ഗോവധ നിരോധത്തിന്റെ രാഷ്ട്രീയം

Posted on: March 24, 2015 6:01 am | Last updated: March 23, 2015 at 11:50 pm
SHARE

beef_1മഹാരാഷ്ട്ര സര്‍ക്കാറിന്റെ ചുവടുപിടിച്ചുകൊണ്ട് ബി ജെ പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സര്‍ക്കാറുകള്‍ ഒന്നിനുപിറകെ ഒന്നായി ഗോവധ നിരോധ നിയമം ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗോവധ നിരോധം വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ കൈകടത്തലുകള്‍ മാത്രമല്ല, അധികാര രാഷ്ട്രീയം സുരക്ഷിതമാക്കാന്‍, അജന്‍ഡകളെ വഴിമാറ്റി ജനവിരുദ്ധ നയങ്ങളുടെ പ്രയാസം ജനം താത്കാലികമായി മറക്കുക എന്ന തന്ത്രപരമായ ലക്ഷ്യവുമുണ്ട്. ഘര്‍ വാപസി, ലൗ ജിഹാദ്, സദാചാര പോലീസ് തുടങ്ങിയ നീക്കങ്ങള്‍ പോലെ തന്നെ അജന്‍ഡയെ വഴിമാറ്റാനും തങ്ങളുടെ കാലിനടിയിലുള്ള മണ്ണ് ഒലിച്ചുപോകാതിരിക്കാനുമുള്ള നിലപാടായി ഇതിനെ കാണേണ്ടതുണ്ട്.
ഗോവധ നിരോധം കേവല വിശ്വാസത്തിനപ്പുറത്ത് രാജ്യത്തെ സാധാരണ പൗരന്റെ സാമൂഹിക സാമ്പത്തിക ഘടനക്കു മേലുള്ള സമഗ്രാധിപത്യത്തിന്റെ സ്വഭാവം കൂടി അതില്‍ ഉള്‍ച്ചേര്‍ന്നുകിടക്കുന്നു. വൈദികകാലം മുതല്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ് ഗോമാതാ പൂജയെന്ന സംഘ്പരിവാറിന്റെ വാദം തെറ്റാണെന്ന് വേദങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ധര്‍മശാസ്ത്രങ്ങളും അടിസ്ഥാനമാക്കി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. അശ്വമേധം, രാജസൂയം, വാജപേയ യാഗം, അഗ്‌നിഹോത്രം തുടങ്ങിയ വേദകാല ആചാരങ്ങളിലെല്ലാം വന്‍തോതില്‍ തന്നെ മൃഗബലി നടത്തിയിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ദൈര്‍ഘ്യം ഉള്ളതാക്കി മാറ്റാന്‍ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ ഉപയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രത്തിലും മതസ്പര്‍ധ വളര്‍ത്താന്‍ ഗോവധം നിരോധം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് മറക്കാനാകാത്ത ചരിത്രമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും മതസ്പര്‍ധ വളര്‍ത്തുന്നതിനു ഗോവധ നിരോധം വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1966 നവംബര്‍ ആറിന് ആയിരുന്നു ന്യൂഡല്‍ഹിയില്‍ പട്ടാളം അക്രമാസക്തമായ ജനത്തെ നേരിടാന്‍ ഇറങ്ങിയത്. 1947ലെ വിഭജനാനന്തരമുള്ള ഇരുണ്ട ദിനരാത്രങ്ങള്‍ക്ക് ശേഷം ക്രമസമാധന പരിപാലനത്തിന് ഇന്ത്യന്‍ പട്ടാളം ഡല്‍ഹി തെരുവിലേക്ക് വിളിക്കപ്പെട്ടത് ജനസംഘത്തിന്റെ നേതൃത്വത്തില്‍ ഗോവധ നിരോധത്തിന് വേണ്ടി പ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന വീക്ഷണത്തില്‍ ഊന്നി താരതമ്യങ്ങള്‍ സാധ്യമല്ലാത്തവിധം വൈവിധ്യം നിറഞ്ഞ മതവിശ്വാസങ്ങള്‍, ഭക്ഷണശൈലി, സാമൂഹിക ജീവിതശൈലി, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ഭാഷകളും ഭാഷാ ശൈലികളും, വസ്ത്രധാരണ ശൈലികളും തുടങ്ങി എന്തിലും ഏതിലും സങ്കീര്‍ണത കരുതിവെക്കുന്ന ഒരു ജനതയുടെ ഭക്ഷണരീതികളില്‍ ഭരണകൂടം ഇടപെടുന്നത് നീതിപൂര്‍വകമാണോ എന്നത് പ്രസക്തമായ ഒരു ചോദ്യം തന്നെയാണ്.
ഗോവധ നിരോധം ഈ മേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യം ബ്രസീല്‍ കഴിഞ്ഞാല്‍ ഇന്ത്യയാണ്. ഇതുവഴി കര്‍ഷകനു ലഭിക്കുന്ന വിദേശനാണ്യം വളരെ വലുതാണെന്നും വ്യക്തമാകുന്നു. ഇന്ത്യക്ക് പ്രതിവര്‍ഷം പോത്തിറച്ചി കയറ്റുമതിയിലൂടെ ലഭിച്ചുവരുന്ന വരുമാനം 3500 കോടിയിലധികം രൂപ വരും! ഇന്ത്യയില്‍ നിന്നുള്ള ബീഫിന് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയുടെ ലതര്‍ വ്യവസായം ലോകത്ത് പ്രസിദ്ധമാണ്. 2.5 മില്യണ്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. ഇതില്‍ മുപ്പത് ശതമാനവും സ്ത്രീകളാണ്. വലിയ രീതിയുള്ള തൊഴില്‍, സാമൂഹിക പ്രശ്‌നങ്ങള്‍ ഗോവധ നിരോധത്തോടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 % മാംസഭുക്കുകളാണ്. 31% സസ്യഭുക്കുകളും 9% കോഴിമുട്ട ഭക്ഷിക്കുന്ന സസ്യഭുക്കുകളുമാണ്. യുനൈറ്റഡ് നാഷന്‍സ് ഫുഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(FAO) ചിക്കന്‍ മാറ്റിനിര്‍ത്തി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മാംസഭുക്കുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുനത് ബീഫ് ആണ്. 26 ലക്ഷം ടണ്‍. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് ബീഫ് ഇന്ത്യയിലെ മാംസാഹാരം കഴിക്കുന്നവരുടെ ജീവിതശൈലി ആയി മാറിയിട്ടുണ്ടെന്നാണ്.
പ്രായമായതും പ്രത്യുത്പാദന ശേഷിയില്ലാത്തതുമായ കന്നുകാലികള്‍ കര്‍ഷകരെ സംബന്ധിച്ച് ഒരു ഭാരമാണ്. ഇവയെ മാംസമാക്കുന്നതിനായി വില്‍ക്കാന്‍ ഗോവധ നിരോധം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇവയെ തെരുവില്‍ തള്ളുന്നു. ഹരിയാനയടക്കമുള്ള സംസ്ഥാനങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ധനവ് 1.58 ശതമാനമാണ.് എന്നാല്‍, മൃഗസംരക്ഷണ മേഖലയിലിത് 4.48 ശതമാനമാണ്. ഗോവധ നിരോധം ഈ സംഖ്യയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കും എന്നത് പഠിക്കേണ്ട വിഷയമാണ്. ക്ഷീരകര്‍ഷകനെ സംബന്ധിച്ച് പതിനായിരവും ലക്ഷങ്ങളും മുടക്കി വളര്‍ത്തുന്ന പശു കറവ വറ്റി ഉത്പാദനക്ഷമമല്ലാതാകുന്നതോടെ വില്‍ക്കുന്നത് സ്വാഭാവികമാണ്. അതാകട്ടെ പശുവില്‍ നിന്നു ലഭിക്കുന്ന മറ്റൊരു വരുമാനമാര്‍ഗവും കൂടിയാണ്.
ഇതിലൊക്കെയുപരിയായി ജനങ്ങളുടെ ഭക്ഷണശീലത്തിലേക്കുള്ള കടന്നുകയറ്റമാണ് ഗോവധ നിരോധ നിയമം. ഇതു ജനാധിപത്യ സര്‍ക്കാരിനു ചേര്‍ന്ന നയമായി കാണാനും കഴിയില്ല. ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വിശ്വാസവുമെല്ലാം ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. അതിനുള്ള അവകാശം ഭരണഘടന നല്‍കുന്നുമുണ്ട്. ഒരു സുപ്രഭാതം മുതല്‍ ഈ വസ്ത്രം മാത്രം ധരിച്ചാല്‍ മതി, ഇറച്ചി കഴിക്കാന്‍ പാടില്ല തുടങ്ങിയ നിയമങ്ങള്‍ വരികയെന്നത് പൗരസ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നതിനു തുല്യമാകും.
മഹാരാഷ്ട്രയില്‍ ഗോവധ നിരോധ നിയമം നടപ്പാക്കിയതിന്റെ ചുവടുപിടിച്ച് രാജ്യത്തൊട്ടാകെ ആ നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിരോധം നടപ്പാക്കാനുള്ള തീരുമാനം ആ പാര്‍ട്ടി കൈക്കൊണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഹരിയാനയില്‍ നിയമം നടപ്പില്‍വരുത്തുകയാണ്. ഇനി മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി ഇതു പ്രാബല്യത്തില്‍ വരുത്താനുള്ള ശ്രമമാണ്. ഇതിനായി നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിക്കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയക്കുകയും ചെയ്തു. നിരോധം നടപ്പിലുള്ള ഗുജറാത്ത് മാതൃകയില്‍ ബില്ല് രൂപവത്കരിക്കാനാണ് പരിപാടി.
ഒരു ജനാധിപത്യ സര്‍ക്കാര്‍ പ്രാധാന്യത്തോടെ ശ്രദ്ധവെക്കേണ്ട നിരവധിയായ വിഷയങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ടായിരിക്കെ ഇത്തരം ഒരു വിഷയത്തിന് നല്‍കിയ മുന്‍ഗണനയും പരിഗണനയും അതിന് പിന്നിലെ രാഷ്ട്രീയ താത്പര്യങ്ങളിലേക്കാണ് സൂചന നല്‍കുന്നത്. പശു എന്ന പ്രതീകത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി ഗോമാംസ നിരോധത്തിലൂടെ ഇന്ത്യയിലെ ഭൂരിപക്ഷ സമുദായത്തെ സംഘടിപ്പിക്കുക എന്ന സംഘ്പരിവാറിന്റെ ഹിഡന്‍ അജന്‍ഡയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. ആഹാരകാര്യങ്ങളെ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഈ ശ്രമങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. ഗോവധ നിരോധം എന്നത് ബി ജെ പി സര്‍ക്കാരിന്റെ സാംസ്‌കാരിക ഫാസിസമാണ്. ഇത്തരത്തിലുള്ള സാംസ്‌കാരിക ഫാസിസത്തിനെതിരെയുള്ള പ്രധിഷേധം എല്ലാ ഭാഗത്ത് നിന്നും ഉയര്‍ന്നുവരണം. ഇത്തരം ഫാസിസത്തിനെതിരെയുള്ള പ്രതിഷേധത്തിന് എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാവുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
(ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ലേഖകന്‍)