Connect with us

Articles

നിര്‍വചനങ്ങള്‍ക്കപ്പുറം ഒരു ജീവിതം

Published

|

Last Updated

നൂറുല്‍ ഉലമ എം എ ഉസ്താദ് വിട പറഞ്ഞിട്ട് 40 ദിവസം തികയുന്നു. സാത്വികനായ പണ്ഡിതന്‍, ധിഷണാശാലിയായ ചിന്തകന്‍, ഗ്രന്ഥകാരന്‍, സംഘാടകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയെയാണ് ഉസ്താദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ജനങ്ങളില്‍ വെച്ചേറ്റവും ഉത്തമര്‍ ദീര്‍ഘായുസ്സ് ലഭിക്കുകയും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് അതുപയോഗപ്പെടുത്തുകയും ചെയ്തവരാണെന്നാണെല്ലോ നബിവചനം. അത്തരമൊരു ഭാഗ്യം ലഭിച്ചു മൗലാനാ എം എ ഉസ്താദിന്. അല്ലാഹു തനിക്ക് നല്‍കിയ ദീര്‍ഘായുസ് ഉസ്താദ് പൂര്‍ണമായും വിനിയോഗിച്ചത് പരലോകത്തേക്ക് സമ്പാദിക്കാനായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ മത പഠനരംഗത്ത് ആകൃഷ്ടനാകുകയും യൗവ്വനദശയില്‍ തന്നെ സമസ്തയുടെ സമുന്നതരായ സാരഥികളുമായി ബന്ധപ്പെടുകയും അതുവഴി സമുദായത്തിന്റെ പുരോഗമനാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. 27-ാം വയസ്സില്‍ സമസ്തയുടെ സ്ഥാപകസാരഥികളിലൊരാളായ മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്ന് സമസ്തയുടെ മെമ്പര്‍ഷിപ്പ് സ്വീകരിക്കുകയും 68 വര്‍ഷം പഴക്കമുള്ള ആ മെമ്പര്‍ഷിപ്പ് കൈവശം വെച്ച് പോരുകയും ചെയ്തിരുന്ന ഉസ്താദ് സമസ്തയുടെ ആശയാദര്‍ശങ്ങള്‍ പകര്‍ത്തിയതും ആ ഗുരുമുഖത്ത് നിന്ന് തന്നെയായിരുന്നു.
മത കാര്യങ്ങളില്‍ അതീവ നിഷ്‌കര്‍ഷത പാലിച്ചിരുന്ന കുടുംബത്തിലായിരുന്നു 1924ല്‍ ഉസ്താദ് പിറന്ന് വീണത്. പ്രാഥമിക പഠനം വീട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി തിരഞ്ഞെടുത്ത ഗുരുവര്യന്‍, ബീരിച്ചേരി മുദരിസായിരുന്ന സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങളായിരുന്നു. ഹാഫിളും സൂഫിവര്യനുമായ അദ്ദേഹത്തില്‍ നിന്നാണ് ഉസ്താദ് പല ജീവിതശൈലികളും പകര്‍ത്തിയത്. പഠനകാലത്ത് തന്നെ അന്നത്തെ സമസ്തയുടെ മുഖപത്രമായ അല്‍ ബയാനില്‍ മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് എഴുതിയ ലേഖനമാണ് പില്‍ക്കാലത്ത്, മദ്‌റസാ പ്രസ്ഥാനമെന്ന മഹത്തായ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തിയത്.
സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്തയുടെ യുവജന വിഭാഗമായ സുന്നീ യുവജന സംഘം, അധ്യാപക സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ പിറവിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച സുപ്രധാന കരങ്ങളിലൊന്ന് എം എ ഉസ്താദിന്റേതായിരുന്നു. അധ്യാപകരുടെയും ബോര്‍ഡിന്റെയും സൗകര്യാര്‍ഥം റെയ്ഞ്ചുകള്‍ക്ക് രൂപം നല്‍കുന്നതിലും മുഅല്ലിം ക്ഷേമനിധി കൊണ്ട് വരുന്നതിലും ഉസ്താദ് വഹിച്ച പങ്ക് ചെറുതല്ല.
വൈജ്ഞാനിക രംഗം ഉള്‍പ്പെടെ സമുദായത്തിനും സമൂഹത്തിനും ഉപകാരപ്രദമായ എല്ലാ രംഗത്തേക്കും ഉസ്താദിന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചു. ഇങ്ങനെ ഒരേ സമയത്ത് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഉസ്താദിനെ സഹായിച്ചത് അളന്നു മുറിച്ചതും ഫലപ്രദവുമായ സമയവിനിയോഗമായിരുന്നു. നബി (സ) പറഞ്ഞത് പോലെ ജനങ്ങളില്‍ ഭൂരിഭാഗവും വഞ്ചിതരായ രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവ് സമയവും. ഇവ രണ്ടും വളരെ ശ്രദ്ധയോടെ, ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിച്ച അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു നൂറുല്‍ ഉലമ. ഓരോ ദിവസത്തിനും ഉസ്താദിന് കൃത്യമായ ടൈംടേബിള്‍ ഉണ്ടാവും. അതിനുള്ള സമയവും മുമ്പേ ക്രമീകരിച്ച് ചിട്ടപ്പെടുത്തിയതായിരിക്കും. ആ സമയക്രമമനുസരിച്ചാണ് ദിവസം നീങ്ങുക.
സമയ ബോധം പോലെ ഉസ്താദിന്റെ അനുകരണീയമായൊരു സ്വഭാവമായിരുന്നു കൃത്യനിഷ്ഠ. ഏഴ് മണിക്ക് ഒരു പരിപാടിക്ക് എത്താമെന്ന് ഏറ്റിട്ടുണ്ടെങ്കില്‍ 6.55 ന് തന്നെ സ്ഥലത്തെത്തിയിരിക്കും. സമയത്തില്‍ മാത്രമല്ല, വാക്കുകളുടെ ഉപയോഗത്തിലും വലിയ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. അനാവശ്യമായി ഒരു വാക്ക് പോലും പറയില്ല. പറയുന്ന വാക്കുകളാവട്ടെ, വലിയ ആശയങ്ങള്‍ സൂചിപ്പിക്കുന്ന വിവിധ അര്‍ഥ തലങ്ങളുള്ള ചെറിയ വാക്കുകളായിരിക്കുകയും ചെയ്യും. ഉസ്താദുമായി അഭിമുഖത്തിന് വേണ്ടി സമീപിച്ചപ്പോഴൊക്കെയും അത്ഭുതപ്പെടുത്തിയത് അളന്നു മുറിച്ച ആ വാക്കുകളായിരുന്നു. ഉസ്താദ് പറയുന്ന വാക്കുകളിലൊന്നും എഡിറ്റ് ചെയ്യാനുണ്ടാകില്ല. അച്ചടി ഭാഷയില്‍ തന്നെയായിരിക്കും സംസാരം.
സാമ്പത്തിക വിഷയങ്ങളില്‍ നൂറുശതമാനം ശുദ്ധനും കണിശക്കാരനുമായിരുന്നു. സൂക്ഷ്മതയുടെ ആള്‍രൂപമായ ഉസ്താദ് ആ വിഷയത്തില്‍ കാണിക്കുന്ന സൂക്ഷ്മത, പിന്തുടരുന്നത് പോയിട്ട് ചിന്തിക്കാന്‍ പോലും ഒരുവിധം ആളുകള്‍ക്കൊന്നും സാധിക്കില്ല. തനിക്കര്‍ഹതപ്പെട്ടതല്ലാത്ത യാതൊന്നും സ്വീകരിക്കില്ല. വരവ് ചെലവുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യും. ഫണ്ട് വകമാറ്റുന്ന പരിപാടിയേയില്ല. സ്ഥാപനത്തിന്‍േതും സംഘടനയുടേതും വ്യക്തിയാവശ്യങ്ങള്‍ക്കുള്ളതും അതാതിന്റെ കണക്കുകളും പൂര്‍ണമായും വേറെ വേറെത്തന്നെ സൂക്ഷിക്കും. യാത്രയില്‍ പണമടങ്ങിയ മൂന്ന് കവറുകള്‍ കൈയില്‍ കരുതും. ഒന്ന് സ്വന്തം കാശ്, മറ്റൊന്ന് സ്ഥാപനത്തിന്റേത്, വേറെയൊന്ന് സംഘടനയുടേത്. ഇവയൊന്നും പരസ്പരം കലരില്ല. ആവശ്യം വരുമ്പോള്‍ വകുപ്പ് ഏതാണെന്ന് നോക്കി ആ കവറില്‍ നിന്ന് പണമെടുത്തുപയോഗിക്കും.
അധ്യാപന രംഗത്തായിരുന്നു ഉസ്താദ് തന്റെ വിലപ്പെട്ട സമയമേറെയും ചെലവഴിച്ചത്. സമയം വിനിയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ ആരാധനകര്‍മം വിജ്ഞാനമാണല്ലോ. പഠനകാലത്ത് തന്നെ ഉസ്താദ് മദ്‌റസാധ്യാപകനായി. ശേഷം ഗുരുവര്യന്റെ നിര്‍ദേശമനുസരിച്ച് ദര്‍സ് രംഗത്തേക്ക് തിരിഞ്ഞു. ഒരുപാട് ശിഷ്യന്മാരെ വാര്‍ത്തെടുക്കാനും സാധിച്ചു. ഏതാനും മഹല്ലുകളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ച ശേഷം 1978 മുതല്‍ വഫാത്ത് വരെ ജാമിഅ സഅദിയ്യയിലെ പ്രധാന മുദര്‍രിസുമാരില്‍ ഒരാള്‍ കൂടിയായിരുന്നു. ഗുരുവര്യന്മാര്‍ തനിക്ക് പകര്‍ന്ന് നല്‍കിയ വിജ്ഞാന മുത്തുകള്‍ നീണ്ട ആറ് പതിറ്റാണ്ടിലധികം കാലമാണ് നൂറുല്‍ഉലമ ശിഷ്യഗണങ്ങള്‍ക്ക് കൈമാറിയത്.
വായന ചെറുപ്പത്തിലേയുള്ള ശീലമായിരുന്നു. മത ഭൗതിക ആനുകാലിക വിഷയങ്ങളിലെ പരന്ന വായനയാണ് വര്‍ത്തമാനകാല ഇടപെടലുകള്‍ക്കും നയരൂപവത്കരണശേഷിക്കും ഉസ്താദിനെ പ്രാപ്തനാക്കിയത്. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും ഉണ്ടായെങ്കില്‍ മാത്രമേ ആധുനിക തലമുറക്ക് മുമ്പില്‍ ദീനീ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താനാകൂ എന്ന ഉസ്താദിന്റെ തെളിഞ്ഞ ബുദ്ധിയില്‍ നിന്നാണ് മത ഭൗതിക വിദ്യാഭ്യാസ സമന്വയം എന്ന പുതിയൊരാശയം സുന്നീ സമൂഹത്തിന് ലഭിച്ചത്. ആശയങ്ങള്‍ സമര്‍പ്പിച്ച് മാറി നില്‍ക്കുന്നതിന് പകരം അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങുക കൂടി ചെയ്തു. അതിന്റെ ഫലമായാണ് ഇന്ന് കാസര്‍കോഡ് ദേളിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജാമിഅ സഅദിയ്യ പിറവിയെടുത്തത്. മത ഭൗതിക സമന്വയ പഠനമെന്ന ആശയത്തില്‍ നിന്നുത്ഭവിച്ച കേരളത്തിലെ ആദ്യത്തെ സ്ഥാപനമായത് കൊണ്ടാണ് സഅദിയ്യ “ഉമ്മുല്‍ മആഹിദ്” എന്നറിയപ്പെടുന്നത്. ആ മഹത്സ്ഥാപനത്തിന്റെ തുടക്കം മുതല്‍ വഫാത്ത് വരെയുള്ള ജീവനാഡിയും മാനേജറുമായിരുന്നു മൗലാനാ നൂറുല്‍ ഉലമ.
ബിദ്അത്തിനെ പ്രതിരോധിക്കുന്നതിലും അതിന്റെ വികലാശയങ്ങള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുന്നതിലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചയാളാണ് എം എ ഉസ്താദ്. സുന്നത്ത് ജമാഅത്തിനെതിരായ അപശബ്ദങ്ങള്‍ എവിടെ നിന്ന് പുറപ്പെട്ടാലും അതിന്റെ ഉറവിടം കണ്ടെത്തി പ്രതിവിധി നല്‍കാനുള്ള ഉസ്താദിന്റെ കഴിവ് ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. മുസ്‌ലിം സമുദായത്തില്‍ അനൈക്യത്തിന്റെയും വിദേ്വഷത്തിന്റെയും വിത്തുകള്‍ വിതച്ച് കടന്നുവന്ന ഉത്പതിഷ്ണുക്കളെ പ്രതിരോധിക്കാനായി പണ്ഡിതരും സാദാത്തുക്കളും സമസ്തയെന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയപ്പോള്‍ തന്റെ ചെറുപ്രായത്തില്‍ തന്നെ അതില്‍ അംഗമാകാനും പ്രവര്‍ത്തിക്കാനും പില്‍ക്കാലത്ത് അതിനായി ജീവിതം ഉഴിഞ്ഞ് വെക്കാനും ഉസ്താദിനെ പ്രേരിപ്പിച്ച സംഗതിയും മറ്റൊന്നായിരുന്നില്ല. ആധുനിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലങ്ങളില്‍ വ്യാഴാഴ്ച ഉച്ചവരെ ദര്‍സ് നടത്തിയ ശേഷം തൃക്കരിപ്പൂരില്‍ നിന്ന് ട്രെയിന്‍ കയറി പരപ്പനങ്ങാടിയില്‍ ഇറങ്ങി മുപ്പതിലധികം കിലോമീറ്റര്‍ കാല്‍ നടയായി സഞ്ചരിച്ചായിരുന്നു പ്രാസ്ഥാനികാവശ്യങ്ങള്‍ക്കായി വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ വീട്ടിലെത്തിയിരുന്നതെന്നറിയുമ്പോള്‍ ആ മഹാത്യാഗത്തെ ഏത് വാക്കുകള്‍ കൊണ്ടാണ് നാം വിശേഷിപ്പിക്കുക.
പിന്നീട് ഘട്ടംഘട്ടമായി ഉസ്താദ് സമസ്തയിലൂടെയും സമസ്ത ഉസ്താദിലൂടെയും വളരുകയായിരുന്നു. 27-ാം വയസ്സില്‍ സമസ്ത മുശാവറയില്‍ അംഗമായി. പിന്നീട് വിവിധ സ്ഥാനങ്ങള്‍ ഉസ്താദിനെത്തേടിയെത്തി. മൗലാനാ എം എ ഉസ്താദ് സമസ്തയുടെ വൈസ് പ്രസിഡന്റായി ഉയര്‍ന്നു. 2014 ഫെബ്രുവരി ഒന്നിനു താജുല്‍ ഉലമായുടെ വിയോഗമുണ്ടായപ്പോള്‍ പ്രസിഡന്റ് പദവിയിലേക്ക് സമസ്ത മുശാവറ ഐകകണ്‌ഠേ്യന എം എ ഉസ്താദിനെ തിരെഞ്ഞെടുത്തു. 2014 ഫെബ്രുവരിയില്‍ നടന്ന ജാമിഅ 44-ാം വാര്‍ഷിക മഹാ സമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ആ പ്രഖ്യാപനമുണ്ടായത്. 2015 ഫെബ്രുവരി 17 ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷമാണ് എം എ ഉസ്താദിന്റെ വിയോഗവാര്‍ത്ത ലോകമറിയുന്നത്. സമസ്തയുടെ ആദ്യകാല നേതാക്കളുമായി പുതിയ തലമുറയെ ബന്ധപ്പെടുത്തുന്ന ഒരു സുപ്രധാന കണ്ണി ആ വിയോഗത്തോടെ സുന്നീ സമൂഹത്തിന് നഷ്ടമായി. ഉസ്താദിന്റെ വഫാത്തോടെ ഒരു ചരിത്രം തന്നെ അവസാനിച്ചിരിക്കുകയാണെന്ന് ചരിത്രമറിയുന്നവര്‍ വിലയിരുത്തിയതും ഇതുകൊണ്ട് തന്നെയാണ്.
തന്റെ നാവ് കൊണ്ട് മാത്രമല്ല, മൂര്‍ച്ചയേറിയ തുലിക കൊണ്ടും ബിദ്അത്തിന്റെ കോട്ടകളില്‍ കനത്ത വിളളലുകള്‍ സൃഷ്ടിക്കാന്‍ ഉസ്താദിന് സാധിച്ചു. ആകര്‍ഷകമായ വേഷവിധാനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്ന തബ്‌ലീഗിനെകുറിച്ച് ഉസ്താദ് എഴുതിയ ഗ്രന്ഥം വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചു. തളിപ്പറമ്പില്‍ നടന്ന പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ഭരണ സ്വാധീനമുപയോഗിച്ച് തബ്‌ലീഗുകാര്‍ നേരിട്ട് രംഗത്തിറങ്ങിയത് പുസ്തകം പുറത്തിറങ്ങിയാല്‍ തങ്ങളുടെ പ്രസ്ഥാനത്തിനുണ്ടായേക്കാവുന്ന നഷ്ടം മുന്നില്‍ കണ്ടത് കൊണ്ടായിരുന്നു. 1946ല്‍ രംഗത്ത് വന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വികല ആശയങ്ങളെയും ഉസ്താദ് കണക്കിന് കശക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ആദര്‍ശ പാപ്പരത്തങ്ങള്‍ തുറന്നുകാണിക്കാനായി ഉസ്താദ് എഴുതിയ‘”ജമാഅത്തെ ഇസ്‌ലാമി: വീക്ഷണവും വിമര്‍ശനവും” ഗ്രന്ഥം ജമാഅത്ത് പാളയത്തെ തെല്ലൊന്നുമല്ല അങ്കലാപ്പിലാക്കിയത്. അനുയായികളെ പിടിച്ചുനിര്‍ത്താന്‍ ജമാഅത്തുകാര്‍ അതിനൊരു മറുപടിയെഴുതി. ഈ പുസ്തകം പുറത്തിറങ്ങിയ പാടെ എം എ ഉസ്താദ് മറുപടി എഴുതി.‘”ജമാഅത്തെ ഇസ്‌ലാമി: മറുപടിക്ക് മറുപടി” എന്നായിരുന്നു രണ്ടാമതായി എഴുതിയ ഗ്രന്ഥത്തിന്റെ പേര്. അതോടെ ജമാഅത്ത് പാളയം ശാന്തം. അതിനൊരു മറുപടി എഴുതാന്‍ പിന്നീടിന്ന് വരെ ജമാഅത്തുകാര്‍ തയ്യാറായില്ല.
സമുദായത്തിനുപകരിക്കുന്ന നാല്‍പ്പതോളം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഉസ്താദ്. ചരിത്രം, ആദര്‍ശം, യാത്രാ വിവരണം, അധ്യാത്മികം, കര്‍മശാസ്ത്രം, വിശ്വാസപരം, പ്രവാചക പ്രകീര്‍ത്തനം, ആനുകാലികം തുടങ്ങി ഏത് വിഷയവും ഉസ്താദിന്റെ തുലികക്ക് വഴങ്ങാതിരുന്നിട്ടില്ല. വിവിധ വിഷയങ്ങളിലായി പരന്നുകിടക്കുന്ന ഉസ്താദിന്റെ ഗ്രന്ഥങ്ങള്‍ സമാഹരിച്ച്‘റീഡ് പ്രസ് പ്രസിദ്ധീകരിച്ച മൂന്ന് വാള്യങ്ങളുള്ള‘”എം എ ഉസ്താദ്, സംയുക്ത കൃതികള്‍” പ്രസാധകരെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഒന്നാം പതിപ്പായി ഇറക്കിയ മുഴുവന്‍ കോപ്പികളും ഒറ്റയടിക്ക് തീര്‍ന്നുപോയത് ഉസ്താദിന്റെ രചനകള്‍ക്ക് വായനാ ലോകത്തുള്ള വന്‍ സ്വകാര്യതയാണ് വിളിച്ചറിയിക്കുന്നത്.
ഉസ്താദ് നട്ടുനനച്ച് വളര്‍ത്തിയ ജാമിഅ സഅദിയ്യയുടെ ചാരത്താണ് ഉസ്താദ് അന്ത്യവിശ്രമം കൊള്ളുന്നത്. ഉസ്താദിന്റെ വസ്വിയ്യത്തായിരുന്നു അത്. എന്നെ നിങ്ങള്‍ സഅദിയ്യയില്‍ മസ്ജിദിനടുത്തായി മറവ് ചെയ്യണം. എനിക്കന്റെ കുട്ടികളുടെ ഓത്ത് കേട്ട് കിടക്കാമല്ലോ. എന്നായിരുന്നു ഉസ്താദ് ബന്ധപ്പെട്ടവരോട് പറഞ്ഞത്. ഉസ്താദ് പ്രതീക്ഷിച്ചപ്പോലെ തന്നെ വഫാത്ത് ദിവസം മുതല്‍ ഈ നിമിഷം വരെ ഒരിക്കല്‍ പോലും മുറിയാതെ ഉസ്താദിനായി ഖുര്‍ആന്‍ പാരായണം നടക്കുന്നു. സിയാറത്തിനായി വിദൂരദിക്കുകളില്‍ നിന്ന് പോലും ദിനംപ്രതി നിരവധി പേര്‍ എത്തുന്നു. വിജ്ഞാനത്തെ സ്‌നേഹിക്കുകയും അതിനായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത ഉസ്താദിന് അല്ലാഹു നല്‍കിയ വലിയൊരു ഭാഗ്യമായിരിക്കണം അത്.
2015 ഫെബ്രുവരി 18 ബുധനാഴ്ച പതിനായിരങ്ങളുടെ കണ്ണീര് കൊണ്ട് നനഞ്ഞ് കുതിര്‍ന്ന മണ്ണിലേക്ക് ഉസ്താദിന്റെ ഭൗതിക ശരീരം ഇറക്കി വെക്കുമ്പോള്‍ അതൊരു വലിയ നഷ്ടമായിരുന്നു. സമസ്തക്ക് സമുന്നതനായ അതിന്റെ സാരഥിയെ, പ്രവര്‍ത്തകര്‍ക്ക് പ്രാസ്ഥാനിക ചരിത്രത്തിലെ ഒരീടുറ്റ കണ്ണിയെ, ചരിത്രകാരന്മാര്‍ക്ക് ആധികാരികതയുടെ അവസാന വാക്കിനെ, സഅദിയ്യക്ക് അതിന്റെ കരുത്തനായ അമരക്കാരനെ, മുസ്‌ലിം കേരളത്തിന് നവോത്ഥാന ശില്‍പ്പിയെ, പ്രസ്ഥാന നേതാക്കള്‍ക്ക് ഊര്‍ജസ്വലനായൊരു സഹപ്രവര്‍ത്തകനെ, മുതഅല്ലിംകള്‍ക്ക് മുഹഖ്ഖിഖായ ഒരു മുദര്‍രിസിനെ, വായനക്കാര്‍ക്ക് മികച്ച ഒരു ഗ്രന്ഥകാരനെ, അയ്യായിരത്തോളം വരുന്ന സഅദീ പണ്ഡിതന്മാര്‍ക്ക് ആദരണീയനായ ഗുരുവര്യനെ, സഅദിയ്യയിലെ മുന്നൂറിലധികം വരുന്ന അനാഥമക്കള്‍ക്ക് സ്‌നേഹവത്‌സലനായ ഒരു പിതാവിനെ…അല്ലാഹു ഉസ്താദിനോെടൊപ്പം സ്വര്‍ഗ ലോകത്തൊരുമിക്കാന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ- ആമീന്‍

Latest