സ്‌പെക്ട്രം ലേലം: സുപ്രീം കോടതി സ്റ്റേ നീക്കി

Posted on: March 27, 2015 5:29 am | Last updated: March 26, 2015 at 11:29 pm
SHARE

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലം സ്ഥിരപ്പെടുത്തുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി. കഴിഞ്ഞ ദിവസം അവസാനിച്ച ലേലത്തില്‍ വിജയിച്ച കമ്പനികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇതോടെ കേന്ദ്ര സര്‍ക്കാറിന് സാധിക്കും. ബുധനാഴ്ച പൂര്‍ത്തിയായ ലേലത്തിലൂടെ 1.09 ലക്ഷം കോടി രൂപയാണ് സര്‍ക്കാറിന് ലഭിച്ചത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതോടെ കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരും.
ഭാരതി ഹെക്‌സാകോം ലിമിറ്റഡ്, റിലയന്‍സ് ടെലികോം ലിമിറ്റഡ് എന്നീ ടെലികോം കമ്പനികള്‍ ടെന്‍ഡര്‍ നോട്ടീസിന്റെ ഘടനയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണച്ചായിരുന്നു ലേല നടപടികള്‍ അന്തിമമാക്കുന്നതിന് സ്റ്റേ നല്‍കിയിരുന്നത്.
ലേലം വന്‍ വിജയമായിരുന്നുവെന്നും 1.09 ലക്ഷം കോടി ലഭിച്ചതായും സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഡിവിഷന്‍ ബഞ്ചിനെ അറിയിച്ചു. 28,000 കോടി രൂപ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്നും മാര്‍ച്ച് 31ന് മുമ്പ് തന്നെ നല്‍കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായും ജസ്റ്റിസുമാരായ ദീപക് മിശ്ര, പി സി പാന്ഥ് എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെ റോഹ്തഗി വ്യക്തമാക്കി. കേസ് വീണ്ടും ഏപ്രില്‍ 16ന് പരിഗണിക്കും.