അന്താരാഷ്ട്ര അക്കാദമിക് സമ്മേളനം ഈ മാസം 31ന് മര്‍കസില്‍

Posted on: March 22, 2015 10:48 am | Last updated: March 22, 2015 at 10:48 am
SHARE

കോഴിക്കോട്: മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ ജാമിഅ മര്‍കസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് സമ്മേളനം ഈ മാസം 31ന് രാവിലെ പത്തിന് നടക്കും. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം; പുതിയ പ്രവണതകളും വികസനങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടക്കുന്ന കോണ്‍ഫറന്‍സ് ജാമിഅ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മര്‍കസും മലേഷ്യന്‍ യൂനിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക ഉടമ്പടിയുടെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. മലേഷ്യന്‍ യൂനിവേഴ്‌സിറ്റി അക്കാദമിക വിഭാഗം തലവന്‍ ഡോ.അഹ്മദ് ബസരി ബിന്‍ ഇബ്രാഹീം, കര്‍മശാസ്ത്ര വിഭാഗം തലവന്‍ ഡോ. അസ്മന്‍ മുഹമ്മദ് നൂര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തിലും ബാങ്കിംഗിലും ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണങ്ങള്‍ നടക്കുന്ന മലേഷ്യന്‍ യൂനിവേഴിസിറ്റിയില്‍ നിന്നുള്ള ഈ പ്രമുഖര്‍ ഇസ്‌ലാമിക് ഫിനാന്‍സിന്റെ പുതിയ വികസനങ്ങള്‍ ചര്‍ച്ച ചെയ്യും. ഇസ്‌ലാമിക് ബാങ്കിംഗിന്റെ മലേഷ്യന്‍ വിജയ കഥകളും പങ്കുവെക്കും. ഇന്ത്യയില്‍ നിന്ന് ഡോ. എ ബി അലിയാര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഇന്ത്യയില്‍ നടപ്പാക്കുന്ന ഇസ്‌ലാമിക് ബാങ്കിംഗ് പദ്ധതിക്ക് നിലവിലുള്ള തടസ്സങ്ങളും പരിഹാരങ്ങളും കോണ്‍ഫറന്‍സിന്റെ മുഖ്യ ആകര്‍ഷണമാണ്. ഇസ്‌ലാമിക് ഫിനാന്‍സില്‍ മലേഷ്യന്‍ യൂനിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിവിധ കോഴ്‌സുകളും പരിപാടിയില്‍ പരിചയപ്പെടുത്തും. പ്രേക്ഷകര്‍ക്ക് വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മര്‍കസ് ഡയറക്ടര്‍ ഡോ. എം എ എച്ച് അസ്ഹരി, സി മുഹമ്മദ് ഫൈസി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അമീര്‍ ഹസന്‍, ഡോ.ഷാജു ജമാല്‍, ഡോ.അബ്ദുസ്സലാം എന്നിവര്‍ അക്കാദമിക സമ്മേളനത്തില്‍ സംസാരിക്കും. പ്രവേശനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. സമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം.
ംംം.ാമൃസമ്വീിഹശില.രീാ എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ ഇമെയിലൂടെ പ്രത്യേകം വിവരമറിയിക്കും.
ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗത്തില്‍ ഇ വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സമദ് പുലിക്കാട്, ഉനൈസ് മുഹമ്മദ് , ശമീം ഐ എ എം ഇ, കെ കെ അബൂബക്കര്‍ ഹാജി, പി. മുഹമ്മദ് മാസ്റ്റര്‍, യാസര്‍ അറഫാത്ത് നൂറാനി, അശ്‌റഫ് ഹാജി വാടാനപ്പള്ളി, ഷൗക്കത്തലി, ഉസാമ നൂറാനി, ഗസല്‍ റിയാസ്, സ്വലാഹുദ്ദീന്‍ പങ്കെടുത്തു.