റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടല്‍ ജനങ്ങളോടുള്ള വെല്ലുവിളി: സി പി ഐ

Posted on: March 18, 2015 10:44 am | Last updated: March 18, 2015 at 10:44 am
SHARE

cpiപാലക്കാട്: ജി ബി റോഡിലെ റെയില്‍വേഗേറ്റ് കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ച് അടച്ചുപൂട്ടിയതിനെതിരെ സി പി ഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് ഉദ്ഘാടനം ചെയ്തു. എസ് ഡി സുന്ദര്‍രാജ് അധ്യക്ഷത വഹിച്ചു.
വര്‍ഷങ്ങളായി നടന്നു പോയവര്‍ക്ക് കാല്‍നട യാത്രപോലും അസാധ്യമാക്കിയ രീതിയില്‍ റെയില്‍വേഗേറ്റ് അടച്ചു പൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. റെയില്‍വേയുടെ ചില തീരുമാനങ്ങള്‍ ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടീഷുകാരാണോയെന്ന് തോന്നിപ്പോകുന്ന തരത്തിലാണെന്നും ഗേറ്റ് അടച്ചുപൂട്ടിയത് പാലക്കാട് നഗരത്തെ രണ്ടായി മുറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
30 വര്‍ഷത്തേക്ക് രണ്ടരകോടി രൂപ നല്‍കിയാല്‍ ഗേറ്റും ഗേറ്റ് കീറ്ററെയും വെയ്ക്കാമെന്ന് റെയില്‍വേ ആവശ്യപ്പെട്ടപ്പോള്‍ ജനപ്രതിനിധികളും പാലക്കാട് നഗരസഭയും സംസ്ഥാനസര്‍ക്കാരും ഇത് നല്‍കാമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ജനപ്രതിനികളും നഗരസഭയും സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയല്ലെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വഴി നടക്കാനുളള സൗകര്യം നല്‍കണമെന്നാവശ്യപ്പെട്ട് സി പി ഐ പാലക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ പേട്ടയില്‍ നിന്നുള്ള പ്രകടനം റെയില്‍വേ ഗേറ്റിനു മുന്നില്‍ സമാപിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ കൃഷ്ണന്‍കുട്ടി, മണ്ഡലം സെക്രട്ടറി കെ വേലു സംസാരിച്ചു. സി പി ഐ ജില്ലാ കമ്മിറ്റി അംഗം ഇ പി രാധാകൃഷ്ണന്‍ സ്വാഗതവും പി കണ്ണന്‍ നന്ദിയും പറഞ്ഞു.