‘ധീരമായ നിലപാടുള്ളവനാണ് രവി, ജീവനൊടുക്കില്ല’

Posted on: March 18, 2015 6:00 am | Last updated: March 18, 2015 at 10:46 am
SHARE

downloadബെംഗളൂരു: ‘രവി ആത്മഹത്യ ചെയ്യില്ല. ധീരനാണ് രവി. സത്യസന്ധനും’ ചൊവ്വാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ണാടക ഐ എ എസ് ഉദ്യോഗസ്ഥന്റെ കുടുംബ സുഹൃത്ത് വെങ്കിടേഷ് പറയുന്നു. അഴിമതിവിരുദ്ധ നടപടികളുടെ പേരില്‍ സംസ്ഥാനത്തിനത്തിന്റെയാകെ സ്‌നേഹവും ആദരവും പിടിച്ചു പറ്റിയ ഉദ്യോഗസ്ഥന്റെ വിയോഗത്തില്‍ നാടാകെ പ്രതിഷേധവും വേദനയും പടരുമ്പോള്‍ വെങ്കിടേഷിന് പറയാനുള്ളത് ഒരു ഗ്രാമീണന്‍ എന്ന നിലയില്‍ രവിയെക്കുറിച്ചുള്ള നല്ല ഓര്‍മകള്‍. എത്ര വലിയ ഉദ്യോഗങ്ങള്‍ വഹിക്കുമ്പോഴും രവി സ്വന്തം നാട് മറന്നിരിന്നില്ല. ജനങ്ങള്‍ക്കിടയില്‍ കഴിയാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ജോലിത്തിരക്കുകള്‍ക്കിടയിലും ഗ്രാമത്തില്‍ സ്ഥിരമായി വരാറുണ്ടായിരുന്നു. കൃഷിയില്‍ വലിയ താത്പര്യമായിരുന്നു. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അങ്ങനെ ചെയ്യാനാണെങ്കില്‍ ഈ അഴിമതിവിരുദ്ധ ദൗത്യം ഏറ്റെടുക്കുമായിരുന്നില്ല- വെങ്കിടേഷ് പറഞ്ഞു.
വാണിജ്യ നികുതി വകുപ്പില്‍ ഉദ്യോഗം വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ധീരമായ തീരുമാനങ്ങള്‍ കീഴുദ്യോഗസ്ഥരെ നികുതി വെട്ടിപ്പിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രചോദിപ്പിച്ചിരുന്നു. ഇ- സുഗമ എന്ന പേരില്‍ അദ്ദേഹം കൊണ്ടുവന്ന പദ്ധതി നികുതി വെട്ടിപ്പ് കേസുകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു.
കര്‍ഷക കുടുബത്തിലാണ് രവി ജനിച്ചത്. കരിയപ്പയുടെയും ഗൗരമ്മയുടെയും മകനായി തുംകൂര്‍ ജില്ലയിലെ ദൊഗ്ഗക്കൊപ്പാലു ഗ്രാമത്തില്‍ ജനിച്ച രവി, ബിരുദമെടുത്തത് ബെംഗളൂരു കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നായിരുന്നു. എം എസ് സിയും കൃഷി വിജ്ഞാനത്തില്‍ തന്നെ. എക്‌സൈസ് വകുപ്പില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയി ജോലിയില്‍ പ്രവേശിച്ച രവി ജോലിയില്‍ ഇരുന്നാണ് ഐ എ എസിന് ശ്രമിച്ചത്.
ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയില്‍ കോലാര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ സര്‍ക്കാര്‍ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത നിലപാടുകളെടുത്തു. വാണിജ്യ നികുതി അഡീഷനല്‍ കമ്മീഷണര്‍ കുപ്പായമണിഞ്ഞ് അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ വന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെയും ബിസിനസ് പ്രമുഖരുടെയും കണ്ണിലെ കരടാക്കി. നിരവധി റെയ്ഡുകള്‍, അന്വേഷണങ്ങള്‍, കേസുകള്‍. ശത്രുക്കളുടെ നീണ്ട നിരയുണ്ടായിരുന്നു അദ്ദേഹത്തിന്.
അതുകെണ്ട് തന്നെയാണ് 35കാരനായ ഈ ഉദ്യോഗസ്ഥന്റെത് വെറും ആത്മഹത്യയാണെന്ന് തീര്‍പ്പിലെത്താന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്ക് സാധിക്കാത്തത്. ഇതേ കാരണത്താലാണ് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതും.