എന്‍ ശക്തന്‍ സ്പീക്കറാകും; തിരഞ്ഞെടുപ്പ് വ്യാഴാഴ്ച

Posted on: March 10, 2015 8:57 am | Last updated: March 10, 2015 at 11:17 am
SHARE

nsakthan-mla1തിരുവനന്തപുരം;ജി കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ ശക്തനെ നിയോഗിക്കാന്‍ യു ഡി എഫ് യോഗം തീരുമാനിച്ചു. വ്യാഴാഴ്ച നടക്കുന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ശക്തന്‍ യു ഡി എഫിന്റെ സ്ഥാനാര്‍ഥിയാകും. ശക്തന്‍ രാജിവെക്കുന്ന ഒഴിവിലേക്ക് ഡെപ്യൂട്ടി സ്പീക്കറെ പിന്നീട് തീരുമാനിക്കും. എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അനുമതിയോടെയാണ് ശക്തന്റെ പേര് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കും. എന്‍ ശക്തന്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് വരുന്നതോടെ നാടാര്‍ സമുദായത്തിനുള്ള അസംതൃപ്തി മറികടക്കാനും കഴിയുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍.
അതേസമയം, ഡെപ്യൂട്ടി സ്പീക്കറെ നിശ്ചയിച്ചിട്ടില്ല. പുതിയ സ്പീക്കറെ നിയമിക്കുമ്പോള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് യോഗത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി കെ എം മാണിയും ഇതിനെ പിന്തുണച്ചു. ഇപ്പോള്‍ അതേക്കുറിച്ച് ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ യോഗത്തില്‍ വ്യക്തമാക്കി. നിലവില്‍ ഡെപ്യൂട്ടി സ്പീക്കറുണ്ട്. അത് ഒഴിവുവരുമ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനാണെന്ന് യോഗത്തിന് ശേഷം കണ്‍വീനര്‍ പി പി തങ്കച്ചന്‍ പ്രതികരിച്ചത്.
കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പൂര്‍ണ ചുമതല ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനു കൈമാറിയിരുന്നു. ഇതു സംബന്ധിച്ചു ഗവര്‍ണറുടെ ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്.