രാത്രികാലങ്ങളില്‍ സ്വകാര്യ ബസുകള്‍ ഓടുന്നില്ല; യാത്രക്കാര്‍ ദുരിതത്തില്‍

Posted on: March 12, 2015 11:00 am | Last updated: March 12, 2015 at 11:00 am
SHARE

കൊപ്പം: വളാഞ്ചേരി-പട്ടാമ്പി റൂട്ടില്‍ രാത്രി ഏഴിന് ശേഷം സ്വകാര്യ ബസുകള്‍ ഓടുന്നില്ലെന്ന് പരാതി.—വളാഞ്ചേരിയില്‍ നിന്നും കൊപ്പം വഴിയും പാലത്തറഗേറ്റ് കരുവാന്‍പടി വഴിയും പട്ടാമ്പിയിലേക്കുള്ള സ്വകാര്യ ബസുകളാണ് ഓട്ടം നിര്‍ത്തിയത്. പരുതൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ ഭാഗങ്ങളിലുള്ളവരാണ് ബസുകള്‍ ഓട്ടം നിര്‍ത്തിയതോടെ ദുരിതത്തിലായത്.
വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തൊളിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സ്വകാര്യ ബസുകള്‍ മുടങ്ങിയതോടെ രാത്രി വീട്ടിലെത്താന്‍ വാഹനം കിട്ടാതെ പ്രയാസത്തിലാണ്. പരുതൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ കര്‍ഷകരും ദുരുതത്തിലാണ്. ഇവിടെ നിന്നുള്ള പഴം, പച്ചക്കറി തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മറ്റും വളാഞ്ചേരി മാര്‍ക്കറ്റില്‍ വന്‍വില കിട്ടുമെന്നതിനാല്‍ ഇവര്‍ വിപണി തേടുന്നത് വളാഞ്ചേരിയിലാണ്. വളാഞ്ചേരി മത്സ്യ മാംസ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും ഇക്കരെയുള്ളവരാണ്. നിത്യോപയോഗ സാധനങ്ങള്‍ക്കും പ്രധാനമായും ഇവര്‍ ആശ്രയിക്കുന്നത് വളാഞ്ചേരി നഗരത്തെയാണ്. രാത്രികാല സര്‍വീസ് ലാഭകരമല്ലെന്നാണ് ബസുടമകളുടെ വിശദീകരണം.
വളാഞ്ചേരിയില്‍ നിന്നുള്ള സര്‍വീസ് മുടക്കിയതോടെ ഓട്ടോകളും ടാക്‌സികളുമായി നാട്ടുകാര്‍ക്ക് ആശ്രയം. സംഘം ചേര്‍ന്നും അല്ലാതെയും വാഹനം വിളിച്ച് ദിവസവും യാത്ര ചെയ്യുന്നത് പോക്കറ്റ് കാലിയാക്കുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. എടപ്പലം, കൂരാച്ചിപ്പടി, ചെമ്പ്ര, പൈലിപ്പുറം തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലേക്കും വൈകീട്ട് ആറിന് ശേഷം ബസുകളില്ല. കോഴിക്കോട്ട് നിന്ന് വളാഞ്ചേരി, കൊപ്പംവഴി പാലക്കാട്ടേക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അന്തര്‍ സംസ്ഥാന സര്‍വീസുകളായതിനാല്‍ വളാഞ്ചേരി വിട്ടാല്‍ കൊപ്പത്തും പട്ടാമ്പിയിലും മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഈ റൂട്ടില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.