മൂന്ന് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന വി എസിന്റെ കത്ത് വിജിലന്‍സ് തള്ളി; വീണ്ടും കത്തയച്ചു

Posted on: April 2, 2015 5:10 am | Last updated: April 2, 2015 at 12:11 am

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് പങ്കുണ്ടെന്നും ഇവര്‍ക്കെതിരെ എഫ ്‌ഐ ഐര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന വിഎസ് അച്യുതാനന്ദന്റെ ആവശ്യം വിജിലന്‍സ് തള്ളി. വിജിലന്‍സിനു നല്‍കിയ കത്തിനൊപ്പം വി എസ് നല്‍കിയ ബാറുടമകളുടെ ശബ്ദരേഖ അവ്യക്തമാണെന്നു ചൂണ്ടിക്കാട്ടിയാണിത്. പരാതിയോടൊപ്പം നല്‍കിയ രേഖകളില്‍ വ്യക്തതയില്ലെന്നും കേസെടുക്കാനാകില്ലെന്നും വ്യക്തമാക്കി വിജിലന്‍സ് ഡയറക്റ്റര്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കി. ഇതിന് പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് വീണ്ടും കത്ത് നല്‍കി. ആദ്യ കത്തിനോടൊപ്പം നല്‍കിയ സി ഡിയില്‍ ചില വ്യക്തികള്‍ കൂട്ടായി നടത്തുന്ന സംഭാഷണങ്ങളാണുള്ളത്. സംഭാഷണങ്ങളുടെ ആധികാരികതയും ഉറവിടവും പരിശോധനയില്‍ മനസ്സിലാക്കാനായില്ലെന്നു വിജിലന്‍സ് പറയുന്നു. ഏതോ ചില വ്യക്തിക്കളുടെ അസ്പഷ്ടവും അപര്യാപ്തവും അവ്യക്തവുമായ സംഭാഷണങ്ങളാണു സിഡിയിലുള്ളത്്. ഇവയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും വി എസിന് നല്‍കിയ മറുപടിയില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ച് 28 ന് ഇതേ ആവശ്യമുന്നയിച്ച് അയച്ച കത്തിനു നല്‍കിയ മറുപടിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് വിജിലന്‍സ് അറിയിച്ചത്. അതിനോടുള്ള പ്രതികരണമായാണു വിജിലന്‍സ് ഡയറക്ടര്‍ക്കു വിഎസ് വീണ്ടും കത്തയച്ചത്.