മുന്നൂറ് ബാറുകള്‍ക്ക് പൂട്ട് വീണു; അഞ്ച് ജില്ലകളില്‍ ബാറില്ല

Posted on: April 1, 2015 6:02 am | Last updated: April 1, 2015 at 10:55 am

barതിരുവനന്തപുരം: ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയോടെ സംസ്ഥാനത്ത് ഇന്നലെ രാത്രി തന്നെ മുന്നൂറ് ബാറുകള്‍ക്ക് കൂടി പൂട്ട് വീണു. ആദ്യ ഘട്ടത്തില്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് പുറമെയാണിത്. ഇതോടെ ഇനി 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം. 228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍ സ്റ്റാര്‍ ബാറുകളും എട്ട് ഹെറിറ്റേജ് ബാറുകളും പൂട്ടിയവയില്‍ ഉള്‍പ്പെടും. ലൈസന്‍സ് കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ബാറുകള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കേണ്ട ആവശ്യമില്ല.
കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടുന്ന മുന്നൂറ് ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് അപേക്ഷ നല്‍കാം. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വഴിയാണ് ലൈസന്‍സിന് അപേക്ഷ നല്‍കേണ്ടത്. 2014 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ലൈസന്‍സ് നല്‍കുക. ഇതിനായി നിലവാര പരിശോധന നടത്തും.
24 ഫൈവ് സ്റ്റാര്‍ ബാറുകളില്‍ നാലെണ്ണം ഡീലക്‌സ് പദവിയുള്ളവയാണ്. ബാര്‍ കേസ് ഉടലെടുക്കുന്ന സമയത്ത് ഇരുപത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. പീന്നീട് നാലെണ്ണം കൂടി അനുവദിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ എറണാകുളത്താണ്- ഒമ്പത്. അതില്‍ രണ്ടെണ്ണം ഡീലക്‌സാണ്. തലസ്ഥാന ജില്ലയില്‍ ആറ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നു. കൊല്ലത്തും കോട്ടയത്തും രണ്ട് വീതം ഫൈവ് സ്റ്റാറുകളുള്ളപ്പോള്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ ഓരോ ഫൈവ് സ്റ്റാര്‍ ബാറുകളാണ് പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് ഫൈവ് സ്റ്റാര്‍ ബാറുകളില്ലാത്ത ജില്ലകള്‍. പൂട്ടുന്ന ബാറുകളിലെ മദ്യം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് സൂക്ഷിക്കും. ഇവ ബിവറേജസ് കോര്‍പറേഷന്‍ വഴി തിരിച്ചെടുക്കാന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പക്ഷേ, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് നടപ്പായിട്ടില്ല.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഓരോ ഒക്‌ടോബറിലും പത്ത് ശതമാനം വീതം ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടും. സംസ്ഥാനത്ത് ആകെ കെ എസ് ബി സിയുടെ 335 ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ 35ഉം ഉള്‍പ്പെടെ 370 എണ്ണമാണുണ്ടായിരുന്നത്. ഇതില്‍ രണ്ട് ഘട്ടമായി 49 എണ്ണം പൂട്ടിയതോടെ 321 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

പഞ്ചനക്ഷത്രബാറുകള്‍: തിരുവനന്തപുരം-6,എറണാംകുളം-9,കോട്ടയം-2,കൊല്ലം-2,ഇടുക്കി-1,കോഴിക്കോട്-1,മലപ്പുറം-1,കാസര്‍കോട്-1,ആലപ്പുഴ-1