Connect with us

Wayanad

ജില്ലാ ആശുപത്രിയില്‍ സകല പരിശോധനകള്‍ക്കും ഫീസ് നിരക്ക് കൂട്ടി

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ പ്രാഥമിക സൗകര്യങ്ങളോ മരുന്നിന്റെ ലഭ്യതയോ ഡോക്ടര്‍മാരുടെ സേവനമോ ഒന്നും മെച്ചപ്പെടുത്താതെ തന്നെ പരിശോധനാ ഫീസുകളിലെല്ലാം വന്‍ വര്‍ധനവ്. ഇന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാനാണ് തീരുമാനം. അഡ്മിഷന്‍ കാര്‍ഡിന് നാല് രൂപയുണ്ടായിരുന്നത് 20 രൂപയായാണ് വര്‍ധിപ്പിച്ചത്. വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന അറുപതോളം ടെസ്റ്റുകളുടെ ഫീസാണ് കുത്തനെ ഉയര്‍ത്തിയിട്ടുള്ളത്. ടി ബി പരിശോധനയ്ക്ക് ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 രൂപയുണ്ടായിരുന്ന പരിശോധനാഫീസ് 50 രൂപയായി ഉയര്‍ത്തി. ഇതേ ടെസ്റ്റിന് എ പി എല്‍ വിഭാഗത്തില്‍ നിന്ന് ഇതുവരെ ഈടാക്കിയിരുന്ന 50 രൂപ 80 ആയി വര്‍ധിപ്പിച്ചു. കൊളസ്‌ട്രോള്‍-ഷുഗര്‍ രോഗങ്ങളുമായി ബന്ധപ്പെട്ട സി ബി സി-ഇ എസ് ആര്‍ പരിശോധനാ ഫീസ് ബി പി എല്‍ വിഭാഗത്തിന് 40ല്‍ നിന്ന് 60 രൂപയായി വര്‍ധിപ്പിച്ചു. ഇതേ ടെസ്റ്റിന് എ പി എല്‍ വിഭാഗക്കാര്‍ക്ക് 60 രൂപയില്‍ നിന്ന് 100 ആയാണ് ഉയര്‍ത്തിയിട്ടുള്ളത്. സി ആര്‍ പി ടെസ്റ്റിന് ബി പി എല്‍ വിഭാഗത്തിന് 40ല്‍ നിന്ന് 70 രൂപയായും എ പി എല്‍ വിഭാഗത്തിന് 70ല്‍ നിന്ന് 100 രൂപയായും വര്‍ധിപ്പിച്ചു. ഇലക്‌ട്രോലൈറ്റ് ടെസ്റ്റിന് ബി പി എല്‍ വിഭാഗത്തിന് 40 രൂപയില്‍ നിന്ന് 70 ആയും ബി പി എല്‍ വിഭാഗത്തിന് 70ല്‍ നിന്ന് 100 രൂപയായും കൂട്ടി. മൂത്ര പരിശോധനാ ഫീസ് ബി പി എല്‍ വിഭാഗത്തിന് 20 രൂപയില്‍ നിന്ന് 30 ആയും എ പി എല്‍ വിഭാഗത്തിന് 30ല്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി. ആല്‍ബിന്‍ പരിശോധനാ ഫീസ് ബി പി എല്‍ വിഭാഗത്തിന് 130ല്‍ നിന്ന് 150 രൂപയാക്കി., ഇതേ ടെസ്റ്റിന് എ പി എല്‍ വിഭാഗക്കാരോട് ഈടാക്കിയിരുന്ന 200 രൂപ 250 രൂപയായും ഉയര്‍ത്തി. നിരക്ക് വര്‍ധനവില്‍ നിന്ന് ചെലവ് കുറഞ്ഞ പരിശോധനകള്‍ പോലും ഒഴിവാക്കിയിട്ടില്ല.

ഒരു തത്വദീക്ഷയുമില്ലാതെ നിരക്ക് വര്‍ധനവ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരെ പൊതുജനങ്ങളെ കൂടി സഹകരിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും എ ഐ വൈ എഫ് താലൂക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ജില്ലാ ആശുപത്രിയുടെ ശോച്യാവസ്ഥയ്ക്ക് ഇനിയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കാതെ ഇവിടെ എത്തുന്ന സാധാരണക്കാരെയും പാവങ്ങളെയും പിഴിയാനുള്ള തീരുമാനം മനുഷ്യത്വ രഹിതമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ അധികൃതര്‍ക്കാവുന്നില്ല. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും കഴിയുന്നില്ല. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഫലവത്തായ നടപടികളൊന്നുമില്ല. ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തില്‍ തുകഞ്ഞ പരാജയമാണ്. എന്നിട്ടും നിരക്ക് വര്‍ധനവ് നടപ്പാക്കി കൊണ്ട് പാവങ്ങളെയും സാധാരണക്കാരെയും ഇവിടെ നിന്ന് അകറ്റാനും ചികില്‍സാ സേവനം പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാക്കാനുമുള്ള ഗൂഢ അജണ്ടയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്നും എ ഐ വൈ എഫ് ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് സി പി മുഹമ്മദാലി, പടയന്‍ ഇബ്രാഹിം, രഞ്ജിത്ത് കമ്മന, സലാം തോട്ടോളി, കെ വി ഷിനോജ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest