Connect with us

Kozhikode

വൈദ്യുതീകരണം പൂര്‍ത്തിയായി: ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ പരീക്ഷണ ഓട്ടം

Published

|

Last Updated

കോഴിക്കോട്: മലബാറില്‍ നിന്നുള്ള യാത്രക്കാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍- കോഴിക്കോട് റെയില്‍പ്പാതയിലൂടെ ഇനി ഇലക്ട്രിക് ട്രെയിനുകള്‍ ചീറിപ്പായും. വൈദ്യുതീകരിച്ച പാതയിലൂടെ ഇന്നലെ രാവിലെ ഒമ്പതരയോടെ ഷൊര്‍ണൂരില്‍ നിന്ന് ലോക്കോ എന്‍ജിനും ടവര്‍ വാഗണും അടങ്ങുന്ന ഇലക്ട്രിക് ട്രെയിന്‍ പരീക്ഷണയോട്ടം നടത്തി.
11.05 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിലെത്തിയ ട്രെയിനിന് എം കെ രാഘവന്‍ എം പിയുടെ നേതൃത്വത്തില്‍ സ്വീകരണം ന ല്‍കി. റെയില്‍വേ ഉദ്യോഗസ്ഥര്‍ മധുരം വിതരണം ചെയ്ത് സ്വീകരണച്ചടങ്ങ് ആഘോഷമാക്കിമാറ്റി. ട്രയല്‍ റണ്‍ വിജയകരമായതോടെ ഏപ്രില്‍ അവസാനത്തോടെ ഈ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തിവിടാനാണ് അധികൃതരുടെ നീക്കം. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഉടന്‍തന്നെ റെയില്‍വേ സുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടക്കും. തുടര്‍ന്ന് ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ കടത്തിവിടുന്ന തീയതി പ്രഖ്യാപിക്കും.
ലോക്കോപൈലറ്റ് പി വിജയകുമാറും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ആര്‍ കെ മീണയും ചേര്‍ന്നാണ് 22764 നമ്പര്‍ ഡബ്ല്യൂ എ പി 4 ഇലക്ട്രിക് എന്‍ജിന്‍ 86 കിലോമീറ്ററോളം ദൂരം ഓടിച്ച് കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് ജില്ലയിലെ എലത്തൂരിലെയും തിരൂരിലെയും സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ പരീക്ഷണ ഓട്ടത്തിനായി ഷെര്‍ണൂരിലെ സബ്‌സ്റ്റേഷനില്‍ നിന്നാണ് വൈദ്യുതി വിതരണം ചെയ്തത്.
നിലവില്‍ ഷൊര്‍ണൂര്‍- കോഴിക്കോട് പാതയിലൂടെ രണ്ടോ മൂന്നോ ഇലക്ട്രിക് എന്‍ജിനുകളെ ഓടിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കൂടുതല്‍ വൈദ്യുതി വിതരണത്തിനായി തിരൂരില്‍ സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കണമെന്നും എം കെ രാഘവന്‍ എം പി അറിയിച്ചു. തിരൂരില്‍ സബ്‌സ്റ്റേഷന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സ്റ്റേ ഒഴിവായ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും രാഘവന്‍ പറഞ്ഞു. ഇലക്ട്രിക് ട്രെയിനിന് നല്‍കിയ സ്വീകരണത്തില്‍ എ ഡി ആര്‍ എം മോഹന്‍ എ മേനോന്‍, സീനിയര്‍ ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ എസ് ജയകൃഷ്ണന്‍, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ടി സി ജോണ്‍സണ്‍, ഡിവിഷണല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സജി എബ്രഹാം, അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എ സുരേഷ് പങ്കെടുത്തു.