കടുവ നാട്ടിലിറങ്ങിയാല്‍ പ്രതിഷേധം അനുവദിക്കരുതെന്ന് പുതിയ മാര്‍ഗരേഖ

Posted on: March 25, 2015 1:13 pm | Last updated: March 25, 2015 at 10:12 pm

Tiger
ന്യൂഡല്‍ഹി: കടുവകളുടെ സംരക്ഷണത്തിനായി ദേശീയ കടുവാ സംരക്ഷണ അതോറിറ്റി പുതിയ മാര്‍ഗരേഖ പുറത്തിറക്കി. കടുവ പുറത്തിറങ്ങിയാല്‍ പ്രതിഷേധിക്കുന്നത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നു. കടുവകള്‍ നാട്ടിലിറങ്ങുന്നതും ഇതിനെത്തുടര്‍ന്നുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുവകളെ കൊല്ലുന്നതും വ്യാപകമാകുന്ന സാഹചര്യത്തിലാണ് കടുവാ സംരക്ഷണ അതോറിറ്റി കര്‍ക്കശമായ മാര്‍ഗരേഖ പുറത്തിറക്കിയത്.

കടുവയെ വിഷം നല്‍കി കൊല്ലാന്‍ പാടില്ലെന്നും മാര്‍ഗരേഖ പറയുന്നു. വളര്‍ത്തുമൃഗങ്ങളെ കടുവകള്‍ പിടിച്ചാല്‍ ഭക്ഷിക്കാന്‍ അനുവദിക്കണം. വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. കടുവ നാട്ടിലേക്കെത്തുന്നത് ക്യാമറവച്ച് നിരീക്ഷിക്കണം. ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഇവയുടെ നീക്കങ്ങള്‍ പരിശോധിക്കണം. നരഭോജിയല്ലാത്ത കടുവകളെ വനത്തില്‍ തുറന്നുവിടണമെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.