മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ

Posted on: March 25, 2015 10:34 am | Last updated: March 25, 2015 at 10:34 am
SHARE

കോഴിക്കോട്: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ജില്ലയില്‍ ബ്ലോക്ക് തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു. നഗരത്തില്‍ ചേവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി കാരപ്പറമ്പ് പോസ്റ്റ് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച ധര്‍ണ എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. യു പി എ സര്‍ക്കാറിന്റെ ജനോപകാര പദ്ധതികളുടെ പേരു മാറ്റുകയും ജീവന്‍ രക്ഷാമരുന്നുകളുടെ വില നിയന്ത്രിക്കുന്നതിന്റെ അധികാരം സ്വകാര്യ കുത്തകകള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തതുള്‍പ്പെടെ ജനദ്രോഹ നടപടികള്‍ സര്‍ക്കാര്‍ തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കണ്ടിയില്‍ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു മുഖ്യപ്രഭാഷണം നടത്തി. ഡി സി സി ഭാരവാഹികളായ ഡോ. പി കെ ചാക്കോ, അഡ്വ. എം ധര്‍മ്മരത്‌നം, കെ പി ബാബു, പി കെ മാമുക്കോയ, കെ വി സുബ്രഹ്മണ്യന്‍ പ്രസംഗിച്ചു.
പന്നിയങ്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി റെയില്‍വേ സ്റ്റേഷന് മുമ്പില്‍ സംഘടിപ്പിച്ച കൂട്ട ധര്‍ണ കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ. കെ ജയന്ത്, മനോളി ഹാഷിം, ഷാജിര്‍ അറാഫത്ത്, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി മമ്മദ്‌കോയ, വേലായുധന്‍ പയ്യാനക്കല്‍ പ്രസംഗിച്ചു.