ഈജിപ്തിനുള്ള സൈനിക സഹായം തുടരാന്‍ യു എസ് തീരുമാനം

Posted on: April 2, 2015 5:09 am | Last updated: April 2, 2015 at 12:09 am

വാഷിംഗ്ടണ്‍: ഈജിപ്തിനുള്ള സൈനിക സഹായം യു എസ് തുടരും. സൈനിക സാമഗ്രികള്‍ നല്‍കുന്നത് നേരത്തെ അമേരിക്ക അവസാനിപ്പിച്ചിരുന്നു. ഏകദേശം രണ്ട് വര്‍ഷം മുമ്പ് കൈറോയില്‍ സൈനിക ഭരണം സ്ഥാപിതമായതോടെയായിരുന്നു അമേരിക്ക സഹായം നിര്‍ത്തിവെച്ചിരുന്നത്. ഈജിപ്ഷ്യന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തിന് ശേഷമാണ് തീരുമാനം പുറത്ത് വിട്ടത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ സമാധാനത്തിനായി അമേരിക്കയോട് കൂടെ പ്രവര്‍ത്തിച്ചിരുന്ന ഈജിപ്ത്, ആഭ്യന്തര കലാപങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്ന് മോചനം നേടി വരുകയാണ്. അതുപോലെ ലിബിയയില്‍ നിന്നുള്ള ചില തീവ്രവാദി സംഘടനകളോടും രാജ്യത്തുള്ള ഇസില്‍ പോലുള്ള തീവ്ര വാദികളോടും പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈജിപ്ത്. ഇറാനുമായി സഖ്യത്തിലുള്ള യമനിലെ വിമതരുമായി പോരാടുന്നതിന് ഒരു ഏകീകൃത അറബ് സൈന്യം രൂപവത്കരിക്കുന്നതിനുള്ള ശ്രമത്തിലാണ് സീസി. ഈജിപ്തിലെ സൈനിക സഹായത്തിനായി പ്രതിവര്‍ഷം 1.3 ലക്ഷം കോടി രൂപ നല്‍കുന്നതിന് യു എസ് കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമെന്ന് സീസിയോട് ഒബാമ പറഞ്ഞു. അതേസമയം 2018 സാമ്പത്തിക വര്‍ഷത്തോടെ ഈജിപ്തിന് ആയുധം വാങ്ങാന്‍ വായ്പയായി നല്‍കുന്ന സഹായം നിര്‍ത്തിവെക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.