Connect with us

Wayanad

അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍ നല്‍കി പനമരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Published

|

Last Updated

പനമരം: ബ്ലോക്ക് പഞ്ചായത്ത് 49.9 കോടി രൂപ വരവും 49.85 കോടി രൂപ ചെലവും 50,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2015-16ലെ ബജറ്റ് അവതരിപ്പിച്ചു.ബ്ലോക്കിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഭവന നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കിയുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടിയാണ് അവതരിപ്പിച്ചത്.
ഇന്ദിര ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 550 വീടുകള്‍ നിര്‍മ്മിക്കുന്നതിന് 11 കോടി വകയിരുത്തിയിട്ടുണ്ട്. സമയ ബന്ധിതമായി വീട് നിര്‍മ്മാണം നടത്തുന്നതിന് ഗുണഭോക്താക്കളെ സഹായിക്കാന്‍ ഇ-പേയ്‌മെന്റ് സംവിധാനവും നടപ്പിലാക്കും.
അടിസ്ഥാന സൗകര്യങ്ങള്‍ക്കും റോഡ് നവീകരണത്തിനും 16.5 കോടി രൂപയും റവന്യൂ വകുപ്പ് അനുവദിച്ച 90 സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് 2.5 കോടിയും നീക്കിവെച്ചു. കണിയാമ്പറ്റ, പനമരം, നീര്‍വ്വാരം, വാകേരി സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് 5 കോടി, പുല്‍പ്പള്ളി സി.എച്ച്.സി. കെട്ടിട നിര്‍മ്മാണത്തിന് 3 കോടി, കുടിവെള്ള പദ്ധതികള്‍ക്ക് 3.5 കോടി, ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 20 ലക്ഷം, പെയിന്‍ & പാലിയേറ്റീവ് സെന്ററുകള്‍ക്ക് മരുന്ന് നല്‍കുന്നതിന് 5 ലക്ഷം രൂപ വീതവും വകയിരുത്തി.
ക്ഷീരസാഗരം പദ്ധതിക്ക് 15 ലക്ഷവും, കൈത്താങ്ങ് പദ്ധതിക്ക് 5 , പഴശ്ശി ടൂറിസം വില്ലേജ് പദ്ധതിക്ക് 15 , വൃദ്ധസദനത്തില്‍ റിക്രിയേഷന്‍ ക്ലബ്ബ് ലൈബ്രറി എന്നിവ സ്ഥാപിക്കുന്നതിന് 10 , നെല്‍കൃഷി പ്രോത്സാഹന പദ്ധതികള്‍ക്ക് 5 , കൂണ്‍ കൃഷി, ജൈവ ഗ്രോബാഗ് കൃഷി എന്നിവയ്ക്ക് 5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക വിപണന കേന്ദ്രത്തിന് 20 ലക്ഷം, കണിയാമ്പറ്റ ചിത്രമുലയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ കാര്‍ഷിക കര്‍മ്മ സേന-അഗ്രോ സര്‍വ്വീസ് സെന്റര്‍ സ്ഥാപിക്കുന്നതിന് 32 ലക്ഷം, മാതൃകാ ഗ്രാമം പദ്ധതിയില്‍ 50 ലക്ഷം രൂപ വീതവും നീക്കി വെച്ചു.
ബ്ലോക്കിനെ പ്ലാസ്റ്റിക് രഹിതമാക്കുന്നതിന് 5, സമ്പൂര്‍ണ്ണ ടോയ്‌ലെറ്റ് പദ്ധതിക്ക് 15, സമഗ്ര കായിക വികസന പദ്ധതിക്ക് 20 , പട്ടികജാതി പട്ടികവര്‍ഗ്ഗ പുനരധിവാസം സ്വയം തൊഴില്‍ പദ്ധതി, മിശ്രവിവാഹിതര്‍ക്ക് സഹായം എന്നിവക്ക് 5, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനമേശയും കസേരയും നല്‍കുന്നതിന് 10 ലക്ഷം വീതവും നീക്കിവെച്ചു.
മള്‍ട്ടി പര്‍പ്പസ് ലേബര്‍ ക്ലബ്ബ്, പഞ്ചായത്ത് വി.ഇ.ഓ മാര്‍ക്ക് ലാപ്പ്‌ടോപ്പ്, കുടുംബശ്രീയുമായി ചേര്‍ന്ന് പരിശീലന കേന്ദ്രം, നടവയല്‍ കല്‍പ്പന ചൗള മെമ്മോറിയല്‍ സാംസ്‌കാരിക നിലയം, അംബേദ്ക്കര്‍ സാംസ്‌കാരിക നിലയം, ഭിന്ന ശേഷിയുള്ളവര്‍ക്ക് മുച്ചക്രവും ഉപകരണങ്ങളും സ്‌കോളര്‍ഷിപ്പും നല്‍കല്‍ തുടങ്ങിയവയാണ് പ്രധാന പദ്ധതി നിര്‍ദ്ദേശങ്ങള്‍. പ്രസിഡന്റ് വത്സാ ചാക്കോ അദ്ധ്യക്ഷയായി. സെക്രട്ടറി പിസി മജീദ്, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ പി.എം, സുധാകരന്‍, സെലിന്‍ മാനുവല്‍, റാണി വര്‍ക്കി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് കണ്ടംതുരുത്തി, ടി മോഹനന്‍, റോസിലി തോമസ്, മിനി പ്രകാശ്, മെമ്പര്‍മാരായ എം,സി സെബാസ്റ്റ്യന്‍, പി.ജെ. ഹൈമവതി, രാധാമണി, ഗിരിജാ കൃഷ്ണന്‍, അന്നക്കുട്ടി മാത്യൂ, കാട്ടില്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest