Connect with us

National

തെലങ്കാന സഭയില്‍ ടി ഡി പി അംഗങ്ങള്‍ക്ക് കൂട്ട സസ്‌പെന്‍ഷന്‍

Published

|

Last Updated

ഹൈദരാബാദ്: ദേശീയഗാനത്തോട് അനാദരവ് കാണിച്ചതിന് തെലങ്കാന നിയമസഭയില്‍ നിന്ന് പ്രതിപക്ഷമായ ടി ഡി പിയിലെ മുഴുവന്‍ അംഗങ്ങളേയും ബജറ്റ് സമ്മേളന കാലയളവില്‍ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന്‍ സഭയെ അഭിസംബോധന ചെയ്യുമ്പോഴാണ് ടി ഡി പി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. ഇവരെ നിയമസഭയുടെ ശേഷിക്കുന്ന ബജറ്റ് സമ്മേളനകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം നിയമസഭാകാര്യ മന്ത്രി ടി ഹരീഷ് റാവു അവതരിപ്പിക്കുകയായിരുന്നു. സ്പീക്കര്‍ എസ് മധുസൂദന്‍ ആചാരി തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു.
ടി ഡി പി അംഗങ്ങള്‍ വഴങ്ങാതിരുന്നപ്പോള്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ച് അംഗങ്ങളെ പുറത്താക്കി. പ്രതിപക്ഷ നേതാവ് കെ ജന റെഡ്ഢി (കോണ്‍ഗ്രസ്), ബി ജെ പിയുടെ സഭാനേതാവ് കെ ലക്ഷ്മണ എന്നിവര്‍ ഈ തീരുമാനം പുനഃപരിശോധിക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചെങ്കിലും വഴങ്ങിയില്ല. ടി ഡി പി അംഗങ്ങള്‍ ബഹളം വെച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവും സസ്‌പെന്‍ഷനെ ന്യായീകരിച്ചു. നിശ്ചിത കാര്യപരിപാടി അനുസരിച്ച് സഭാനടപടികള്‍ നടത്തിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.