കമുള്ള തുകയ്ക്ക് ഈടായി കൊടുത്തിട്ടുള്ള വസ്തുവും അതിലെ എടുപ്പുകളും കരസ്ഥപ്പെടുത്തിയിരിക്കുന്നു. പൊതുജനങ്ങളെ അറിയിക്കുന്നതാണ് നോട്ടീസ്. കേരള ഗ്രാമീണ ബാങ്കിന് മാത്രം വയനാട്ട’ില്‍ അഞ്ഞൂറിലേറെ കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ ഇനിയും പരസ്യപ്പെടുത്താനുണ്ടത്രെ.
സ്റ്റേറ്റ് ബാങ്ക് ഓഫാ ഇന്ത്യ, എസ് ബി ടി, കനറാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പുതുതലമുറാ ബാങ്കുകള്‍ എിവയ്‌ക്കെല്ലാം ഏതാണ്ട് ഇതിനോടടുപ്പിച്ച കരസ്ഥപ്പെടുത്തല്‍ നോട്ടീസുകള്‍ പ്രസിദ്ധീകരിക്കാനുണ്ട്. ബാങ്ക് കരസ്ഥപ്പെടുത്തിയതായി നോട്ടീസ് പ്രസിദ്ധീകരിച്ചാല്‍ ഈ വസ്തുവില്‍ യഥാര്‍ഥ ഉടമയ്ക്ക് അവകാശമില്ലാതാവും. അത് തിരികെ കിട്ടണമെങ്കില്‍ ബാങ്ക് നിര്‍ദേശിച്ചിട്ടുള്ള തുകയും ഒപ്പം പരസ്യ ചാര്‍ജും ലീഗല്‍ ഫീസും അടക്കമുള്ളത് തിരിച്ചടച്ച് വീണ്ടും ബാങ്കില്‍ നിന്ന് തിരികെ രജിസ്ട്രര്‍ ചെയ്ത് വാങ്ങണം.
അതായത് പുതുതായി വസ്തുവാങ്ങുന്നതിന്റെ നടപടികളെല്ലാം വേണമെന്നര്‍ഥം. നിത്യ ചെലവിന് പോലും നിവൃത്തിയില്ലാത്തവരുടെ പക്കല്‍ നിന്ന് ഇത്തരത്തില്‍ തുക അടച്ച് തിരിച്ചെടുക്കല്‍ നടക്കാനിടയില്ല. ഈ സാഹചര്യത്തില്‍ കരസ്ഥപ്പെടുത്തല്‍ നോട്ടീസ് പ്രസിദ്ധീകരിച്ച വസ്തുക്കള്‍ ബാങ്ക് തന്നെ ലേലത്തില്‍ വില്‍ക്കാറാണ് പതിവ്. ഇതിന് പുറമെയാണ് കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പറേഷന്‍ അടക്കമുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നോട്ടീസുകള്‍.
പിന്നോക്ക വികസന കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ വയനാട്ടില്‍ ജപ്തിയും ലേലവും തുടങ്ങിയിരുു. അമ്പലവയല്‍ റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസില്‍ നിന്ന് ഇത്തരം വസ്തുക്കളുടെ ലേല വിവരം അടങ്ങുന്ന പത്രക്കുറിപ്പ് മിക്ക ദിവസങ്ങളിലും ഇറങ്ങുന്നു.
പത്തോ പതിനഞ്ചോ സെന്റ് സ്ഥലം മാത്രമുള്ളവരാണ് പിന്നോക്ക വികസന കോര്‍പറേഷന്റെ ജപ്തിക്ക് ഇരയാവുന്നത്. കാര്‍ഷിക മേഖലയില്‍ പിടിമുറുക്കിയിട്ടുള്ള പ്രതിസന്ധി വയനാട്ടില്‍ ഇതുവരെ മാറിയിട്ടില്ല. അതുകൊണ്ട് തന്നെ ദരിദ്ര-നാമമാത്ര കര്‍ഷകര്‍ പോലും തൊഴില്‍ ഉറപ്പ് പോലുള്ള ജോലികള്‍ക്കും കൂലിവേലയ്ക്കും പോയാണ് കുടുംബം പോറ്റുന്നത്. മറ്റ് ചിലര്‍ ഒന്നോ രണ്ടോ കന്നുകാലികളെ വളര്‍ത്തി കഷ്ടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തുന്നു.
പാടിച്ചിറ വില്ലേജില്‍ മാത്രം 417ഓളം കര്‍ഷകരാണ് ജപ്തി നടപടി നേരിടുന്നത്. നെന്മേനി വില്ലേജില്‍ ഇത് മുന്നൂറോളം വരും. ഇരുളം, പുല്‍പള്ളി, കേണിച്ചിറ, പേര്യ, കാട്ടിക്കുളം, കൃഷ്ണഗിരി, മൂപ്പൈനാട്, അമ്പലവയല്‍ തുടങ്ങിയ വില്ലേജുകളിലും ജപ്തി നടപടികള്‍ നേരിടുന്നവരുടെ എണ്ണം ഇരുനൂറ്റന്‍പതില്‍ അധികമാണ്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ജപ്തി നടപടി നേരിടുന്നവര്‍ ജില്ലയില്‍ ഏറ്റവും ചുരുങ്ങിയത് അയ്യായിരത്തിലേറെ പേരുണ്ടൊന്നണ് അനൗദ്യോഗിക കണക്ക്.
ഇതില്‍ എന്‍പത് ശതമാനം പേര്‍ക്കും ഒരുതരത്തിലും കടം അടച്ചു പുതുക്കാന്‍ പോലും നിവൃത്തയില്ലാത്തവരാണ്. എന്നാല്‍ ഈ സാമൂഹിക യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചുകൊണ്ടാണ് ധനകാര്യ സ്ഥാപനങ്ങള്‍ നടപടിയുമായി മുന്നോട്ടുപോവുന്നത്.