സോളാര്‍ ഇംപള്‍സ് 2 വിമാനം ചൈനയിലെ ചാംഗ്കിംഗ് എയര്‍ പോര്‍ട്ടിലിറങ്ങി

Posted on: April 1, 2015 7:00 pm | Last updated: April 1, 2015 at 7:22 pm

അബുദാബി: സൗരോര്‍ജത്തില്‍ ലോകസഞ്ചാരത്തിന് പുറപ്പെട്ട സോളാര്‍ ഇംപള്‍സ് 2 വിമാനം ചൈനയിലെ ചാംഗ്കിംഗ്എയര്‍ പോര്‍ട്ടില്‍ ഇറങ്ങി. പ്രാദേശിക സമയം രാവിലെ 1.35നാണ് ഇറങ്ങിയത്. മോശം കാലാവസ്ഥ കാരണം മ്യാന്മറില്‍ നിന്നും ചൈനയിലേക്കുള്ള യാത്ര വൈകിയിരുന്നു. ഒരാഴ്ച്ചക്കാലമായി മ്യാന്മറിലെ മാണ്ഡലയിലെ കേന്ദ്രത്തിലാണ് സോളാര്‍ ഇംപള്‍സ് 2 വിമാനവും പൈലറ്റുമാരായ ബര്‍ട്രാന്റ് പിക്കാര്‍ഡും ആന്‍ട്രെ ബോര്‍ഷ്‌ബെര്‍ഗും സംഘവുമുണ്ടായിരുന്നത്. ഇവിടെ നിന്നും ഏകദേശം 270 കിലോമീറ്റര്‍ ദൂരമുള്ള ചൈനയിലെ ന്യാംജിംങ്ങിലേക്ക് പോകും. കലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ 20 മണിക്കൂര്‍ കൊണ്ട് 1,300 ല്‍ അധികം കിലോമീറ്ററുകള്‍ താണ്ടി മ്യാന്മറില്‍ നിന്നും സോളാര്‍ ഇംപള്‍സ് ചൈനയിലെത്തിയത്. അതിശൈത്യമാണ് ഈ യാത്രയില്‍ പൈലറ്റ് അഭിമുഖീകരിക്കാനിടയുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹിമാലയന്‍ മലനിരകള്‍ക്ക് മുകളിലൂടെ മൈനസ് 20 ഡിഗ്രീ സെല്‍ഷ്യസ് ഊഷ്മാവിലാണ് വിമാനം മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയില്‍ പറക്കുക. മോശം കാലാവസ്ഥകാരണം യാത്ര വൈകിയ ഒരാഴ്ച്ചക്കാലം മ്യാന്മാറില്‍ സുസ്ഥിര ഊര്‍ജ സാങ്കേതങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളിലായിരുന്നു സോളാര്‍ ഇംപള്‍സ് സംഘം.

അബുദാബി അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും മാര്‍ച്ച് ഒന്‍പതിനാണ് സോളാര്‍ ഇംപള്‍സ് രണ്ടിന്റെ ഐതിഹാസികമായ ലോക യാത്രക്ക് തുടക്കമായത്. 2015 ജൂലൈ അവസാന വാരമോ ആഗസ്റ്റ് ആദ്യവാരമോ ലോകം ചുറ്റി അബുദാബിയിലെത്തിച്ചേരുമെന്ന കണക്ക്കൂട്ടലിലാണ് സംഘം. എന്നാല്‍ കാലാവസ്ഥകളില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള സങ്കീര്‍ണതകള്‍ വിമാനത്തിന്റെ യാത്ര വൈകിപ്പിക്കാന്‍ ഇടയാക്കും.