അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് അനുമതി വേണ്ട: ഹൈക്കോടതി

Posted on: March 24, 2015 4:37 am | Last updated: March 24, 2015 at 8:49 am
SHARE

kerala high court picturesകൊച്ചി: സംസ്ഥാനത്ത് അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍, ഇവയുടെ പെര്‍മിറ്റ് പുതുക്കല്‍ 2015ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2006 സെപ്തംബര്‍ പതിനാലിനും 2012 മെയ് പതിനെട്ടിനും പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം അഞ്ച് ഹെക്ടറില്‍ താഴെയുള്ള ഭൂമിയില്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമില്ലെന്നും പുതിയ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അനുമതി വേണ്ടതെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

ഖനനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ജനുവരി പത്തിന് പുറപ്പെടുവിച്ച ഉത്തരവ് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ധാതു ഖനനം സംബന്ധിച്ച് സുപ്രീം കോടതി ദീപക് കുമാര്‍ കേസില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അഞ്ച് ഹെക്ടറില്‍ താഴെയുള്ള പ്രദേശങ്ങള്‍ക്ക് ബാധകമല്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. 2015ല്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഖനനച്ചട്ടം രൂപവത്കരിച്ച സാഹചര്യത്തില്‍ അനധികൃത ഖനനം സംബന്ധിച്ച പരാതികളിന്മേല്‍ ജില്ലാ കലക്ടര്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കരിങ്കല്‍ ഖനനത്തിന് പോലീസ് സംരക്ഷണം വേണ്ട ക്വാറി ഉടമകള്‍ ഇക്കാര്യത്തിന് ജില്ലാ കലക്ടറെ സമീപിക്കുകയാണ് വേണ്ടതെന്നും ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
പാരിസ്ഥിതികാനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം പൊതുതാത്പര്യ ഹരജികളും ക്വാറികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ഹരജികളുമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് തീര്‍പ്പാക്കിയത്. 2015ലെ പുതുയ ചട്ടങ്ങളുടെ നിയമ സാധുത ഇപ്പോള്‍ പരിശോധിക്കുന്നില്ലെന്നും ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.